Kerala

തപാല്‍ ബാലറ്റിലെ ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് മുല്ലപ്പള്ളി

തപാല്‍ ബാലറ്റിലെ ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് മുല്ലപ്പള്ളി
X

തിരുവനന്തപുരം: തപാല്‍ ബാലറ്റിലെ ക്രമക്കേടുകളില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്തുനല്‍കി. 80 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, വികലാംഗര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയ തപാല്‍ ബാലറ്റ് വിതരണത്തിലും വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് തിരിച്ചുവാങ്ങി എആര്‍ഒയുടെ വശം എത്തിക്കുന്നതിലും ഗുരുതരമായ ക്രമക്കേട് നടക്കുന്നു. ബാലറ്റിനായി അപേക്ഷ നല്‍കിയ നിരവധി പേര്‍ക്ക് ബാലറ്റ് ലഭിച്ചിട്ടില്ല.

അപേക്ഷ സ്വീകരിച്ച ബിഎല്‍ഒമാര്‍ റവന്യു അധികാരികളാണ് വോട്ടുനിഷേധിച്ചതെന്ന വിശദീകരണമാണ് നല്‍കുന്നത്. ഇടത് അനുകൂല സംഘടനാ പ്രവത്തകര്‍ക്ക് മാത്രം ചുമതല നലകിയ റവന്യു ഇലക്ഷന്‍ വിഭാഗത്തിലാണ് തിരിമറികള്‍ നടന്നിരിക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ശാരീരിക അവശതകളാല്‍ പോളിങ് ബൂത്തിലെത്താന്‍ കഴിയാത്ത നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ വോട്ട് നിഷേധിച്ചിരിക്കുന്നത്. തപാല്‍ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് ശേഖരിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഒട്ടും സുതാര്യമല്ലാത്ത രീതിയിലാണ്. ഇതിനായി ചുമതല നല്‍കിയ ഉദ്യോഗസ്ഥസംഘം വീടുകള്‍ സന്ദര്‍ശിക്കുന്ന വിവരം യുഡിഎഫ് പ്രതിനിധികളെ അറിയിക്കാതെയും നിശ്ചിതസമയത്ത് വരാതെയും വലിയ അനിശ്ചിതത്വവും പക്ഷപാതവുമാണ് കാണിക്കുന്നത്.

ബാലറ്റുകളില്‍ എന്ത് കൃത്രിമവും നടത്താവുന്ന രീതിയില്‍ സഞ്ചികളിലും മറ്റുമാണ് ഇവ ശേഖരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ ഇത്തരത്തില്‍ ശേഖരിച്ച ബാലറ്റുകളില്‍ വ്യാപകമായി കൃത്രിമം നടന്നിരുന്നു. രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്ന തീരെ സുതാര്യമല്ലാത്ത രീതിയിലാണ് ഇത് കൈകാര്യം ചെയ്യുന്നത്. ജനാഭിപ്രായത്തെ അട്ടിമറിക്കുന്ന ഇത്തരം പ്രവത്തനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെട്ടു നിരോധിക്കണമെന്നും, ഇത്തരത്തില്‍ ശേഖരിക്കുന്ന മുഴുവന്‍ തപാല്‍ വോട്ടുകളും, തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ തപാല്‍ വോട്ടിനോടൊപ്പം ചേര്‍ക്കാതെ പ്രത്യേകം സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. അപേക്ഷ നല്‍കിയിട്ടും ബലറ്റ് നിഷേധിക്കപ്പെട്ടവര്‍ക്ക് അടിയന്തരമായി ബാലറ്റ് അനുവദിക്കാനും കമ്മീഷന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it