Kerala

വ്യാജവാര്‍ത്ത: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സഭാവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കുമെതിരേ സീറോ മലബാര്‍ സഭാ സിനഡ് നിയമ നടപടിക്ക്

സഭയുടെ കൂട്ടായ്മയെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതും സഭയിലെ മെത്രാന്‍മാരെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതുമായ വാര്‍ത്തകളാണു വ്യാജമായി ചമയ്ക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ക്കു ചര്‍ച്ചകളുമായി യാതൊരു ബന്ധവുമില്ലെന്നും സിനഡ് വ്യക്തമാക്കി.

വ്യാജവാര്‍ത്ത: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സഭാവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കുമെതിരേ സീറോ മലബാര്‍ സഭാ സിനഡ് നിയമ നടപടിക്ക്
X

കൊച്ചി: സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്നുവരുന്ന സഭാ സിനഡിനെക്കുറിച്ച് അനുദിനമെന്നോണം അപമാനകരമായ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സഭാവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കുമെതിരേ നിയമനടപടിക്കായി സൈബര്‍ സെല്ലിനെ സമീപിക്കാന്‍ സഭാസിനഡ് തീരുമാനിച്ചു. സഭയുടെ കൂട്ടായ്മയെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതും സഭയിലെ മെത്രാന്‍മാരെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതുമായ വാര്‍ത്തകളാണു വ്യാജമായി ചമയ്ക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ക്കു ചര്‍ച്ചകളുമായി യാതൊരു ബന്ധവുമില്ലെന്നും സിനഡ് വ്യക്തമാക്കി. മെത്രാന്‍മാരുടെ സ്ഥലംമാറ്റത്തെക്കുറിച്ച് സിനഡില്‍ ആലോചന പോലും നടത്തിയിട്ടില്ല എന്നിരിക്കെ മൂന്നു മെത്രാന്‍മാരെ ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയതായാണു വ്യാജവാര്‍ത്ത പരത്തിയത്.

സ്വത്തുവിവരം പ്രഖ്യാപിക്കാന്‍ മെത്രാന്‍മാര്‍ വിസമ്മതിച്ചെന്ന മറ്റൊരു വ്യാജവാര്‍ത്തയിലൂടെ സഭയിലെ പിതാക്കന്‍മാരെ ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചെന്നു സിനഡ് വിലയിരുത്തി. സഭക്കും സഭാനേതൃത്വത്തിനും സഭാതലവനുമെതിരേ അപമാനകരമായ വാര്‍ത്തകള്‍ നിരന്തരം നല്‍കിയിരുന്ന സഭാവിരുദ്ധ ഗ്രൂപ്പുകളും അവയുടെ ജിഹ്വകളായി വര്‍ത്തിക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

അതിനാല്‍, കര്‍ശന നിയമനടപടികളിലേക്കു നീങ്ങാനും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചു മാതൃകാപരമായി ശിക്ഷിക്കാനുമുള്ള നടപടിക്രമങ്ങളാണ് ആരംഭിച്ചത്. നിയമനടപടികള്‍ക്കു നേതൃത്വം നല്‍കാന്‍ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനെയും മീഡിയ കമ്മീഷനെയും സിനഡ് ചുമതലപ്പെടുത്തി.





Next Story

RELATED STORIES

Share it