Kerala

ജസ്റ്റിസ് ചിദംബരേഷിനെ ഇംപീച്ച് ചെയ്യണം: പുന്നല ശ്രീകുമാര്‍

സമൂഹത്തിലുണ്ടായിരുന്ന ശ്രേണികൃത വ്യവസ്ഥിതി പുനസ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്ന ജാതി കുലമഹിമ ചിന്തകളാണ് കൊച്ചിയില്‍ നടന്ന ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനത്തില്‍ അദ്ദേഹം പങ്കുവച്ചത്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായ നീതിനിര്‍വഹണം എന്ന സങ്കല്‍പത്തെയാണ് ഇതിലൂടെ ഇല്ലാതാക്കിയത്.

ജസ്റ്റിസ് ചിദംബരേഷിനെ ഇംപീച്ച് ചെയ്യണം: പുന്നല ശ്രീകുമാര്‍
X

ആലപ്പുഴ: പിന്നാക്കവിഭാഗങ്ങളുടെ സംവരണമെന്ന സംരക്ഷണവ്യവസ്ഥയോടുള്ള തന്റെ എതിര്‍പ്പ് വ്യക്തമാക്കുകയും അതിനെതിരേ പ്രവര്‍ത്തിക്കാന്‍ ഒരു സമൂഹത്തെ പ്രേരിപ്പിക്കുന്നതുമായ പരാമര്‍ശം നടത്തിയ കേരള ഹൈക്കോടതി ജഡ്ജി ചിദംബരേഷ് ഇംപീച്ച്‌മെന്റിന് അര്‍ഹനാണെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കെപിഎംഎസ് നേതൃത്വത്തിലുള്ള പട്ടികജാതി-വര്‍ഗ ഉദ്യോഗസ്ഥസംഘടനയുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ മൗലികതത്വങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണിത്.

സമൂഹത്തിലുണ്ടായിരുന്ന ശ്രേണികൃത വ്യവസ്ഥിതി പുനസ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്ന ജാതി കുലമഹിമ ചിന്തകളാണ് കൊച്ചിയില്‍ നടന്ന ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനത്തില്‍ അദ്ദേഹം പങ്കുവച്ചത്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായ നീതിനിര്‍വഹണം എന്ന സങ്കല്‍പത്തെയാണ് ഇതിലൂടെ ഇല്ലാതാക്കിയത്. ഹിന്ദുത്വശക്തികളുടെ തണലില്‍ ബ്രാഹ്മണ്യം തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ ജാതിമേധാവിത്വത്തിനെതിരേ ഐതിഹാസിക സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നവോത്ഥാന കേരളം ഇത്തരം നീക്കങ്ങള്‍ക്കെതിരേ ജാഗ്രതപുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് എം കെ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ വി ശ്രീധരന്‍, പി വി ബാബു, പി ജനാര്‍ദ്ദനന്‍, പി കെ രാജന്‍, ബൈജു കലാശാല, ആലംകോട് സുരേന്ദ്രന്‍, ടി ജി ഗോപി, വിനോമ ടീച്ചര്‍, അഡ്വ. എ സനീഷ് കുമാര്‍, സി കെ ഉത്തമന്‍, എ പി ലാല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it