Kerala

എല്ലാ ജില്ലകളിലും മഹിളാശക്തി കേന്ദ്രങ്ങള്‍: 1.26 കോടിയുടെ ഭരണാനുമതി

ഗ്രാമീണവനിതകള്‍ക്ക് തൊഴില്‍, നൈപുണ്യ പരിശീലനം, സാങ്കേതിക പരിജ്ഞാനം, പോഷകാഹാര ആരോഗ്യ പദ്ധതി എന്നീ സേവനങ്ങള്‍ ഒരേ ഉറവിടത്തില്‍നിന്നും ലഭ്യമാക്കി വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് മഹിളാശക്തി കേന്ദ്രം.

എല്ലാ ജില്ലകളിലും മഹിളാശക്തി കേന്ദ്രങ്ങള്‍: 1.26 കോടിയുടെ ഭരണാനുമതി
X

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മഹിളാശക്തി കേന്ദ്ര പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളില്‍ ജില്ലാതല മഹിളാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 1.26 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി വയനാട്, തൃശൂര്‍ ജില്ലകളിലെ 8 ബ്ലോക്കുകളില്‍ ബ്ലോക്ക് ലെവല്‍ മഹിളാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അനുമതി നല്‍കിയിരുന്നു. അവശേഷിക്കുന്ന 12 ജില്ലകളില്‍കൂടി മഹിളാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനാണ് ഭരണാനമുമതി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. ഗ്രാമീണവനിതകള്‍ക്ക് തൊഴില്‍, നൈപുണ്യ പരിശീലനം, സാങ്കേതിക പരിജ്ഞാനം, പോഷകാഹാര ആരോഗ്യ പദ്ധതി എന്നീ സേവനങ്ങള്‍ ഒരേ ഉറവിടത്തില്‍നിന്നും ലഭ്യമാക്കി വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് മഹിളാശക്തി കേന്ദ്രം.

ഗ്രാമീണവനിതകള്‍ക്ക് ബോധവല്‍ക്കരണം, പരിശീലനം, ആര്‍ജവത്വ രൂപീകരണം എന്നിവ നല്‍കി ശാക്തീകരിക്കുകയും ലക്ഷ്യമിടുന്നു. ജില്ല, ബ്ലോക്ക് തല കമ്മിറ്റികളാണ് മഹിളാശക്തി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നത്. ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള കര്‍മസമിതിയാണ് മഹിളാ ജില്ലാതല കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ വകുപ്പുകള്‍വഴി നടപ്പാക്കുന്ന പദ്ധതികള്‍, സ്‌കീമുകള്‍, നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് ഗ്രാമീണസ്ത്രീകളെ ബോധവത്കരിക്കുകയും അവര്‍ക്ക് ഈ സഹായങ്ങള്‍ സൃഷ്ടിക്കുന്നതിനായി ബ്ലോക്കുകളില്‍ എംഎസ്‌കെ ബ്ലോക്ക് തല കേന്ദ്രങ്ങളും ആരംഭിക്കും.

ബ്ലോക്ക് തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടി സെന്ററുകള്‍, ഐസിഡിഎസ് ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവയില്‍ ഏതെങ്കിലും ഒന്നിനേയാണ് എംഎസ്‌കെ ബ്ലോക്ക് ലെവല്‍ ഓഫിസാക്കി പ്രവര്‍ത്തിപ്പിക്കുന്നത്. സ്റ്റുഡന്‍സ് വോളന്റിയര്‍മാര്‍ക്ക് ബന്ധപ്പെടുന്നതിനും ബ്ലോക്ക്തല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള കേന്ദ്രങ്ങളാക്കി ഇതിനെ മാറ്റും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണതലത്തില്‍ എത്തിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളിലെ 200 സന്നദ്ധവിദ്യാര്‍ഥികള്‍ മുഖേനയാണ് ബ്ലോക്ക്തല കമ്മിറ്റി പരിശീലനം നല്‍കുന്നത്.

ഇങ്ങനെ പരിശീലനം ലഭിക്കുന്ന സ്റ്റുഡന്റ്‌സ് വോളണ്ടിയര്‍മാര്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിച്ച് സ്ത്രീകള്‍ക്കായുള്ള വിവിധ പദ്ധതികള്‍, സ്‌കീമുകള്‍, നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് ബോധവത്കരണം നല്‍കുന്നു. ഓരോ വിദ്യാര്‍ഥിയും 6 മാസത്തിനുള്ളില്‍ 200 മണിക്കൂര്‍ സന്നദ്ധപ്രവര്‍ത്തനമാണ് നടത്തേണ്ടത്. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കായി 3 ദിവസത്തെ വിദഗ്ധപരിശീലനം നല്‍കും. ഒരു ബ്ലോക്കില്‍നിന്നും 100 വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഈ വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യപ്രവര്‍ത്തനം നടത്തിയതിനുള്ള സര്‍ട്ടിഫിക്കറ്റും 6 മണിക്കൂര്‍ സേവനത്തിന് 400 രൂപയും നല്‍കും. വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക.

Next Story

RELATED STORIES

Share it