Kerala

കോതമംഗലം പള്ളി ഏറ്റെടുക്കല്‍: വിധി നടപ്പാക്കാന്‍ മൂന്നു മാസം കൂടി അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും കോടതി വിധി നടപ്പാക്കുന്നതു സംബന്ധിച്ചു ധാരണയിലാവുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മൂന്നു മാസം കൊണ്ടു ഇരുവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തു പരിഹാരം കാണാനാവുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ സപ്തംബര്‍ 21 നു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത മിനിറ്റ്സിന്റെ പകര്‍പ്പും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി

കോതമംഗലം പള്ളി ഏറ്റെടുക്കല്‍: വിധി നടപ്പാക്കാന്‍ മൂന്നു മാസം കൂടി അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി:ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളിഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിധി നടപ്പാക്കാന്‍ മൂന്നു മാസം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും കോടതി വിധി നടപ്പാക്കുന്നതു സംബന്ധിച്ചു ധാരണയിലാവുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മൂന്നു മാസം കൊണ്ടു ഇരുവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തു പരിഹാരം കാണാനാവുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ സപ്തംബര്‍ 21 നു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത മിനിറ്റ്സിന്റെ പകര്‍പ്പും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.

ഇരുവിഭാഗങ്ങളുമായി പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തി കാര്യങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി മിനിറ്റ്സില്‍ പറയുന്നു. യാക്കോബായ സഭ പ്രത്യേക ഡിനോമിനേഷനായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നു മുഖ്യമന്ത്രിയുടേ യോഗത്തില്‍ അറിയിച്ചു. ഭൂരിപക്ഷത്തിനു പള്ളിയുടെ ആരാധനാവകാശം നല്‍കുകകയും ഭൂരിപക്ഷത്തിന്റെ സഹായത്തോടെ ന്യുനപക്ഷത്തിനു ആരാധനാ സൗകര്യം ഒരുക്കുവാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ഭൂരിപക്ഷം തയ്യാറകണമെന്നു യാക്കോബായ സഭയുടെ പ്രതിനിധി അഭിപ്രായപ്പെട്ടിട്ടുണ്ടെന്നു സത്യാവാങ്മൂലത്തോടൊപ്പം സമര്‍പ്പിച്ച മിനിറ്റ്സിന്റെ പകര്‍പ്പില്‍ പറയുന്നു.ഉത്തരവ് നടപ്പാക്കുന്നത് സമാധാന ശ്രമങ്ങളെ തകര്‍ക്കുന്നതാകും. ചര്‍ച്ചയില്‍ തീരുമാനമാകുംവരെ നിലവിലെ അവസ്ഥ തുടരുമെന്നും ആഭ്യന്തര സെക്രട്ടറി ടി കെ ജോസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

പള്ളി ഏറ്റെടുത്താല്‍ ഗുരുതര ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഹൈക്കോടതിയെ അറിയിച്ചു. കലക്ടറും ഇതു സംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം ഉണ്ടാകുമെന്ന ആശങ്ക മൂലമാണ് പള്ളി ഏറ്റെടുക്കുന്ന നടപടികള്‍ നിര്‍ത്തി വച്ചിരിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കോടതി ഉത്തരവ് നടപ്പാക്കേണ്ടെന്നു ചര്‍ച്ചകളില്‍ ധാരണ ഇല്ലെന്ന് ഓര്‍ത്തഡോക്സ് സഭ കോടതിയെ അറിയിച്ചു.വിധി നടപ്പാക്കാത്തതിനെതിരെ സംസഥാന സര്‍ക്കാരിനെതിരേ കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു കോടതി ഉത്തരവു പ്രകാരം കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാത്തതിനെ തുടര്‍ന്നു കേന്ദ്ര സേനയുടെ സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ചു വിശദീകരണം തേടിയിരുന്നു. ഇതിന് തയാറാണെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it