Kerala

എംജിയിലെ മാര്‍ക്ക് ദാനം: ഉദ്യോഗസ്ഥര്‍ക്കെതിരേ കൂട്ട നടപടി; രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍, മൂന്നുപേരെ സ്ഥലംമാറ്റി

സെക്ഷന്‍ ഓഫിസര്‍മാരായ അനന്തകൃഷ്ണന്‍, ബെന്നി കുര്യാക്കോസ് എന്നിവര്‍ക്ക് സസ്‌പെന്‍ഷനും ജോയിന്റ് രജിസ്ട്രാര്‍ ആഷിക്, എം കമാല്‍, നസീബാ ബീവി എന്നിവര്‍ക്ക് സ്ഥലംമാറ്റവുമാണ് ലഭിച്ചിരിക്കുന്നത്.

എംജിയിലെ മാര്‍ക്ക് ദാനം: ഉദ്യോഗസ്ഥര്‍ക്കെതിരേ കൂട്ട നടപടി; രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍, മൂന്നുപേരെ സ്ഥലംമാറ്റി
X

കോട്ടയം: എംജി സര്‍വകലാശാലയിലെ വിവാദമായ ബിടെക് മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതില്‍ പിശക് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കൂട്ട അച്ചടക്ക നടപടി. വീഴ്ചവരുത്തിയ രണ്ട് സെക്ഷന്‍ ഓഫിസര്‍മാരെ സര്‍വകലാശാല സസ്‌പെന്റ് ചെയ്തു. ജോയിന്റ് രജിസ്ട്രാര്‍ അടക്കം മൂന്നുപേരെ ജോലിചെയ്തിരുന്ന സെക്ഷനില്‍നിന്ന് സ്ഥലംമാറ്റി. സെക്ഷന്‍ ഓഫിസര്‍മാരായ അനന്തകൃഷ്ണന്‍, ബെന്നി കുര്യാക്കോസ് എന്നിവര്‍ക്ക് സസ്‌പെന്‍ഷനും ജോയിന്റ് രജിസ്ട്രാര്‍ ആഷിക്, എം കമാല്‍, നസീബാ ബീവി എന്നിവര്‍ക്ക് സ്ഥലംമാറ്റവുമാണ് ലഭിച്ചിരിക്കുന്നത്. 118 ബിടെക് വിദ്യാര്‍ഥികള്‍ക്കാണ് നേരത്തെ അഞ്ചുമാര്‍ക്ക് വീതം മോഡറേഷന്‍ നല്‍കിയതെന്നായിരുന്നു എംജി സര്‍വകലാശാല അറിയിച്ചിരുന്നത്.

എന്നാല്‍, 118 പേരല്ല, 116 പേര്‍ക്ക് മാത്രമാണ് മോഡറേഷന്‍ നല്‍കിയതെന്നാണ് ഇപ്പോള്‍ സര്‍വകലാശാല വ്യക്തമാക്കുന്നത്. കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക്് പ്രത്യേക മോഡറേഷന്‍ വഴിയല്ല മാര്‍ക്ക് ലഭിച്ചതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. രണ്ട് വിദ്യാര്‍ഥികളെ അധികമായി പട്ടികയില്‍പ്പെടുത്തിയത് ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തുവെന്നും എംജി സര്‍വകലാശാല അറിയിച്ചു. മാര്‍ക്ക് ദാനം വിവാദമായതിനെ തുടര്‍ന്ന് അത് റദ്ദാക്കിക്കൊണ്ട് നേരത്തെ സര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് വിശദമാക്കിക്കൊണ്ട് ഗവര്‍ണര്‍ക്ക് റിപോര്‍ട്ടും നല്‍കി.

പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണവും പിന്‍വലിക്കും. പകരം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയും ഗവര്‍ണര്‍ക്ക് വീണ്ടും റിപോര്‍ട്ട് നല്‍കുകയും ചെയ്യുമെന്ന് സര്‍വകലാശാല വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള കൃത്യമായ റിപോര്‍ട്ട് ജനുവരി നാലിനകം നല്‍കാന്‍ പരീക്ഷാ കണ്‍ട്രോളറോട് രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it