Kerala

ചുരുളഴിയാതെ കരമനയിലെ ദുരൂഹമരണങ്ങൾ; പോലിസ് വിശദമായ അന്വേഷണത്തിലേക്ക്

മരണങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാധാരണ മരണമെന്ന നിഗമനമാണ് നിലവിലുള്ളത്. കരമന കുളത്തറ ഉമാ മന്ദിരത്തിൽ കൂടത്തിൽ കുടുംബാംഗങ്ങളായ ഏഴുപേരാണ് രണ്ടായിരത്തിനും 2017നും ഇടയിൽ മരിച്ചത്.

ചുരുളഴിയാതെ കരമനയിലെ ദുരൂഹമരണങ്ങൾ; പോലിസ് വിശദമായ അന്വേഷണത്തിലേക്ക്
X

തിരുവനന്തപുരം: കരമനയിലെ ദുരൂഹമരണങ്ങളും സ്വത്ത് കേസും ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷിക്കും. കേസിൽ വിശദമായ അന്വേഷണത്തിനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളെ ഉണ്ടാകും. എന്നാൽ മരണങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാധാരണ മരണമെന്ന നിഗമനമാണ് നിലവിലുള്ളത്.

കരമന കുളത്തറ ഉമാ മന്ദിരത്തിൽ കൂടത്തിൽ കുടുംബാംഗങ്ങളായ ഏഴുപേരാണ് രണ്ടായിരത്തിനും 2017നും ഇടയിൽ മരിച്ചത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്. അവസാനം നടന്ന ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയമാധവൻ എന്നിവരുടെ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നതോടെയാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. കൂടത്തായി മോഡലിൽ ഇവരെ കൊലപ്പെടുത്തി കാര്യസ്ഥൻ സ്വത്ത് തട്ടിയെടുത്തെന്നാണ് പരാതി.

ഏറ്റവും ഒടുവിൽ മരിച്ച ജയമാധവന്റെ മരണത്തിൽ സംശയങ്ങൾ ഉയർത്തുന്ന പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ഉണ്ടായിട്ടും പോലിസ് നടപടി എടുക്കാതിരുന്നത് ദുരൂഹത ഉയർത്തുന്നു. സംശയമുണർത്തുന്ന പല കാര്യങ്ങളും പോസ്റ്റുമോർട്ടം റിപോർട്ടിൽ ഉണ്ടായിട്ടും പോലിസ് എന്തുകൊണ്ട് അന്വേഷണത്തിന് ശ്രമിച്ചില്ലെന്ന് ജയമാധവന്റെ ബന്ധുക്കൾ ചോദിക്കുന്നു. ആന്തരികാവയവ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നാണ് ഇക്കാര്യത്തിൽ പോലിസിന്‍റെ വിശദീകരണം. അതേസമയം, പുതിയ അന്വേഷണ സംഘം ഈ ഫലം ലഭിക്കാനായി നാളെ ലാബിൽ കത്ത് നൽകും.

ഇതിനിടെ, കാര്യസ്ഥനായ രവീന്ദ്രൻ നായർക്കെതിരെ മരിച്ച ജയമാധവന്‍റെ അടുത്ത ബന്ധു ആനന്ദവല്ലി രംഗത്തെത്തി. കുടുംബത്തിലെ ആരുടെയും മരണവിവരം കാര്യസ്ഥൻ തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് കൂടം തറവാട്ടിലെ ബന്ധുവായ ആനന്ദവല്ലി ആരോപിച്ചു. ജയദേവന്‍റെയും ജയമാധവന്‍റെയും മരണങ്ങൾക്ക് പുറമേ, സഹോദരി ജയശ്രീയുടെ മരണത്തിലും സംശയം ഉണ്ടായിരുന്നതായി മറ്റൊരു ബന്ധുവായ ഹരികുമാർ നായർ പറഞ്ഞു. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘം നാളെ കേസിൽ അന്വേഷണം തുടങ്ങും. സ്വത്തുവകകളും തിട്ടപ്പെടുത്തുന്നതിനായി റവന്യൂ, രജിസ്ട്രേഷൻ വിഭാഗങ്ങൾക്ക് അന്വേഷണ സംഘം കത്തു നൽകും. ബസുക്കളെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചവരേയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

അതേസമയം, ആദ്യം പരാതി നൽകിയപ്പോൾ കേസന്വേഷിച്ച പോലിസുകാരൻ തന്നോട് കോഴ ചോദിച്ചെന്ന് ആരോപിച്ച് കൂടത്തിൽ വീട്ടിലെ കാര്യസ്ഥൻ രവീന്ദ്രൻ നായർ രംഗത്തെത്തി. ക്രൈംബ്രാഞ്ച് എസ്ഐ ആയിരുന്ന ശശിധരൻ പിള്ളയാണ് അഞ്ച് സെന്റ് സ്ഥലം കോഴ ചോദിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകിയിരുന്നതായി രവീന്ദ്രൻ പറയുന്നു.

അതേസമയം ദുരൂഹമരണങ്ങളില്‍ വീട്ടുജോലിക്കാരി ലീലയുടെയും കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെയും മൊഴി പോലിസ് രേഖപ്പെടുത്തി. ജയമാധവന്‍ നായര്‍, ജയപ്രകാശന്‍ എന്നിവര്‍ മരിക്കുന്നതിന്‍റെ തലേ ദിവസം കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ വീട്ടിലുണ്ടായിരുന്നുവെന്ന് ലീലയുടെ മൊഴി. രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചത് രവീന്ദ്രന്‍ നായരാണെന്നും മൊഴിയില്‍ പറയുന്നു. അതിനിടെ ജയമാധവന്‍ നായരുടെ വില്‍പത്രത്തിന്‍റെ രേഖകള്‍ പുറത്ത് വന്നു. ശാരീരികവും മാനസികവുമായ വെല്ലുവിളിയുള്ളതിനാല്‍ സ്വത്ത് രവീന്ദ്രന്‍ നായര്‍ക്ക് നല്‍കുന്നതായി വില്‍പത്രത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it