Kerala

മുല്ലപ്പെരിയാറിലെ മരം കൊള്ള; ഉത്തരവിട്ട വനംവകുപ്പ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

മുല്ലപ്പെരിയാറിലെ മരം കൊള്ള; ഉത്തരവിട്ട വനംവകുപ്പ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
X

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം കൊള്ള വിവാദത്തില്‍ സസ്‌പെന്‍ഷനിലായ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെതിരായ നടപടി പിന്‍വലിച്ചു. റിവ്യൂ കമ്മറ്റിയുടെ ശുപാര്‍ശപ്രകാരം ചീഫ് സെക്രട്ടറിയാണ് ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. മുല്ലപ്പെരിയാര്‍ ബേബി ഡാമിനു സമീപത്തെ മരം മുറിച്ചുമാറ്റാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിവാദ ഉത്തരവ് പുറത്തിറക്കിയതിന്റെ പേരിലാണ് ബെന്നിച്ചന്‍ തോമസിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ബെന്നിച്ചന്‍ തോമസ് അഖിലേന്ത്യാ സര്‍വീസ് ചട്ടം ലംഘിച്ചെന്നും സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരേ പ്രവര്‍ത്തിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എന്നാല്‍, മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ തുടരേണ്ടതില്ലെന്നായിരുന്നു റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ. ഇതനുസരിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. മുല്ലപ്പെരിയാറില്‍ ഇനിയുള്ള തീരുമാനങ്ങള്‍ വനം മേധാവിയുമായി ആലോചിച്ച് മാത്രം കൈക്കൊള്ളണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. മരം കൊള്ളയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം അവസാനിക്കും മുമ്പേയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ബേബി ഡാമിന് സമീപമുള്ള 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു.

ഉത്തരവിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നായിരുന്നു വനം മന്ത്രിയുടെ വാദം. എന്നാല്‍, സര്‍ക്കാരിന്റെ അറിവോടെയാണ് മരം മുറി ഉത്തരവ് പുറപ്പെടുവിച്ചതെന്ന തെളിവുകള്‍ പിന്നീട് പുറത്തുവരികയും ചെയ്തു. പ്രതിപക്ഷം വിഷയം നിയമസഭയില്‍ വലിയ വിവാദമാക്കുകയും സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി റദ്ദാക്കുകയും ചെയ്തു. തുടര്‍ന്നാണ് കഴിഞ്ഞ മാസം 11ന് ബെന്നിച്ചന്‍ തോമസിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്. മരം മുറി ഉത്തരവ് റദ്ദാക്കിയ കേരള സര്‍ക്കാരിന്റെ നടപടിക്കെതിരേ തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it