Kerala

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി എ സി എം അബ്ദുള്ള നിര്യാതനായി

തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.1973 മുതല്‍74 വരെയും 79 മുതല്‍ 87 വരെയുമായിരുന്നു കെസിഎ സെക്രട്ടറിയായി അബ്ദുള്ള പ്രവര്‍ത്തിച്ചത്

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍   സെക്രട്ടറി എ സി എം അബ്ദുള്ള നിര്യാതനായി
X

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) മുന്‍ സെക്രട്ടറി എ സി എം അബ്ദുള്ള(88) നിര്യാതനായി.തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.1973 മുതല്‍74 വരെയും 79 മുതല്‍ 87 വരെയുമായിരുന്നു കെസിഎ സെക്രട്ടറിയായി അബ്ദുള്ള പ്രവര്‍ത്തിച്ചത്.

പാട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദം സ്വന്തമാക്കിയതിനു ശേഷം തലശ്ശേരി സെന്റ് ജോസഫ് സ്‌കൂളില്‍ കായിക അധ്യാപകനായിട്ടായാരുന്നു അബ്ദുള്ളയുടെ തുടക്കം.1962 ല്‍ കേരള അത്‌ലറ്റിക് അസോസിയേഷന്റെ സെക്രട്ടറിയായി.1971 മുതല്‍ ചീഫ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ആയി പ്രവര്‍ത്തിച്ചു.അക്കാലയളവില്‍ തിരുവനന്തപുരത്ത് നടത്തിയ ദേശീയ സ്‌കൂള്‍ ഗെയിംസ് മല്‍സരങ്ങളുടെ സംഘാടന ചുമതല ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്ന എ സി എം അബ്ദുള്ളയ്ക്കായിരുന്നു

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലയളവില്‍ നിരവധി വികസന പദ്ധതികള്‍ക്കാണ് എസിഎം അബ്ദുള്ള തുടക്കം കുറിച്ചത്.തിരുവനന്തപുരം യൂനിവേഴ്സ്റ്റി സ്റ്റേഡിയത്തില്‍ ടര്‍ഫ് വിക്കറ്റ് നിര്‍മ്മാണത്തിന് തുടക്കമിട്ടതും അബ്ദുള്ളയായിരുന്നു.ഈ വിക്കറ്റിലായിരുന്നു1981 ഒക്ടോബര്‍ 23 മുതല്‍ 26 വരെ ദക്ഷിണ മേഖലയും ഉത്തര മേഖലയും തമ്മില്‍ ദുലീപ് ട്രോഫി ക്രിക്കറ്റ് മല്‍സരം നടന്നത്.വിദേശ ടീമായ എംസിസിയെ പങ്കെടുപ്പിച്ചുകൊണ്ട് 1982 ല്‍ പ്രദര്‍ശന മല്‍സരം സംഘടിപ്പിച്ചു.

1984 ല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി മൈതാനില്‍ കേരളത്തില്‍ ആദ്യമായി ഏകദിനം മല്‍സരം സംഘടിപ്പിച്ചതില്‍ ചുക്കാന്‍ പിടിച്ചതും അബ്ദുള്ളയായിരുന്നു.എന്നാല്‍ മഴ മൂലം മല്‍സരം ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും ഇന്ത്യന്‍ ക്രിക്ക്രറ്റ് ഭൂപടത്തില്‍ കേരളത്തിന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലൂടെ ഇടം പിടിക്കാന്‍ സാധിച്ചു.

എസ് നഫീസ ബീവിയാണ് മരിച്ച എ സി എം അബ്ദുള്ളയുടെ ഭാര്യ.മക്കള്‍:ഡോ : സാഹിര്‍ എന്‍ അബ്ദുള്ള,ഷിറാജ് എന്‍ അബ്ദുള്ള,ഡോ : ഷെറിന്‍ നസീര്‍ .മരുമക്കള്‍:സബീന സാഹിര്‍, യാസ്മിന്‍ ഷിറാജ് ഡോ : മുഹമ്മദ് നസീര്‍.എസിഎം അബ്ദുള്ളയുടെ നിര്യാണത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ കെ വര്‍ഗ്ഗീസും സെക്രട്ടറി അഡ്വ ശ്രീജിത് വി നായരും അനുശോചനം രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it