Kerala

ലോക്ക് ഡൗൺ: കേരളത്തിൻ്റെ സാമ്പത്തിക നഷ്ടം 80,000 കോടിയെന്ന് മുഖ്യമന്ത്രി

സാമ്പത്തിക വിദഗ്ധരുടെ ആദ്യഘട്ട വിലയിരുത്തൽ പ്രകാരമാണിത്. സ്ഥിതിഗതികൾ മെച്ചപ്പെടുന്നില്ലെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക നഷ്ടം ഇനിയും വർധിക്കും.

ലോക്ക് ഡൗൺ: കേരളത്തിൻ്റെ സാമ്പത്തിക നഷ്ടം 80,000 കോടിയെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൊറോണയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ കേരളത്തിനുണ്ടായ സാമ്പത്തിക നഷ്ടം 80,000 കോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തിക വിദഗ്ധരുടെ ആദ്യഘട്ട വിലയിരുത്തൽ പ്രകാരമാണിത്. സ്ഥിതിഗതികൾ മെച്ചപ്പെടുന്നില്ലെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക നഷ്ടം ഇനിയും വർധിക്കും.

87,30,000ത്തോളം വരുന്ന സ്വയം തൊഴിൽ കാഷ്യൂ തൊഴിലാളികളുടെ വേതനനഷ്ടം 14000 കോടി രൂപയാണ്. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളിൽ യഥാക്രമം 6000 കോടി, 14000 കോടി വീതം നഷ്ടമുണ്ടായി. മത്സ്യബന്ധനമേഖല, വിവരസാങ്കേതികമേഖല എന്നിവയും ഗണ്യമായ തൊഴിൽനഷ്ടത്തിനിരയായി. ചെറുകിട വ്യാപാര മേഖലയെ ലോക്ക് ഡൗൺ വളരെയധികം ബാധിച്ചു. ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണുള്ളത്. ചെറുകിടതൊഴിലാളികളിൽ ഭൂരിഭാഗവും സ്വയം തൊഴിൽ വിഭാഗത്തിലാണ്. ഇവർക്ക് വരുമാനം നിലച്ചു. ഇവരുടെ കാര്യം ഗൗരവമായി കൈകാര്യം ചെയ്യണം, അതിനായി ദേശീയ ദുരന്തനിവാരണ ഫണ്ടിനു കീഴിലുള്ള ഒരു പാക്കേജിലൂടെ ഇവരെ കേന്ദ്ര സർക്കാർ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ചെറുകിട വ്യാപാരികൾക്ക് 2.5 ലക്ഷം വായ്പ അനുവദിക്കണം. പലിശ ആശ്വാസനടപടിയായി കേന്ദ്രം വഹിക്കണം. നിലവിലെ ലോണുകൾക്ക് 50 ശതമാനത്തോളം പലിശയിളവ് നൽകണം. അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരുടെ നിലനിൽപ്പിന് ദേശീയതലത്തിൽ വരുമാന സഹായം പദ്ധതി നടപ്പിലാക്കണം തുടങ്ങിയ കാര്യങ്ങളും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it