Kerala

സുരക്ഷാക്രമീകരണങ്ങളോടെ ബാര്‍ബര്‍ ഷോപ്പ് തുറക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള മുടങ്ങികിടന്ന സഹായം നല്‍കും. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ എന്നിവര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ ലഭ്യമാക്കാന്‍ കടകള്‍ തുറക്കുന്ന കാര്യവും പരിശോധിക്കും.

സുരക്ഷാക്രമീകരണങ്ങളോടെ ബാര്‍ബര്‍ ഷോപ്പ് തുറക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷാക്രമീകരണങ്ങളോടെ ബാര്‍ബര്‍ ഷോപ്പ് തുറക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള മുടങ്ങികിടന്ന സഹായം നല്‍കും. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ എന്നിവര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ ലഭ്യമാക്കാന്‍ കടകള്‍ തുറക്കുന്ന കാര്യവും പരിശോധിക്കും.

ലോക്ക്ഡൗണ്‍ കാലയളവില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകളില്‍നിന്ന് വീടുകളിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ സര്‍ക്കാര്‍-എയ്ഡഡ്-സര്‍ക്കാര്‍ നിയന്ത്രിത-സ്വാശ്രയ കോളേജുകള്‍, സര്‍ക്കാര്‍-എയ്ഡഡ് പോളിടെക്നിക്കുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലോക്ക്ഡൗണ്‍ കാലയളവില്‍ ഹോസ്റ്റല്‍ ഫീസ് ഒഴിവാക്കി.

തേനീച്ച കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ പോകാനും തേന്‍ ശേഖരിച്ച് വിപണിയിലെത്തിക്കാനും നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കി. വിദേശ രാജ്യങ്ങളില്‍ കഴിയന്ന പലര്‍ക്കും നമ്മുടെ രാജ്യത്തെ മരുന്ന് ആവശ്യമുള്ളവരുണ്ട്. നേരത്തേ അത് വിമാനം വഴി എത്തിച്ചിരുന്നു. ഇപ്പോള്‍ കാര്‍ഗോ വഴി എത്തിക്കും.ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിനായി ചാറ്റേര്‍ഡ് അക്കൗണ്ടന്‍റുമാരുടെയും ടാക്സ് പ്രാക്ടീഷണര്‍മാരുടെയും ഓഫീസ് ആഴ്ചയില്‍ ഒരു ദിവസം തുറക്കാന്‍ അനുവാദം നല്‍കും.

പ്രിന്‍റിങ് പ്രസുകള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഒരുദിവസം പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും. കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ സംബന്ധിച്ച് നിലവിലുള്ള തടസ്സം മാറ്റും. അത് നീട്ടിവെക്കാമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ആരോഗ്യമേഖല പരിശോധിക്കും. വയോജനങ്ങളെയും കിടപ്പുരോഗികളെയും ശുശ്രൂഷിക്കുന്ന ഹോം നഴ്സുമാര്‍ക്ക് ആവശ്യമായ സുരക്ഷാ പരിശോധനകള്‍ നടത്താന്‍ ശ്രദ്ധിക്കണം.

കേരളത്തിലേക്കു വരുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈസ്റ്റര്‍ കഴിഞ്ഞയുടനെ വിഷുവാണ്. ഇന്നും ഇന്നലെയുമായി പല സ്ഥലങ്ങളിലും വലിയ തിരക്ക് കണ്ടു. ഇത് എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ട് ആകരുത്. ആഘോഷങ്ങള്‍ ഈ ഘട്ടത്തില്‍ പരിമിതപ്പെടുത്തേണ്ടത് ആവശ്യമാണ്. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാവണം അത്.

നാളെ ചില കടകള്‍ തുറക്കുന്നുണ്ട്. അത് ആവശ്യവുമാണ്. എന്നാല്‍, കട തുറക്കുന്നു എന്നതുകൊണ്ട് എല്ലാവരും റോഡിലിറങ്ങി അതൊരു ആഘോഷമാക്കി മാറ്റാന്‍ പാടില്ല. അത്യാവശ്യം സാധനങ്ങള്‍ വേണ്ടവര്‍ മാത്രമാണ് കടകളിലേക്ക് പോകേണ്ടത്. പരിശോധന കര്‍ക്കശമാക്കാനാണ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പരിശോധനയുടെ ഭാഗമായി പിടിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. അത് എല്ലാവരും മനസ്സിലാക്കുന്നത് നല്ലതാണ്.

കൗണ്‍സിലിംഗ്, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ ചെയ്യുന്നവര്‍ക്ക് സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചു അത്തരം കാര്യങ്ങള്‍ ചെയ്യാവുന്നത് പരിശോധിക്കും. അത്തരം കാര്യങ്ങളില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാവുന്ന കാര്യങ്ങളും ആലോചിക്കാവുന്നതാണ്. ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളുടെ ശമ്പള കാര്യത്തില്‍ അഭ്യര്‍ത്ഥന നടത്തും.

Next Story

RELATED STORIES

Share it