Kerala

കേരള ബാങ്ക്: ആദ്യ ഭരണസമിതി ചുമതലയേറ്റു; ഗോപി കോട്ടമുറിക്കല്‍ പ്രസിഡന്റ്, എം കെ കണ്ണന്‍ വൈസ് പ്രസിഡന്റ്

കേരളാ ബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകള്‍ കേരളം ബാങ്കിനുണ്ടെന്നും ഒരു ജില്ല മാത്രം അതില്‍നിന്നും മാറിനില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലതാമസമില്ലാതെ കേരള ബാങ്കിന്റെ ഭാഗമായി മാറാന്‍ മലപ്പുറം തയ്യാറാവണം.

കേരള ബാങ്ക്: ആദ്യ ഭരണസമിതി ചുമതലയേറ്റു; ഗോപി കോട്ടമുറിക്കല്‍ പ്രസിഡന്റ്, എം കെ കണ്ണന്‍ വൈസ് പ്രസിഡന്റ്
X

തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യഭരണസമിതി ചുമതലയേറ്റു. സിപിഎം സംസ്ഥാന സമിതി അംഗമായ ഗോപി കോട്ടമുറിക്കലിനെ കേരള ബാങ്ക് ഭരണസമിതിയുടെ പ്രസിഡന്റായും എം കെ കണ്ണനെ വൈസ് പ്രസിഡന്റായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളാ ബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകള്‍ കേരളം ബാങ്കിനുണ്ടെന്നും ഒരു ജില്ല മാത്രം അതില്‍നിന്നും മാറിനില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലതാമസമില്ലാതെ കേരള ബാങ്കിന്റെ ഭാഗമായി മാറാന്‍ മലപ്പുറം തയ്യാറാവണം. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പൊഫഷനല്‍ രീതിയില്‍ കേരളബാങ്ക് പ്രവര്‍ത്തിക്കും.

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്ക് പങ്കാളിയാവും. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബാങ്ക് വഴി സംവിധാനമൊരുക്കും. കേരള ബാങ്കിന്റെ അനുകൂല്യങ്ങള്‍ ഒരു ജില്ലയ്ക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ല. വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിന് നേതൃത്വം നല്‍കിയവര്‍ പുനരാലോചന നടത്തണം. കൊവിഡ് മാനദണ്ഡം പാലിച്ച് രാവിലെ ബാങ്ക് ആസ്ഥാനത്താണ് ചടങ്ങ് നടന്നത്. മന്ത്രിമാരായ ടി എം തോമസ്; ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു. 2019 നവംബര്‍ 26നാണ് സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. ഒരുവര്‍ഷത്തേക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിക്കായിരുന്നു ചുമതല.

വ്യാഴാഴ്ച ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെയാണ് കേരള ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന പ്രഥമതിരഞ്ഞെടുപ്പ് നടന്നത്. പ്രാഥമിക വായ്പാസഹകരണ സംഘങ്ങള്‍, അര്‍ബന്‍ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് തിരഞ്ഞെടുത്തത്. മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍നിന്ന് പ്രാഥമിക കാര്‍ഷിക സഹകരണബാങ്കുകളുടെ പ്രതിനിധിയായി ഓരോ അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്.

മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമായിട്ടില്ലാത്തതിനാല്‍ ഇവിടെ ജില്ലാ പ്രതിനിധി തിരഞ്ഞെടുപ്പുണ്ടായിരുന്നില്ല. അഡ്വ. എസ് ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എസ് നിര്‍മല ദേവി (പത്തനംതിട്ട), എം സത്യപാലന്‍ (ആലപ്പുഴ), കെ ജെ ഫിലിപ്പ് (കോട്ടയം), കെ വി ശശി ( ഇടുക്കി), അഡ്വ. പുഷ്പദാസ് (എറണാകുളം), എം കെ കണ്ണന്‍ (തൃശ്ശൂര്‍), എ പ്രഭാകരന്‍ (പാലക്കാട്), പി ഗഗാറിന്‍ (വയനാട്), ഇ രമേശ് ബാബു (കോഴിക്കോട്), കെ ജി വല്‍സല കുമാരി (കണ്ണൂര്‍), സാബു അബ്രഹാം (കാസര്‍കോട്) എന്നിവരെയാണ് പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുത്തത്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പുറമെ ആറുപേര്‍കൂടി ചേരുന്നതാണ് കേരള ബാങ്ക് ഭരണസമിതി. രണ്ട് സ്വതന്ത്ര പ്രൊഫഷനല്‍ ഡയറക്ടര്‍മാരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, നബാര്‍ഡ് കേരള റീജ്യനല്‍ ചീഫ് ജനറല്‍ മാനേജര്‍, കേരള സംസ്ഥാന സഹകരണ ബാങ്ക് സിഇഒ എന്നിവരും ബോര്‍ഡില്‍ അംഗങ്ങളായിരിക്കും.

Next Story

RELATED STORIES

Share it