Kerala

കരമനയിലെ ദുരൂഹമരണങ്ങളും സ്വത്ത് തട്ടിപ്പും; 12 പേർ പ്രതിപ്പട്ടികയിൽ

മുൻ കലക്ടർ മോഹൻദാസടക്കം 12 പേരാണ് പ്രതികൾ. എഫ്ഐആറിൽ കാര്യസ്ഥൻ രവീന്ദ്രൻ നായർ ഒന്നാം പ്രതിയും മറ്റൊരു കാര്യസ്ഥൻ സഹദേവൻ രണ്ടാം പ്രതിയും മുൻ കലക്ടർ മോഹൻദാസ് പത്താം പ്രതിയുമാണ്. വേലക്കാരി ലീല പതിനൊന്നാം പ്രതിയാണ്. ഗുഢാലോചന, സ്വത്ത് തട്ടിയെടുക്കൽ, വധഭീഷണി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കരമനയിലെ ദുരൂഹമരണങ്ങളും സ്വത്ത് തട്ടിപ്പും; 12 പേർ പ്രതിപ്പട്ടികയിൽ
X

തിരുവനന്തപുരം: കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ സ്വത്ത് തട്ടിപ്പ് കേസിൽ പോലിസ് കേസെടുത്തു. മുൻ കലക്ടർ മോഹൻദാസടക്കം 12 പേരാണ് പ്രതികൾ. എഫ്ഐആറിൽ കാര്യസ്ഥൻ രവീന്ദ്രൻ നായർ ഒന്നാം പ്രതിയും മറ്റൊരു കാര്യസ്ഥൻ സഹദേവൻ രണ്ടാം പ്രതിയും മുൻ കലക്ടർ മോഹൻദാസ് പത്താം പ്രതിയുമാണ്. വേലക്കാരി ലീല പതിനൊന്നാം പ്രതിയാണ്. ഗുഢാലോചന, സ്വത്ത് തട്ടിയെടുക്കൽ, വധഭീഷണി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ദുരൂഹമരണങ്ങളെ കുറിച്ച് എഫ്ഐആറില്‍ പരാമര്‍ശമില്ല.

നിലവിൽ തിരുവനന്തപുരം ക്രൈം ഡിസിപി മുഹമ്മദ് ആരിഫിനാണ് കേസിന്റെ അന്വേഷണ ചുമതല. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത കണ്ടെത്തിയതിനെ തുടർന്ന് വിശദാന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇന്ന് കൂടത്തിൽ തറവാട്ടിലെ സ്വത്തുകള്‍ സംബന്ധിച്ച രേഖകള്‍ക്കായി രജിസ്ട്രാര്‍ക്കും റവന്യൂ വകുപ്പിനും നോട്ടീസ് നല്‍കും. ജയമാധവന്‍ നായരുടെ ആന്തരിക പരിശോധനകള്‍ക്കായി ഫോറന്‍സിക് സയന്‍സ് ലാബിന് കത്ത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ജയമാധവന്‍ നായരുടെ മരണകാരണം കണ്ടെത്താനായില്ലെന്നും ഇതിന് ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നുമായിരുന്നു പോസ്‍റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിലയിരുത്തൽ. അതേസമയം ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് കേസന്വേഷിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. ഇതുമായി ബന്ധപ്പെട്ട് ക്രൈം ഡിസിപി മുഹമ്മദ് ആരിഫ് ഇന്നലെ ശിപാർശ നൽകിയിരുന്നു. സംഭവത്തിൽ ദുരൂഹത വർധിച്ച സാഹചര്യത്തിൽ അന്വേഷണം സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് കൈമാറാനും ആലോചനകൾ നടക്കുന്നുണ്ട്.

ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് സ്വത്ത് തട്ടിയെടുത്തതിന് പോലിസ് കേസെടുത്തിട്ടുള്ളത്. മാനസിക ബുദ്ധിമുട്ടുള്ള ജയമാധവൻനായരെ കബളിപ്പിച്ച് 33 സെന്റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് കേസ്. വിൽപ്പത്രപ്രകാരം ഉമാമന്ദിരത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചത് രവീന്ദ്രൻ നായർക്കാണ്. ഒന്ന് മുതൽ പത്ത് വരെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

വിൽപ്പത്രത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന് ശുപാർശചെയ്ത ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരെ രവീന്ദ്രൻനായരും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഘത്തിലെ ക്രൈംബ്രാഞ്ച് എസ്ഐ ശശിധരൻപിള്ള കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ചോദ്യംചെയ്യാനായി വിളിപ്പിച്ചപ്പോൾ അഞ്ചുസെന്റ് സ്ഥലം ആവശ്യപ്പെട്ടതായും രവീന്ദ്രൻനായർ പരാതിപ്പെടുന്നു. ഇതു സംബന്ധിച്ച് പരാതി നൽകിയതിന്റെ പ്രതികാരമായിട്ടാണ് ക്രൈംബ്രാഞ്ച് തനിക്കെതിേര റിപ്പോർട്ട് നൽകിയതെന്ന് രവീന്ദ്രൻനായർ പറയുന്നു. ഈ പരാതിയും പ്രത്യേകാന്വേഷണസംഘം അന്വേഷിക്കും. അതേ സമയം ദുരൂഹ മരണം സംബന്ധിച്ച് എഫ്ഐആറിൽ പരാമർശമില്ല. ഒക്ടോബർ 17നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതിനിടെ ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹയുണ്ടെന്നാരോപിച്ച് പിതൃസഹോദരന്റെ മകൻ സുനിൽ രംഗത്തെത്തിയിട്ടുണ്ട്. മരണം സ്വാഭാവികമാണെന്ന് വിശ്വസിക്കുന്നില്ല. ജയമാധവന്റെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നവരുടെ സാന്നിധ്യം സംശയാസ്പദമാണെന്നും സുനിൽ പറഞ്ഞു.

Next Story

RELATED STORIES

Share it