Kerala

എല്‍ഡിഎഫ് പ്രവേശനം: പുതുശ്ശേരി പോയത് അപ്രതീക്ഷിത തിരിച്ചടിയായി; കൂടുതല്‍ പേര്‍ പാര്‍ട്ടിവിടുമെന്ന ആശങ്കയില്‍ ജോസ് പക്ഷം

തദ്ദേശതിരഞ്ഞെടുപ്പിലെ സീറ്റുകള്‍ അടക്കം സിപിഎമ്മുമായി അന്തിമചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും ജോസ് കെ മാണിയുടെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്ന ആളുമായ മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയത്.

എല്‍ഡിഎഫ് പ്രവേശനം: പുതുശ്ശേരി പോയത് അപ്രതീക്ഷിത തിരിച്ചടിയായി; കൂടുതല്‍ പേര്‍ പാര്‍ട്ടിവിടുമെന്ന ആശങ്കയില്‍ ജോസ് പക്ഷം
X

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനം പടിവാതില്‍ക്കല്‍ നില്‍ക്കവെ പാര്‍ട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തിന് പുതിയ തലവേദനയാവുന്നു. തദ്ദേശതിരഞ്ഞെടുപ്പിലെ സീറ്റുകള്‍ അടക്കം സിപിഎമ്മുമായി അന്തിമചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും ജോസ് കെ മാണിയുടെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്ന ആളുമായ മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയത്.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോവുന്നത് ആത്മഹത്യാപരമാണെന്ന് തുറന്നടിച്ചാണ് പുതുശ്ശേരി പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്. യുഡിഎഫ് വിടാനുള്ള തീരുമാനങ്ങളിലൊക്കെ ഒപ്പംനിന്ന പുതുശ്ശേരിയുടെ നിലപാട് ജോസ് പക്ഷത്തിന് അപ്രതീക്ഷിത തിരിച്ചടിയായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പ്രഫ. എന്‍ ജയരാജ് എംഎല്‍എയുടെ പ്രതികരണം ഇത് വ്യക്തമാക്കുന്നു. ജോസഫ് എം പുതുശ്ശേരി പാര്‍ട്ടി വിടുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും കഴിഞ്ഞദിവസംവരെ കേരള കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന പുതുശ്ശേരി, എതിരഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ ഒരു വേദിയിലും ഉന്നയിച്ചിരുന്നില്ലെന്നും ജയരാജ് പ്രതികരിച്ചു.

അത്യാസന്നനിലയിലായ സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ ഒരു ജനാധിപത്യപ്രസ്ഥാനത്തിനും കഴിയില്ലെന്നാണ് പുറത്തുവന്ന ജോസഫ് എം പുതുശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. തിരുവല്ല മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സന്‍ അടക്കം തന്നോടൊപ്പം പാര്‍ട്ടി വിട്ടെന്നും തിരുവല്ല നിയമസഭ മണ്ഡലത്തിലെ 12ല്‍ ഏഴ് നിയോജകമണ്ഡലം ഭാരവാഹികളും ഒപ്പമുണ്ടെന്നും പുതുശ്ശേരി അവകാശപ്പെട്ടിട്ടുണ്ട്. കെ എം മാണിയെ വേട്ടയാടിയ ഇടതുപക്ഷവുമായി ബന്ധം സ്ഥാപിക്കുന്നതിന് പാര്‍ട്ടിയിലെ ഒരുവിഭാഗം തുടക്കം മുതല്‍ എതിര്‍പ്പിലാണ്. തങ്ങളുടെ അഭിപ്രായം ഇവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.

ബാര്‍ കോഴക്കേസിന്റെ പേരില്‍ കെ എം മാണിയെ നിരന്തരമായി വേട്ടയാടുകയും രാഷ്ട്രീയജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുകയും ചെയ്ത ഇടതുമുന്നണിയിലേക്ക് കേരള കോണ്‍ഗ്രസ് പോവുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്. ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് സംരക്ഷണവലയം തീര്‍ത്ത യുഡിഎഫിനൊപ്പം കേരള കോണ്‍ഗ്രസ് തുടരണമെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്. ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി ബാന്ധവത്തിനെതിരേ കെ എം മാണിയുടെ നിഴലായി കൂടെയുണ്ടായിരുന്ന പേഴ്സനല്‍ സ്റ്റാഫായിരുന്ന സിബി മാത്യു പുത്തേട്ടിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു.

മാണിസാര്‍ ചോരനീരാക്കി കെട്ടിപ്പടുത്ത കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ എന്തിന്റെ പേര് പറഞ്ഞായാലും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ക്കു മുന്നില്‍ തന്നെ കേവലം സ്ഥാനമാനങ്ങള്‍ക്കുവേണ്ടി അടിയറവുവയ്ക്കാന്‍ തയ്യാറെടുക്കുന്നവരോട് എനിക്ക് സഹതാപം മാത്രമാണെന്ന് സിബി മാത്യു പറഞ്ഞത്. ജോസ് പക്ഷത്തെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ സിബിക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു. കൂടുതല്‍പേര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോവുമെന്നും സിബി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പുതുശ്ശേരിയുടെ വഴിയെ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമോയെന്ന ആശങ്കയിലാണ് ജോസ് പക്ഷ നേതാക്കള്‍.

അതുകൊണ്ടുതന്നെ ഒപ്പമുള്ളവരെ കൂടെനിര്‍ത്താനുള്ള ശ്രമത്തിലാണ് ജോസ് വിഭാഗം. പ്രാദേശികമായി യോഗങ്ങള്‍ വിളിച്ച് ഇക്കാര്യം നേതാക്കള്‍ വിശദീകരിക്കുന്നുമുണ്ട്. അതേസമയം, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണിപ്രവേശനത്തിന് തടയിടാനുള്ള കരുനീക്കങ്ങളുമായി യുഡിഎഫും സജീവമാണ്. യുഡിഎഫില്‍ തുടരാന്‍ താല്‍പര്യമുള്ളവരെ എന്തുവിലകൊടുത്തും ഒപ്പംനിര്‍ത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്- ജോസഫ് പക്ഷവും.

മുന്നണിയിലെ മറ്റ് ഘടകകക്ഷികളുടെ പിന്തുണയും ഈ നീക്കത്തിനുണ്ട്. ജോസഫ് എം പുതുശ്ശേരിയുടെ പിന്‍മാറ്റം ഇതിന്റെ സൂചനയായി യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു. മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ പുതുശ്ശേരിയെതന്നെ ആദ്യം കളത്തിലിറക്കിയത് യുഡിഎഫിന് വലിയ നേട്ടമായിരിക്കുകയാണ്. പുതുശ്ശേരിയെ പുറത്തത്തിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളും പി ജെ ജോസഫും പലവിധ ചര്‍ച്ചകള്‍ നടത്തിയെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജോസഫ് ഗ്രൂപ്പിനൊപ്പം പുതുശ്ശേരി പ്രവര്‍ത്തിക്കുമെന്നാണ് സൂചനകള്‍. പുതുശ്ശേരിക്കൊപ്പം നിരവധി പ്രാദേശിക നേതാക്കളും യുഡിഎഫില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ രംഗത്തുവരുമെന്നും യുഡിഎഫ് നേതൃത്വം പറയുന്നു. നേതാക്കള്‍ മുന്നണി വിടുന്നതോടെ തദ്ദേശസ്ഥാപനങ്ങളിലടക്കം ഭരണമാറ്റമുണ്ടായേക്കാമെന്നതിനാല്‍ സ്ഥാനമാനങ്ങള്‍ ഉറപ്പിച്ച് നിലവിലെ ഭാരവാഹികളെ ഒപ്പം നിര്‍ത്തണമെന്ന കര്‍ശന നിര്‍ദേശമാണ് ജില്ലതല നേതൃത്വത്തിന് നല്‍കിയിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് ഇതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കോട്ടയത്ത് കോണ്‍ഗ്രസ് ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ജോസ് വിഭാഗത്തിന് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ നിര്‍ദേശം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് തുടങ്ങിയവരെല്ലാം അണിയറനീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.

ജോസ് വിഭാഗം വിട്ട് യുഡിഎഫില്‍ നില്‍ക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മുന്നണിനേതൃത്വം ഉറപ്പുനല്‍കുന്നു. എന്നാല്‍, വരുന്നവര്‍ പുതിയ കേരള കോണ്‍ഗ്രസാവാതെ ജോസഫ് ഗ്രൂപ്പിനൊപ്പം ചേരട്ടേയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതേസമയം, ഇടതുമുന്നണിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോവുകയാണ് ജോസ് കെ മാണി ഗ്രൂപ്പ്. ഇടതുമുന്നണി നേതൃത്വവുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്ന ജോസ് പക്ഷം തദ്ദേശതിരഞ്ഞെടുപ്പില്‍ എത്രസീറ്റുകള്‍ മല്‍സരിക്കാന്‍ വേണമെന്ന പട്ടിക സിപിഎം നേതൃത്വത്തിന് ജില്ലാടിസ്ഥാനത്തില്‍ നല്‍കിയിട്ടുണ്ട്. ജോസഫ് പക്ഷത്തെ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം സ്പീക്കര്‍ക്ക് കത്ത് നല്‍കിയതും ഇടതുമുന്നണി നിര്‍ദേശപ്രകാരമാണ്.

Next Story

RELATED STORIES

Share it