Kerala

പോലിസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുക: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

പോലിസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുക: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
X

കോഴിക്കോട്: കളക്ടര്‍മാര്‍ക്കുള്ള ഉള്ള ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്നു ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു.

പിണറായി സര്‍ക്കാരിന്റെ തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹമാണ്. മനുഷ്യാവകാശങ്ങളോട് യാതൊരു മമതയും പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് തങ്ങളുടേതെന്ന് ഈ തീരുമാനത്തിലൂടെ ഒരിക്കല്‍ കൂടി പിണറായി സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്. ദീര്‍ഘകാലമായി ഐപിഎസ് വൃത്തങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് മജിസ്റ്റീരിയല്‍ അധികാരം. ഈ അധികാരം കയ്യാളുന്നതിലൂടെ ഇന്ത്യന്‍ ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച് നാളിതുവരെ ജില്ലാ കളക്ടര്‍മാര്‍ നിര്‍വഹിച്ചിരുന്ന ചില സവിശേഷ അധികാരങ്ങള്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. പ്രത്യേകിച്ചും പൊതു ശല്യ നിവാരണം, നല്ല നടപ്പിനുള്ള ശിക്ഷ, പോലിസ് അതിക്രമങ്ങള്‍ക്കിരയായി മരണമടഞ്ഞവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തല്‍ തുടങ്ങിയ അധികാരങ്ങള്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.

ഇത്തരം അധികാരങ്ങള്‍ നീതിന്യായ (ജുഡീഷ്യല്‍) സ്വഭാവമുള്ളതാണ്. മേല്‍പ്പറഞ്ഞ സംഭവങ്ങളില്‍ പരാതിക്കാരന്‍ പോലിസ് ആവുന്നത് കൊണ്ടാണ് സ്വതന്ത്രമായ മറ്റൊരു ഏജന്‍സിയെന്ന നിലയില്‍ കളക്ടര്‍മാര്‍ക്ക് ഇത്തരം കേസുകളില്‍ തെളിവെടുപ്പ് നടത്തി ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം വ്യവസ്ഥ ചെയ്യപ്പെട്ടത്. സാധാരണ കോടതി വ്യവഹാരങ്ങളിലേക്ക് വന്നാല്‍ ഉത്തരവിറങ്ങുന്നതിന് കാലതാമസം നേരിടുമെന്നതിനാലും അടിയന്തിരമായ നടപടികള്‍ വേണ്ട സംഗതികള്‍ ആയതിനാലുമാണ് മേല്‍പ്പറഞ്ഞ പൊതു ശല്യ നിവാരണത്തിനും നല്ലനടപ്പിനും മറ്റും തീരുമാനമെടുക്കുന്നതിനായി കളക്ടര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ പദവി നല്‍കപ്പെട്ടത്. ദുര്‍ബലമെങ്കിലും പോലിസ് അതിക്രമങ്ങള്‍ക്കെതിരായ ഒരു സുരക്ഷാ സംവിധാനമാണിത്.

എന്നാല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് വഴി, ഒരു പരിധി വരെ സ്വതന്ത്രമായ, നീതിന്യായ അന്വേഷണം എന്ന സുരക്ഷാ സംവിധാനം അട്ടിമറിക്കപ്പെടുകയും സ്വന്തം കേസില്‍ വിധി പറയുന്ന ന്യായാധിപരായി പോലിസ് മാറുകയും ചെയ്യും. ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിന് അത്യന്തം അപകടരമായ സാഹചര്യമായിരിക്കും ഇതിലുടെ സൃഷ്ടിക്കപ്പെടുക.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ പോലിസ് മജിസ്റ്റീരിയല്‍ അധികാരം കയ്യാളുന്നുണ്ടെന്ന വാദം സര്‍ക്കാര്‍ തീരുമാനത്തിന് അനുകൂലമായി ചില തല്‍പര കക്ഷികള്‍ ഉന്നയിക്കുന്നുണ്ട്. അത് ഒരു പരിധി വരെ ശരിയാണ്. എന്നാല്‍ 2016ല്‍ ഡല്‍ഹി പോലിസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ അല്‍ഡാനിഷ് റെയ്ന്‍ എന്ന അഭിഭാഷകന്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് സുപ്രിം കോടതി ഈ വിഷയത്തില്‍ കേരളമുള്‍പ്പടെയുള്ള എല്ലാ സംസ്ഥാന സര്‍ക്കാറുകളോടും അഭിപ്രായം അരാഞ്ഞിരിക്കുകയാണ്. ഈ കേസിലെ 19ാമത്തെ എതിര്‍ കക്ഷിയാണ് കേരള സര്‍ക്കാര്‍. ഈ കേസിലെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനുള്ള ഔചിത്യം പോലും കാണിക്കാതെ തിടുക്കപ്പെട്ട് പോലിസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള നീക്കം ദുരുപദിഷ്ടവും നീതിന്യായ നടപടി ക്രമങ്ങളില്‍ അന്യായമായ ഇടപെടലുമാണ്.

കേരളത്തിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ നിരവധി കസ്റ്റഡി പീഡനങ്ങളിലും കസ്റ്റഡി കൊലപാതകങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിലും പങ്കാളികളാണെന്ന ആരോപണങ്ങള്‍ അടുത്ത കാലത്ത് വ്യാപകമാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളില്‍ നിന്ന് മാറി നില്‍ക്കാനാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ തയ്യാറാവേണ്ടത്.

ക്രമസമാധാന പരിപാലനത്തെ യുദ്ധസമാനമായ ഒരു സാഹചര്യത്തില്‍ കൈകാര്യം ചെയ്യുക എന്നത് ഒരു നിയോലിബറല്‍ അജണ്ടയാണ്. പോലിസ് കമ്മീഷണറേറ്റ് രൂപീകരണത്തിന് കൊച്ചി, തിരുവനന്തപുരം നഗരങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നത് ഒട്ടും യാദൃശ്ചികമല്ല. ധനമൂലധനത്തിന്റെ കേന്ദ്രീകരണം വളരെ ശക്തമായ നഗരങ്ങളാണിവ. അതിന്റെ ഫലമായി ചൂഷണത്തിനും പരിസ്ഥിതി നാശത്തിനും എതിരായി നിരവധി സമരങ്ങള്‍ ഇവിടങ്ങളില്‍ നടക്കുന്നുണ്ട്. അത്തരം ജനകീയ സമരങ്ങളെ യുദ്ധസമാനമായി നേരിടാനും അടിച്ചമര്‍ത്താനും പോലിസിന് നല്‍കുന്ന അമിതാധികാരങ്ങള്‍ കാരണമാവും. പോലിസിനെ അമിതാധികാരങ്ങള്‍ നല്‍കി ശക്തിപ്പെടുത്താനല്ല മറിച്ച് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെ ശക്തിപ്പെടുത്താനാണ് ജനാധിപത്യ സര്‍ക്കാറുകള്‍ ശ്രമിക്കേണ്ടത്. അതിനാല്‍

പോലിസിന് മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്മാറണമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it