Kerala

എല്ലാവര്‍ക്കും നന്ദി; അനുജിത്തിന്റെ തുടിക്കുന്ന ഹൃദയവുമായി സണ്ണി ആശുപത്രിയുടെ പടിയിറങ്ങി

ലിസി ആശുപത്രിയുടെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന്റെ മുന്നില്‍ നിന്ന് സണ്ണി മധുരമായി പാടിയപ്പോള്‍ ഉള്ളിലിരുന്ന് അനുജിത്തിന്റെ ഹൃദയം അത് ഏറ്റുപാടിയിട്ടുണ്ടാകും. ആ ഈരടികളിലെ പ്രാര്‍ഥനാശംസകള്‍ അനുജിത്തിന്റെ പ്രിയതമയുടെയും പ്രിയപ്പെട്ടവരുടെയും ഉള്ളിലെരിയുന്ന തീയണച്ചിട്ടുണ്ടാകും

എല്ലാവര്‍ക്കും നന്ദി; അനുജിത്തിന്റെ തുടിക്കുന്ന ഹൃദയവുമായി സണ്ണി ആശുപത്രിയുടെ പടിയിറങ്ങി
X

കൊച്ചി: ലിസി ആശുപത്രിയുടെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന്റെ മുന്നില്‍ നിന്ന് സണ്ണി മധുരമായി പാടിയപ്പോള്‍ ഉള്ളിലിരുന്ന് അനുജിത്തിന്റെ ഹൃദയം അത് ഏറ്റുപാടിയിട്ടുണ്ടാകും. ആ ഈരടികളിലെ പ്രാര്‍ഥനാശംസകള്‍ അനുജിത്തിന്റെ പ്രിയതമയുടെയും പ്രിയപ്പെട്ടവരുടെയും ഉള്ളിലെരിയുന്ന തീയണച്ചിട്ടുണ്ടാകും. ഹൃദയവും കൈകളും അടക്കം സാധ്യമായ എട്ട് അവയവങ്ങള്‍ ദാനം ചെയ്ത അനുജിത്ത് ഇനിമേല്‍ ഒരുപിടി ചാരത്തില്‍ മറഞ്ഞ ഓര്‍മ്മയല്ല. മൃതിയുടെ കവാടം കടന്ന് അമരത്വം നേടിയ സ്മൃതിസുഗന്ധമാണ്. അനുജിത്തിന്റെ ഹൃദയം വച്ചുപിടിപ്പിച്ച സണ്ണി വെറും പത്തു ദിവസം കഴിഞ്ഞപ്പോള്‍ ലിസി ആശുപത്രി വിട്ടു. അനുജിത്തിന്റെ ഹൃദയത്തോട് നന്ദി പറയാന്‍ ഉചിതമായ വാക്കുകള്‍ ലഭിക്കാത്തതിനാലാകും, മലയാളത്തിന്റെ നിത്യഗന്ധര്‍വ്വന്‍ പാടി അനശ്വരമാക്കിയ ഒരു മനോഹര ഗാനത്തിന്റെ കൂട്ട് സണ്ണി തേടിയത്.

ജൂലൈ 14 ന് കൊട്ടാരക്കരയില്‍ വച്ച് വാഹനാപകടത്തിലാണ് അനുജിത്തിന് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അനുജിത്തിനെ എത്തിച്ചെങ്കിലും മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. തന്റെ പ്രാണനായവനെ തിരികെ കിട്ടില്ലെന്ന് മനസ്സിലാക്കിയ ഭാര്യ പ്രിന്‍സിയും സഹോദരി അഞ്ജലിയും അനുജിത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ട് വരികയായിരുന്നു. നാട്ടിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന അനുജിത്ത് അവയവദാനമുള്‍പ്പടെയുള്ള മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അതാണ് വലിയ വേദനക്കിടയിലും അവയവദാനത്തിന് സന്നദ്ധരാകാന്‍ ബന്ധുക്കളെ പ്രേരിപ്പിച്ചത്.ലിസി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തൃപ്പുണിത്തുറ സ്വദേശി സണ്ണി തോമസാണ് അനുജത്തിന്റെ ഹൃദയം സ്വീകരിച്ചത്. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്തിരിക്കുന്ന ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് നിന്നും ഹൃദയം എറണാകുളത്ത് എത്തിക്കുവാന്‍ വിട്ടുനല്‍കിയത്. പൂര്‍ണ്ണമായും സൗജന്യമായാണ് സേവനം ലഭ്യമായത്.

21 ന് രാവിലെ 5.30 ന് ഹൃദയം എടുക്കുവാനുള്ള മെഡിക്കല്‍ സംഘം ലിസി ആശുപത്രിയില്‍ നിന്നും പുറപ്പെട്ടു. ഉച്ചയ്ക്ക് 1.50 ന് ഹൃദയവുമായി തിരുവനന്തപുരത്ത് നിന്നു തിരിച്ച സംഘം 2.45 ന് ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തിലെ ഹെലിപ്പാഡില്‍ വന്നിറങ്ങി. തുടര്‍ന്ന് എറണാകുളം അസി. കമ്മീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ കോറിഡോര്‍ സൃഷ്ടിച്ച് റോഡ് മാര്‍ഗം ആംബുലന്‍സില്‍ നാലുമിനിറ്റില്‍ താഴെ സമയംകൊണ്ട് ലിസി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു. അനുജിത്തില്‍ നിന്നും വേര്‍പെടുത്തിയ ഹൃദയം മൂന്ന് മണിക്കൂര്‍ 11 മിനിറ്റ് കൊണ്ട് സണ്ണിയില്‍ മിടിച്ചു തുടങ്ങി. അടുത്ത ദിവസം തന്നെ വെന്റിലേറ്ററിന്റെ സഹായം ഒഴിവാക്കിയ സണ്ണിയെ നാലാം ദിവസം അതിതീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേക്ക് മാറ്റുകയായിരുന്നു.ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സണ്ണിയുമായി സംസാരിച്ച് ആശംസകള്‍ നേര്‍ന്നു. അനുജിത്തിന്റെ കുടുംബത്തിന് കേരളത്തിന്റെ ആദരവും മന്ത്രി അറിയിച്ചു. ഹൃദയം മാറ്റി വെച്ച് ഇത്രയും വേഗം ആശുപത്രി വിടാനാകുന്നത് വലിയ നേട്ടമാണെന്ന് പറഞ്ഞ മന്ത്രി ശസ്ത്രക്രിയയ്ക്കും ചികില്‍സയ്ക്കും നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെയും ലിസി ആശുപത്രി അധികൃതരെയും അഭിനന്ദിച്ചു.

കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചാണ് സണ്ണി ആശുപത്രിയില്‍ നിന്നും യാത്രയായത്. ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി എന്നിവരും ചടങ്ങിനെത്തിയിരുന്നു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു കടവില്‍, ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ. ജീവേഷ് തോമസ്, ഡോ. സൈമണ്‍ ഫിലിപ്പോസ്, ഡോ. പി. മുരുകന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്ജ് തുടങ്ങിയവരും, നഴ്‌സിംഗ് പാരാമെഡിക്കല്‍ ജീവനക്കാരും ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായിരുന്നു.

Next Story

RELATED STORIES

Share it