Kerala

അവശ്യസാധനങ്ങളുടെ അമിതവില തടയാന്‍ നടപടി; നാലുദിവസത്തേക്കുള്ള ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ചു

അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ ശരാശരി വിലയില്‍നിന്നും വളരെക്കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് ജാഗ്രത അത് എന്ന വെബ് ആപ്ലിക്കേഷന്‍ വഴിയോ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിച്ചോ പരാതികള്‍ അറിയിക്കാം.

അവശ്യസാധനങ്ങളുടെ അമിതവില തടയാന്‍ നടപടി; നാലുദിവസത്തേക്കുള്ള ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ചു
X

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കോഴിക്കോട് ജില്ലയില്‍ അവശ്യസാധനങ്ങളുടെ അമിത വിലവര്‍ധന തടയുന്നതിന് നാലുദിവസത്തേക്ക് ബാധകമായ ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ മൊത്ത/ചില്ലറ വ്യാപാരസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ ബില്ലുകള്‍ പരിശോധിച്ചതിനുശേഷമാണ് ശരാശരി വിലനിലവാരം തയ്യാറാക്കിയിരിക്കുന്നത്. ഇതിന് അടുത്ത നാലുദിവസത്തേക്ക് പ്രാബല്യമുണ്ടായിരിക്കും. അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ ശരാശരി വിലയില്‍നിന്നും വളരെക്കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് ജാഗ്രത അത് എന്ന വെബ് ആപ്ലിക്കേഷന്‍ വഴിയോ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിച്ചോ പരാതികള്‍ അറിയിക്കാം.

ഭക്ഷ്യപൊതുവിതരണ വകുപ്പ് പരിശോധനയ്ക്കായി സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവിടങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകളും സിറ്റി റേഷനിങ് ഓഫിസറുടെ പരിധിയില്‍ നോര്‍ത്ത്, സൗത്ത് എന്നിവിടങ്ങളില്‍ ഒരു സ്‌ക്വാഡുമാണ് രൂപീകരിച്ചിട്ടുള്ളത്. ഈ സ്‌ക്വാഡുകള്‍ക്ക് ലീഗല്‍ മെട്രോളജി വകുപ്പിന്റെ സഹായവും ലഭ്യമാണ്. അമിതവില ഈടാക്കുന്നത് തടയുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് അധികൃതര്‍ കോഴിക്കോട് ജില്ലയില്‍ വിവിധ കടകളില്‍ ഈ ദിവസങ്ങളില്‍ പരിശോധന നടത്തുകയുണ്ടായി. അഞ്ച് സ്‌ക്വാഡുകളായി 152 കടകള്‍ പരിശോധിച്ചു. പല കടകളിലും അമിതവില ഈടാക്കുന്നതായും പച്ചക്കറി ഒരേ ഇനത്തിനുതന്നെ പല കടകളിലും പലവില ഈടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരേ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്.

പച്ചക്കറി ചില്ലറവ്യാപാരികള്‍ പരിശോധന ഉദ്യോഗസ്ഥന്‍ മുമ്പാകെ പര്‍ച്ചേസ് ബില്‍ ഹാജരാക്കേണ്ടതും എല്ലാ കടകളിലും വിലനിലവാരം പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. അമിതവില ഈടാക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കട അടപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അമിതവില ഈടാക്കുന്നതും പൂഴ്ത്തിവെപ്പും ശ്രദ്ധയില്‍പെട്ടാല്‍ സിവില്‍ സപ്ലൈസ് അധികൃതരെ അറിയിക്കാം. പരാതി അറിയിക്കേണ്ട നമ്പര്‍: താലൂക്ക് സപ്ലൈ ഓഫിസര്‍ കോഴിക്കോട്- 9188527400, സിറ്റി റേഷനിങ് ഓഫിസര്‍ സൗത്ത്- 9188527401, സിറ്റി റേഷനിങ് ഓഫിസര്‍ നോര്‍ത്ത്- 9188527402, താലൂക്ക് സപ്ലൈ ഓഫിസര്‍ കൊയിലാണ്ടി- 9188527403, താലൂക്ക് സപ്ലൈ ഓഫിസര്‍ വടകര- 9188527404, താലൂക്ക് സപ്ലൈ ഓഫിസര്‍ താമരശ്ശേരി- 9188527399. അവശ്യസാധനങ്ങളുടെ കണ്‍ട്രോള്‍ റൂമും, ട്രാന്‍സ്പോര്‍ട്ട് കണ്‍ട്രോള്‍ റൂമും ജില്ലയിലേക്കുള്ള അവശ്യവസ്തുക്കളുടെ വരവിന് യാതൊരു തടസ്സവുമില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it