Kerala

ജയില്‍ മോചിതരായ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കു സ്വീകരണം നല്‍കി

ജയില്‍ മോചിതരായ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കു സ്വീകരണം നല്‍കി
X

തിരുവനന്തപുരം: കാലഘട്ടത്തിന്റെ അനിവാര്യതയായ സാഹോദര്യ രാഷ്ട്രീയത്തെ പോലിസിനെ ഉപയോഗിച്ച് തകര്‍ക്കാമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ജയില്‍വാസം അനുഷ്ഠിച്ച് പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍ നല്‍കിയ സ്വീകരണം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ജയില്‍ മോചിതരായ നബീല്‍ പാലോട്, അന്‍സാര്‍ പാച്ചിറ, റാഷിദ് കാളികാവ്, സുഹൈല്‍ മാടന്‍വിള, ഫൈസല്‍ എ, ലിയാക്കത്ത് അഹ്മദ്, അബ്ദുറഹ്മാന്‍ എന്‍, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അബ്ദുല്‍ ജലാല്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവര്‍ത്തകരെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. തുടര്‍ന്ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രകടനവും സംഘടിപ്പിച്ചു.

തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്നാരംഭിച്ച ഫ്രറ്റേണിറ്റിയുടെ സാഹോദര്യ രാഷ്ട്രീയ ജാഥക്കു നേരെ ലോ കോളജിനു മുന്നില്‍ പോലിസും എസ്എഫ്‌ഐയും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നു ജോസഫ് ജോണ്‍ പറഞ്ഞു.

ഫ്രറ്റേണിറ്റിയുടെ രാഷ്ട്രീയ നയനിലപാടുകള്‍ നിലവിലെ സംസ്ഥാന ഭരണകൂടത്തിന് അനിഷ്ടകരമാണെന്ന് അവര്‍ പലപ്രാവശ്യം വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഇതിന്റെ തുടര്‍ച്ചയാണ് പോലിസിനെ ഉപയോഗിച്ച് ഫ്രറ്റേണിറ്റി ജാഥക്കുനേരേ തിരുവനന്തപുരം ലോകോളജില്‍ നടത്തിയ നരനായാട്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞും അവരെ പിന്‍തുണച്ചുകൊണ്ട് പോലിസ് ലാത്തിവീശിയും ജാഥക്കുനേരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടും നിരവധി ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ തല്ലിച്ചതച്ചും 13പേരെ അറസ്റ്റ് ചെയ്തും പോലിസ് ഭരണകൂട താല്‍പര്യം നടപ്പാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആഭ്യന്തരവകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചശേഷം പോലിസ് നടത്തുന്ന അതിക്രമങ്ങളുടേയും കസ്റ്റഡി മരണങ്ങളുടേയും തുടര്‍ച്ചയാണ് ലോ കോളജില്‍ കണ്ടത്.

ഭരണകൂട താല്‍പര്യത്തിനായി പോലിസിനെ ഉപയോഗിക്കുന്നത് പൊതുസമൂഹത്തിനും ജനകീയ പ്രസ്ഥാനങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും വലിയതോതിലുള്ള ഭീഷണിയാണ് ഉണ്ടാക്കുന്നത്. ദുഷ്ടലാക്കോടെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ജനകീയ അടിത്തറ ഇനിയും ദുര്‍ബലമാക്കാനെ ഉപകരിക്കുകയുള്ളു എന്ന് ജോസഫ് ജോണ്‍ ഓര്‍മിപ്പിച്ചു.

പരിപാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍എം അന്‍സാരി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് ആദില്‍ അബ്ദുല്‍ റഹിം, സെക്രട്ടറി നൗഫ സംസാരിച്ചു.

Next Story

RELATED STORIES

Share it