Kerala

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: ജാമ്യത്തിനായി യുവതിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍; കേസ് ഡയറി ഹാജരാക്കണമെന്ന് പോലിസിനോട് ഐജി

വിശദമായ വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് കേസ് ഡയറി വിളിപ്പിച്ചത്. പോലിസ് നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: ജാമ്യത്തിനായി യുവതിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍; കേസ് ഡയറി ഹാജരാക്കണമെന്ന് പോലിസിനോട് ഐജി
X

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ആരോപണവിധേയയാ യുവതിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കും. ജാമ്യാപേക്ഷ ജില്ലാ പോക്‌സോ കോടതി തള്ളിയ സാഹചര്യത്തിലാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. പോലിസിനെതിരായ ആക്ഷേപങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി കേസ് ഡയറി ഹാജരാക്കണമെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി പോലിസിനോട് ആവശ്യപ്പെട്ടു. കേസ് ഡയറിയും അനുബന്ധ രേഖകളും പരിശോധിച്ച ശേഷം പ്രാഥമിക റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.

അന്വേഷണത്തിന്റെ ഭാഗമായി കടയ്ക്കാവൂര്‍ എസ്‌ഐയെ ഇന്നലെ ഐജി വിളിച്ചുവരുത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിശദമായ വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് കേസ് ഡയറി വിളിപ്പിച്ചത്. പോലിസ് നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. കുടുംബവഴക്ക് നിലനില്‍ക്കുന്ന കേസാണെന്ന് അറിഞ്ഞിട്ടും നടപടികളില്‍ പോലിസ് തിടുക്കം കാട്ടിയോ, കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അറിയുന്നതിനാണ് ഫയലുകള്‍ വിളിപ്പിച്ചത്. പോലിസ് കേസ് ഡയറി ഇന്ന് കൈമാറും. ഭര്‍ത്താവിന്റെ സ്വാധീനത്തിന് വഴങ്ങി പോലിസ് കള്ളക്കേസ് ചമച്ചുവെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.

കുടുംബത്തില്‍നിന്നും ഐജി വിവരങ്ങള്‍ തേടും. അതേസമയം, പോലിസിനെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശിശുക്ഷേമ സമിതി. വിവരം നല്‍കിയയാളുടെ സ്ഥാനത്ത് തന്റെ പേര് ഉള്‍പ്പെടുത്തിയത് തിരുത്തി പോലിസ് എഫ്‌ഐആര്‍ നല്‍കണമെന്നാണ് ആവശ്യം. ഡിജിപിക്കും ആഭ്യന്തരസെക്രട്ടറിക്കും ഇന്ന് ശിശുക്ഷേമസമിതി ജില്ലാ അധ്യക്ഷ പരാതി നല്‍കും. ഇക്കഴിഞ്ഞ ഡിസംബര്‍ 18നാണ് കടയ്ക്കാവൂരില്‍ പതിനാലുകാരനെ അമ്മ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് വക്കം സ്വദേശിയായ യുവതിയെ പോലിസ് അറസ്റ്റുചെയ്തത്.

Next Story

RELATED STORIES

Share it