Kerala

കെ വി തോമസ് കോണ്‍ഗ്രസില്‍ നിന്നും അകലുന്നു;23 ന് പറയാമെന്ന് തോമസ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതുമുതല്‍ കെ വി തോമസ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. കോണ്‍ഗ്രസില്‍ അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ലെന്നാണ് പരാതി.കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന നിലപാടിലാണ് എല്‍ഡിഎഫ് നേതൃത്വം.നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കുന്നതടക്കം എല്‍ഡിഎഫ് പരിഗണിക്കുമെന്നാണ് വിവരം.

കെ വി തോമസ് കോണ്‍ഗ്രസില്‍ നിന്നും അകലുന്നു;23 ന് പറയാമെന്ന് തോമസ്
X

കൊച്ചി: മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ പ്രഫ കെ വി തോമസ് കോണ്‍ഗ്രസില്‍ നിന്നും അകലുന്നു.ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഈ മാസം 23 ന്് മറുപടി പറയാമെന്നാണ് കെ വി തോമസിന്റെ നിലപാട്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചതു മുതല്‍ കെ വി തോമസ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ്.ഹൈക്കമാന്റുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന തോമസിന് അന്ന് സീറ്റ് നിഷേധിക്കപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് കെ വി തോമസിന് അന്ന് സീറ്റ് നിഷേധിക്കപ്പെട്ടത്.തുടര്‍ന്ന് കെ വി തോമസിനെ ഹൈക്കമാന്റ് ഇടപെട്ടാണ് അനുനയിപ്പിച്ചത്.

ലോക് സഭാ സീറ്റിനു പകരം പാര്‍ടിയില്‍ അര്‍ഹമായ സ്ഥാനം നല്‍കാമെന്നായിരുന്നുവത്രെ വാഗ്ദാനം. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം അടക്കം പല പദവികളും തോമസിന് വാഗ്ദാനമുണ്ടെന്ന് പറയപ്പെട്ടിരുന്നുവെങ്കിലും എന്തു പദവിയാണ് തോമസിന് നല്‍കുകയെന്നത് സംബന്ധിച്ച് തീരുമാനമായിരുന്നില്ല.ഇതിനിടയില്‍ യുഡിഎഫ് കണ്‍വീനര്‍ ആയിരുന്ന ബെന്നി ബഹാനാന്‍ എംപി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചതോടെ കെ വി തോമസിന് ആ പദവി ലഭിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും എം എം ഹസനെയാണ് കണ്‍വീനര്‍ ആക്കിയത്.പാര്‍ടി പത്രത്തിന്റെ ചുമതലയാണ് കെ വി തോമസിന് നല്‍കിയത്.ഇതില്‍ കെ വി തോമസ് തൃപ്തനല്ലായിരുന്നുവെന്നാണ് വിവരം.കോണ്‍ഗ്രസില്‍ അര്‍ഗമായ പദവിയോ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റോ വേണമെന്ന ആവശ്യം തോമസ് മുന്നോട്ടുവെച്ചുവെങ്കിലും സംസ്ഥാനത്തെ പ്രത്യേകിച്ച് എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വം ഇതിന് എതിരാണെന്നാണ് വിവരം.ഹൈക്കമാന്റും തോമസിന്റെ ആവശ്യത്തോട് അനുകൂലമല്ലെന്നാണ് വിവരം.തോമസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന വിധത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസുമായുള്ള കെ വി തോമസിന്റെ അകല്‍ച്ച കൂടിയത്.

അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ കെ വി തോമസ് പാര്‍ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്.കെ വി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വഗതം ചെയ്യാനാണ് എല്‍ഡിഎഫിന്റെ നിലപാട്.അങ്ങനെ സംഭവിച്ചാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ വി തോമസ് ഇടതു സ്വതന്ത്രനായി എറണാകുളത്ത് മല്‍സരിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ കെ വി തോമസ് പാര്‍ടി വിടില്ലെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ്.ഇപ്പോള്‍ ലഭിക്കുന്ന പരിഗണന എല്‍ഡിഎഫില്‍ എത്തിക്കഴിഞ്ഞാല്‍ കെ വി തോമസിന് ലഭിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.അതേ സമയം കെ വി തോമസിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്.കെ വി തോമസിന്റെ കാര്യത്തില്‍ തീരുമാനം പാര്‍ടി സംസ്ഥാന നേതൃത്വമാണ് സ്വീകരിക്കേണ്ടതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മതനിരപേക്ഷ രാഷ്ട്രീയത്തിനാണ് എല്‍ഡിഎഫ് ഉന്നല്‍ നല്‍കുന്നതെന്നും കെ വി തോമസ് കോണ്‍ഗ്രസ് വിട്ടു വന്നാല്‍ അതിനെ സ്വാഗതം ചെയ്യുമെന്നും സി എന്‍ മോഹനന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it