- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിൽസ
കേരള സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ചിസ്, ചിസ് പ്ലസ്, എസ് ചിസ്, കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആര്‍എസ്ബിവൈ തുടങ്ങിയവയില്‍ റജിസ്റ്റര്‍ ചെയ്ത് 2019 മാര്‍ച്ച് 31 വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചു കൊണ്ടിരുന്ന എല്ലാ കുടുംബങ്ങളും, 2011 ലെ കേന്ദ്ര സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ആയുഷ്മാന്‍ പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവര്‍ക്കും പദ്ധതിയില്‍ അര്‍ഹതയുണ്ട്.
തിരുവനന്തപുരം: കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി പ്രകാരം ആശുപത്രികളില്‍ കിടത്തി ചികിൽസ തേടേണ്ട അവസരങ്ങളില്‍ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിൽസ ഒരു കുടുംബത്തിന് തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ലഭിക്കുമെന്ന് ചിയാക് ജില്ലാ പ്രോജക്ട് മാനേജര്‍ ടി എ അഖില്‍ കുമാര്‍ അറിയിച്ചു.
2008 മുതല്‍ ഉണ്ടായിരുന്ന ആര്‍എസ്ബിവൈ പദ്ധതിയാണ് ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ആയുഷ്മാന്‍ ഭാരത്/കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേരില്‍ അറിയപ്പെടുന്നത്. പത്തനംതിട്ട ജില്ലയില്‍ 1,54,553 കുടുംബങ്ങളാണ് അംഗങ്ങളായിട്ടുള്ളത്. ഇതില്‍ 1,28,122 കുടുംബങ്ങള്‍ക്ക് ഇതുവരെ കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ആഗസ്റ്റ് 30 വരെയാണ് ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കുവാന്‍ അവസരം ഉള്ളത്. കുടുംബത്തിലെ ഒരു അംഗം കാര്‍ഡ് പുതുക്കിയാല്‍ മതി. മറ്റ് അംഗങ്ങള്‍ക്കു ചികിത്സ ആവശ്യമെങ്കില്‍ കാര്‍ഡില്‍ അവരുടെ പേര് കൂട്ടിച്ചേര്‍ക്കാം. ആഗസ്റ്റ് 30 ന് മുമ്പ് കുടുംബത്തിലെ ഒരാളെങ്കിലും പുതുക്കിയ കാര്‍ഡുകളില്‍ മാത്രമേ ആഗസ്റ്റ് 30 നു ശേഷം അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
ആരൊക്കെ അര്‍ഹരാണ് ?
കേരള സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ചിസ്, ചിസ് പ്ലസ്, എസ് ചിസ്, കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആര്‍എസ്ബിവൈ തുടങ്ങിയവയില്‍ റജിസ്റ്റര്‍ ചെയ്ത് 2019 മാര്‍ച്ച് 31 വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചു കൊണ്ടിരുന്ന എല്ലാ കുടുംബങ്ങളും, 2011 ലെ കേന്ദ്ര സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ആയുഷ്മാന്‍ പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവര്‍ക്കും പദ്ധതിയില്‍ അര്‍ഹതയുണ്ട്. തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ ഇവയുടെ കാര്‍ഡ് വിതരണം നടന്നുവരുന്നു. മതിയായ രേഖകള്‍ (റേഷന്‍ കാര്‍ഡ്, ഇന്‍ഷ്വറന്‍സ് കാര്‍ഡ്/ പ്രധാനമന്ത്രിയുടെ കത്ത്, ആധാര്‍ കാര്‍ഡ്) സഹിതം എത്തി കാര്‍ഡ് പുതുക്കിയെടുക്കാം. ഇന്‍ഷ്വറന്‍സ് കാര്‍ഡ് ഉപയോഗിച്ച് ചികിത്സ നടത്തിയില്ലെങ്കിലും എല്ലാ വര്‍ഷവും പുതുക്കാന്‍ ശ്രദ്ധിക്കണം
ഇതു വരെ കാര്‍ഡില്ല, ചേരാന്‍ കഴിയുമോ ?
പുതിയതായി കുടുംബങ്ങള്‍ക്കു കാര്‍ഡ് വിതരണം ചെയ്യുന്നതിന് അപേക്ഷ ഇതുവരെ വിളിച്ചിട്ടില്ല. കുടുംബത്തിലെ ആര്‍ക്കെങ്കിലും കാര്‍ഡ് ഉണ്ടെങ്കില്‍ അതില്‍ ഉള്‍പ്പെടുത്താം.
എന്തൊക്കെ പരിരക്ഷകള്‍
പദ്ധതിയില്‍ ഉള്‍പ്പെടുന്ന ആശുപത്രികളില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി പ്രത്യേക കൗണ്ടറുകള്‍ ഉണ്ട്. ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഇന്‍ഷ്വറന്‍സ് കാര്‍ഡ് ഈ കൗണ്ടറില്‍ നല്‍കണം. റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് പോലെയുള്ള രേഖകളും കൈവശം വയ്ക്കുക. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവരുന്ന അവസരങ്ങളിലാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്. കിടത്തി ചികിത്സ സമയത്തെ ചികിത്സകള്‍, മരുന്നുകള്‍, പരിശോധനകള്‍ തുടങ്ങിയ ചെലവുകളെല്ലാം സൗജന്യമായി ലഭിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മൂന്നു ദിവസം മുന്‍പും വിടുതല്‍ ചെയ്തശേഷം അഞ്ചു ദിവസം വരെയും വേണ്ടിവരുന്ന പരിശോധനകള്‍, മരുന്നുകള്‍ എന്നിവയും സൗജന്യമായിരിക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം നടത്തുന്ന ടെസ്റ്റുകള്‍, ആവശ്യമായ മരുന്നുകള്‍, വേണ്ടി വരുന്ന ചികിത്സാ ഉപകരണങ്ങളുടെ ഫീസുകള്‍ എന്നിവയെല്ലാം ആനുകൂല്യത്തില്‍ ഉള്‍പ്പെടുന്നു. ഡയാലിസിസ്, റേഡിയേഷന്‍, കീമോതെറാപ്പി, കണ്ണു സംബന്ധമായ അസുഖങ്ങള്‍ തുടങ്ങി നിര്‍ബന്ധമായും ആശുപത്രിയില്‍ കിടക്കേണ്ടി വരാത്ത ചികിത്സകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനറല്‍ വാര്‍ഡ്, തീവ്ര പരിചരണ വാര്‍ഡ് എന്നിവിടങ്ങളില്‍ കിടത്തിയുള്ള ചികിത്സകള്‍ക്കു മാത്രമാണ് ആനുകൂല്യം.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കുടുംബത്തിലെ റേഷന്‍ കാര്‍ഡില്‍ പേരുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും അംഗത്വം എടുക്കാം. കുടുംബത്തിലെ ഒരു അംഗം കാര്‍ഡ് പുതുക്കിയാല്‍ മതി. മറ്റ് അംഗങ്ങള്‍ക്കു ചികിത്സ വേണമെങ്കില്‍ കാര്‍ഡില്‍ അവരുടെ പേര് കൂട്ടിച്ചേര്‍ക്കാം. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവരാണ് കൂട്ടിച്ചേര്‍ക്കാന്‍ വരുന്നതെങ്കില്‍ അവര്‍ റേഷന്‍ കാര്‍ഡില്‍ ഉള്ള അംഗവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഉദാ. ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്.
പദ്ധതിയില്‍ അംഗമാകുന്നതിനും പിന്നീട് കൂട്ടി ചേര്‍ക്കേണ്ട അവസരത്തിലും അവരവരുടെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, 2018-19 വര്‍ഷം സാധുവായ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയുടെ അസല്‍ ഹാജരാക്കണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന നിങ്ങള്‍ കാര്‍ഡ് പുതുക്കാന്‍ സമയത്ത് നല്‍കിയ മൊബൈല്‍ നമ്പര്‍ ആശുപത്രി കൗണ്ടറില്‍ നല്‍കിയാലും സൗജന്യ ചികിത്സ ലഭിക്കും. ഒരു കുടുംബത്തിന് അംഗത്വം എടുക്കുന്നതിനു 50 രൂപയാണ് നല്‍കേണ്ടത്. കുടുംബത്തിലെ ബാക്കി അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന അവസരത്തില്‍ പണം നല്‍കേണ്ടതില്ല.
കേന്ദ്രങ്ങളെ കുറിച്ച് അറിയുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടാം. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വിളിക്കുക. റോബിൻ- 7306026599, ടോള്‍ ഫ്രീ. 1800 200 2530, (രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ), 1800 121 2530 (രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ).