Kerala

മലപ്പുറം ജില്ലാ സമ്മേളനം; മൂന്നു മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം

പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ എന്നീ മണ്ഡലങ്ങളിലെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ള ചിലര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ പ്രവര്‍ത്തിച്ചുവെന്നാണ് വിമര്‍ശനം

മലപ്പുറം ജില്ലാ സമ്മേളനം; മൂന്നു മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം
X

തിരൂര്‍: തിരൂരില്‍ നടക്കുന്ന സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടേ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം. പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ എന്നീ മണ്ഡലങ്ങളിലെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ള ചിലര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ പ്രവര്‍ത്തിച്ചുവെന്നാണ് വിമര്‍ശനം.

തിരൂരിലും പെരിന്തല്‍ മണ്ണയിലും പാര്‍ട്ടി പരാജയപ്പെടാന്‍ കാരണം പ്രാദേശിക തലത്തില്‍ ചില നേതാക്കള്‍ വിഭാഗീയമായി പ്രവര്‍ത്തിച്ചതു കൊണ്ടാണെന്ന് ചില പ്രതിനിധികള്‍ ഉന്നയിച്ചു. തിരൂരില്‍ ഗഫൂര്‍ പി ലില്ലീസിന് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കിയത് തിരൂരിലെ പല പ്രാദേശിക നേതാക്കള്‍ക്കും താത്പര്യമുണ്ടായിരുന്നില്ല.ഏരിയ സെക്രട്ടറി പി ഹംസക്കുട്ടിയുടെ സമവായ ശ്രമവും മുതിര്‍ന്ന നേതാവ് നന്ദകുമാര്‍, എ വിജയരാഘവന്‍ എന്നിവരുടെ ശക്തമായ ഇടപെടലും മൂലമാണ് ഗഫൂര്‍ പി ലില്ലീസിന് വീണ്ടും തിരൂരില്‍ മത്സരിക്കാന്‍ സാധിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഗഫൂറിനെ തോല്‍പ്പിക്കാന്‍ ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, നഗരസഭയിലെ പ്രമുഖ നേതാവും അടങ്ങുന്ന സംഘം പ്രവര്‍ത്തിച്ചുവെന്നാണ് ചര്‍ച്ചയില്‍ ഉന്നയിച്ചത്.

പാര്‍ട്ടിക്ക് വോട്ട് കിട്ടാവുന്ന പല മേഖലകളിലും വോട്ടഭ്യര്‍ത്ഥന പോലും ചില ലോക്കല്‍ കമ്മറ്റികള്‍ ആത്മാര്‍ത്ഥമായി ചെയ്തില്ലെന്നാണ് മറുവിഭാഗം ആരോപിച്ചത്. തിരൂര്‍ നഗരസഭയിലെ ചില മേഖലകളിലും ഇത്തരത്തില്‍ വോട്ട് മറിച്ചുവെന്നും ഉന്നയിക്കപ്പെട്ടു. പാര്‍ട്ടിക്കകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുള്ള ഇ ജയന്റെ ശ്രമങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

തവനൂരില്‍ ജലീലിനു വേണ്ടിയും പൊന്നാനിയില്‍ നന്ദകുമാറിനു വേണ്ടിയും സോഷ്യല്‍ മീഡിയയില്‍ വ്യക്തിഗത പ്രൊഫൈലില്‍ നിന്നും പ്രചാരണം നടത്തിയ മുന്‍ ഏരിയ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ തിരൂരിലെ സ്ഥാനാര്‍ത്ഥിയെ കണ്ടില്ലെന്നു നടിച്ചതും തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പെരിന്തല്‍മണ്ണയിലും പൊന്നാനിയിലും സമാന പ്രവര്‍ത്തനങ്ങളുണ്ടായിരുന്നെങ്കിലും, സമയോജിത ഇടപടലുണ്ടായതിനാല്‍ പൊന്നാനിയില്‍ പാര്‍ട്ടിക്കുള്ളിലെ വിഷയങ്ങള്‍ വിജയത്തെ ബാധിച്ചില്ല. എന്നാല്‍ പെരിന്തല്‍മണ്ണയില്‍ ഇത് കാര്യമായി ബാധിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ജില്ലാ സെക്രട്ടറി മോഹന്‍ദാസിന് വീഴ്ച വന്നതായും പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു.

തിരൂരില്‍ ഒരു പരിധിവരെ ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഏരിയസെക്രട്ടറിയുടെ ഇടപെടലുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ എതിര്‍വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ തടയാന്‍ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍.മലയാളം സര്‍വകലാശാല ഭൂമി ഇടപാട് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചില പ്രതിനിധികള്‍ ഉന്നയിച്ചെങ്കിലും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാത്തതില്‍ ചിലര്‍ക്ക് പ്രതിഷേധവുമുണ്ട്. പ്രമുഖ ചാനലുകളുടെ സര്‍വേ റിപ്പോര്‍ട്ടുകളിലെല്ലാം ഗഫൂര്‍ പി ലില്ലീസ് വിജയിക്കുമെന്നായിരുന്നു പ്രവചനം. അത് തെറ്റാന്‍ കാരണം പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ളവരാണെന്ന ആരോപണം സംസ്ഥാന നേതാക്കള്‍ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നാണ് സൂചന.


Next Story

RELATED STORIES

Share it