Kerala

ഫാത്തിമാ ലത്തീഫിന്റെ ദുരൂഹമരണം: അന്വേഷണം ഊർജ്ജിതമെന്ന് സർക്കാർ

കേസിന്റെ അന്വേഷണം ചെന്നൈ സിറ്റി പോലിസ് കമ്മീഷണറുടെ കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടുണ്ട്. കമ്മീഷണറും അഡീഷണല്‍ പോലിസ് കമ്മീഷണറും മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും അഡീഷണല്‍ എസ്പി തലത്തിലുള്ള ഒരു വനിതാ ഉദ്യോഗസ്ഥയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നും ചെന്നൈ സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

ഫാത്തിമാ ലത്തീഫിന്റെ ദുരൂഹമരണം: അന്വേഷണം ഊർജ്ജിതമെന്ന് സർക്കാർ
X

തിരുവനന്തപുരം: ചെന്നൈ ഐഐടിയിലെ വിദ്യാർഥിനിയായ ഫാത്തിമാ ലത്തീഫ് കാംപസിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത കേസില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്ന് സർക്കാർ നിയസഭയിൽ. എം നൗഷാദിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ജി സുധാകരനാണ് നിയമസഭയിൽ മറുപടി നൽകിയത്. കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയും ചെന്നൈ ഐഐടിയിലെ ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സ് ഇന്റഗ്രേറ്റഡ് എംഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമ ലത്തീഫിനെ കഴിഞ്ഞ എട്ടിന് രാത്രിയാണ് ഐഐടി കാംപസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സത്യസന്ധമായ അന്വേഷണം നടത്തുന്നതിനായി ഇടപണമെന്നും ആവശ്യപ്പെട്ട് പിതാവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലിസ് മേധാവിയോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലിസ് മേധാവി തമിഴ്‌നാട് പോലിസ് മേധാവിക്ക് ഇന്നലെ കത്ത് നല്‍കിയിട്ടുണ്ട്.

മരണവുമായി ബന്ധപ്പെട്ട് നിലവില്‍ സിആര്‍പിസി 174 പ്രകാരം തമിഴ്‌നാട് കോട്ടൂര്‍പുരം പോലിസ് സ്റ്റേഷനില്‍ ക്രൈം നം. 394/2019 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് ഊര്‍ജ്ജിതമായി അന്വേഷണം നടത്തി വരുന്നു. സംസ്ഥാന പോലിസ് മേധാവി തമിഴ്‌നാട് ഡിജിപിയുമായും ചെന്നൈ സിറ്റി പോലിസ് കമ്മീഷണര്‍ വിശ്വനാഥന്‍ ഐപിഎസ്സുമായും ബന്ധപ്പെട്ടിരുന്നു. കേസിന്റെ അന്വേഷണം ചെന്നൈ സിറ്റി പോലിസ് കമ്മീഷണറുടെ കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും കമ്മീഷണറും അഡീഷണല്‍ പോലിസ് കമ്മീഷണറും മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും അഡീഷണല്‍ എസ്പി തലത്തിലുള്ള ഒരു വനിതാ ഉദ്യോഗസ്ഥയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നും ചെന്നൈ സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസര്‍ സിബിഐയില്‍ പ്രവര്‍ത്തനപരിചയമുള്ള ആളാണെന്നും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it