Kerala

കെ റെയില്‍: റെയില്‍വെ ബോര്‍ഡ് ഉന്നയിച്ച ചോദ്യങ്ങള്‍ പ്രതിപക്ഷം നേരത്തെ പറഞ്ഞത്; ഉത്തരം പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ്

ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷവും ജനങ്ങളും മാധ്യമങ്ങളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ഉത്തരം പറയാതെ ഒളിച്ചോടുകയെന്ന തന്ത്രമാണ് മുഖ്യമന്ത്രിയുടേത്. ഇത് അനുവദിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

കെ റെയില്‍: റെയില്‍വെ ബോര്‍ഡ് ഉന്നയിച്ച ചോദ്യങ്ങള്‍ പ്രതിപക്ഷം നേരത്തെ പറഞ്ഞത്; ഉത്തരം പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ്
X

കൊച്ചി: ഡിസംബര്‍ ആറിന് നടന്ന ചര്‍ച്ചയില്‍ കെ റെയില്‍ അധികൃതരോട് റെയില്‍വേ ബോര്‍ഡ് പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ കേരളത്തിലെ പ്രതിപക്ഷം ഉന്നയിക്കുന്ന അതേ ചോദ്യങ്ങളാണെന്നും ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പദ്ധതി ചെലവ് 64000 കോടി എന്നത് യഥാര്‍ഥ്യ ബോധ്യമില്ലാത്ത കണക്കാണെന്നാണ് റെയില്‍വേ ബോര്‍ഡും പറഞ്ഞത്.

2018ല്‍ ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം കോടിയാകുമെന്നും 2021 ല്‍ ഒരു ലക്ഷത്തി അറുപതിനായിരം കോടിയാകുമെന്നുമാണ് നീതി ആയോഗ് പറഞ്ഞിരിക്കുന്നത്. അതായത് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ രണ്ടു ലക്ഷം കോടിക്ക് മുകളിലാകും. എന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍ ഇതു സംബന്ധിച്ച യാതൊരു കണക്കുമില്ല. സര്‍വെയോ സാധ്യതാ പഠനമോ എസ്റ്റിമേറ്റോ ഇല്ലാതെയാണ് 64000 കോടി രൂപയ്ക്ക് പദ്ധതി പൂര്‍ത്തിയാക്കമെന്നു സര്‍ക്കാര്‍ പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന 292 കിലോ മീറ്റര്‍ ദൂരം പ്രളയ നിരപ്പിനേക്കാള്‍ ഒരു മീറ്റര്‍ മുതല്‍ ഒന്‍പത് മീറ്റര്‍ വരെ ഉയരത്തില്‍ 30 മുതല്‍ 50 അടി ഉയരത്തിലാണ് എംബാങ്ക്‌മെന്റ് സ്ഥാപിക്കുന്നത്. ബാക്കി സ്ഥലത്ത് ഇരുവശവും മതില്‍ കെട്ടിയുയര്‍ത്തും. ഇത് പാരിസ്ഥിതികമായ പ്രതിസന്ധിയുണ്ടാക്കും. ഇതിനായി എത്ര ടണ്‍ കല്ലും മണലും വേണമെന്നത് സംബന്ധിച്ച കണക്ക് പോലും സര്‍ക്കാരിന്റെ പക്കലില്ല. സില്‍വര്‍ ലൈന്‍ നിര്‍മ്മാണത്തിന് ആവശ്യമായി പ്രകൃതി വിഭവങ്ങള്‍ മുഴുവന്‍ മധ്യകേരളത്തില്‍ നിന്നും ലഭ്യമാകുമെന്നാണ് പറയുന്നത്. ഇത് ഒരു തരത്തിലുള്ള ശാസ്ത്രീയ പഠനത്തിന്റെയും അടിസ്ഥാനത്തിലുള്ള കണക്കല്ല. ഡാറ്റാ തിരിമറി നടത്തി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

കൊവിഡ് മറവില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നടന്ന 1600 കോടി രൂപയുടെ കൊള്ളയെ കുറിച്ചോ കെ റെയിലിനെ കുറിച്ചോ മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ല. ഇപ്പോള്‍ ഒന്നിനെ കുറിച്ചും സംസാരിക്കില്ല. നിയമസഭയിലോ രാഷ്ട്രീയ പാര്‍ട്ടികളോടോ മാധ്യമങ്ങളോടോ സംസാരിക്കില്ല. സമ്പന്നന്‍മാരോടും പൗരപ്രമുഖരോടും മാത്രമാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മൗനം അവസാനിപ്പിച്ച പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി തയാറാകണം. ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷവും ജനങ്ങളും മാധ്യമങ്ങളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ഉത്തരം പറയാതെ ഒളിച്ചോടുകയെന്ന തന്ത്രമാണ് മുഖ്യമന്ത്രിയുടേത്. ഇത് അനുവദിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it