Kerala

വിലക്കയറ്റം: നേരിട്ടുള്ള സംഭരണത്തിന് സഹായമഭ്യര്‍ഥിച്ച് മഹരാഷ്ട്രക്കും തമിഴ്‌നാടിനും മുഖ്യമന്ത്രി കത്തയച്ചു

സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എന്നീ ഏജന്‍സികള്‍ വഴി കര്‍ഷകരില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിന് സൗകര്യം ഉണ്ടാക്കണമെന്ന് കേരള മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

വിലക്കയറ്റം: നേരിട്ടുള്ള സംഭരണത്തിന് സഹായമഭ്യര്‍ഥിച്ച് മഹരാഷ്ട്രക്കും തമിഴ്‌നാടിനും മുഖ്യമന്ത്രി കത്തയച്ചു
X

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സവാള, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ ഉത്പന്നങ്ങള്‍ മഹാരാഷ്ട്രയിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകരില്‍ നിന്നും കാര്‍ഷികോല്‍പ്പന്നം കൈകാര്യം ചെയ്യുന്ന സംഘടനകളില്‍ നിന്നും നേരിട്ട് സംഭരിക്കുന്നതിന് കേരളം ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങള്‍ കേരള ഏജന്‍സികള്‍ വഴി സംഭരിക്കുന്നതിന് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും കത്തയച്ചു.

സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എന്നീ ഏജന്‍സികള്‍ വഴി കര്‍ഷകരില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിന് സൗകര്യം ഉണ്ടാക്കണമെന്ന് കേരള മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സവാളയുടെയും മറ്റും വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിപണി നിയന്ത്രിക്കുന്നതിന് നേരിട്ടുള്ള സംഭരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കാനും നേരിട്ടുള്ള സംഭരണം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്തെ സവാള വില വര്‍ദ്ധന നിയന്ത്രിക്കുവാന്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗം ഇന്ന് ചേര്‍ന്നു. സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ ഫെഡ് എന്നീ ഏജന്‍സികള്‍ നാഫെഡില്‍ നിന്നും 1800 ടണ്‍ വലിയ ഉള്ളി വാങ്ങാന്‍ ആ യോഗം തീരുമാനിച്ചു.സപ്ലൈകോ 1000 ടണ്‍, കണ്‍സ്യൂമര്‍ ഫെഡ് 300 ടണ്‍, ഹോര്‍ട്ടികോര്‍പ്പ് 500 ടണ്‍, എന്ന പ്രകാരമാണ് നാഫെഡില്‍ നിന്നും സവാള വാങ്ങുക. വിപണിയില്‍ നവംബര്‍ ആദ്യവാരം മുതല്‍ ഇത് വിതരണം തുടങ്ങും.നവംബര്‍ 3 തിയ്യതിയോടെ ആരംഭിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ.

Next Story

RELATED STORIES

Share it