Kerala

ജോസ് വിഭാഗത്തെ പുറത്താക്കിയതല്ല, പുറത്തുപോയത്; നല്ലകുട്ടിയായി വന്നാല്‍ മുന്നണിയില്‍ തിരിച്ചെടുക്കാം: പി ജെ ജോസഫ്

ജോസ് വിഭാഗത്തില്‍നിന്ന് ഇന്നും കുറേപ്പേര്‍ രാജിവയ്ക്കും. കോട്ടയത്തുനിന്നും പത്തനംതിട്ടയില്‍നിന്നും കൂടുതല്‍ നേതാക്കള്‍ പുറത്തുവരും.

ജോസ് വിഭാഗത്തെ പുറത്താക്കിയതല്ല, പുറത്തുപോയത്; നല്ലകുട്ടിയായി വന്നാല്‍ മുന്നണിയില്‍ തിരിച്ചെടുക്കാം: പി ജെ ജോസഫ്
X

ഇടുക്കി: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍നിന്നും അര്‍ഹതയില്ലാതെ സ്വയം പുറത്തുപോയതാണെന്നും ആരും പുറത്താക്കിയതല്ലെന്നും പി ജെ ജോസഫ്. യുഡിഎഫ് പുറത്താക്കിയെന്ന വാക്ക് ഉപയോഗിക്കേണ്ട കാര്യമില്ല. മുന്നണി ധാരണ പാലിക്കാത്ത ജോസ് കെ മാണി സ്വയം പുറത്തുപോയതാണ്. നല്ല കുട്ടിയായി തിരിച്ചുവരികയാണെങ്കില്‍ യുഡിഎഫില്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് പുറത്തുപോയത് വേറെ കുറെ ധാരണകള്‍ക്കാണ്. ഇടതുമുന്നണിയുമായി കൂട്ടുകെട്ടുണ്ടാവാം, എന്‍ഡിഎയുമായും കുട്ടുകെട്ടുണ്ടാവാം.

യുഡിഎഫ് നിര്‍ദേശിച്ച തീരുമാനം അംഗീകരിക്കണം. ധാരണയുണ്ടായിരുന്നുവെന്ന് പറയണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രാജിവയ്പ്പിക്കണം. ഇങ്ങനെയൊക്കെ ചെയ്ത് നല്ല കുട്ടിയായി തിരിച്ചുവന്നാല്‍ ജോസിനെ മുന്നണിയില്‍ തിരിച്ചെടുക്കാം. എന്നാല്‍, രാജിവയ്ക്കുകയുമില്ല, ചര്‍ച്ചക്കുമില്ലെന്ന ജോസിന്റെ പ്രസ്താവനയില്‍ എല്ലാം വ്യക്തമാണ്. യുഡിഎഫിന്റെ തീരുമാനം അംഗീകരിക്കാതെ ഒരുപാര്‍ട്ടിക്കും തുടരാന്‍ സാധിക്കില്ല. തുടരാന്‍ അര്‍ഹതയുമില്ല. എല്‍ഡിഎഫ് എത്ര സീറ്റ് നല്‍കിയാലും ജോസ് വിഭാഗം വിജയിക്കില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. ജോസഫ് പറഞ്ഞു. എന്‍ഡിഎയിലേക്കാണോ എല്‍ഡിഎഫിലേക്കാണോ ജോസ് പോവുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. ജോസിന്റെ തിരിയല്‍ അനന്തം അജ്ഞാതമാണ്.

അടിത്തറയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗമെന്ന കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിലെ പരാമര്‍ശത്തിനും ജോസഫ് മറുപടി നല്‍കി. അടിത്തറ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. ജോസ് വിഭാഗത്തില്‍നിന്ന് ഇന്നും കുറേപ്പേര്‍ രാജിവയ്ക്കും. കോട്ടയത്തുനിന്നും പത്തനംതിട്ടയില്‍നിന്നും കൂടുതല്‍ നേതാക്കള്‍ പുറത്തുവരും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസം ഉചിതമായ സമയത്ത് അവതരിപ്പിക്കും. അത് നീട്ടികൊണ്ടുപോവുന്നത് 'സ്ട്രാറ്റജി'യാണ്. അവരുടെ ഭാഗത്തുനിന്ന് ഇങ്ങോട്ടേക്ക് ഒഴുക്ക് തുടരുകയാണ്. ജനപ്രതിനിധികളടക്കം വന്നുകൊണ്ടിരിക്കുന്നു. വരുംദിവസങ്ങളില്‍ നമുക്ക് കാണമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it