Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മാറ്റമുണ്ടായേക്കും; തൃശൂരില്‍ ടി എന്‍ പ്രതാപനു പകരം മുരളീധരന്‍; ഷാഫി വടകരയില്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മാറ്റമുണ്ടായേക്കും; തൃശൂരില്‍ ടി എന്‍ പ്രതാപനു പകരം മുരളീധരന്‍; ഷാഫി വടകരയില്‍
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. തൃശൂരില്‍ ടി എന്‍ പ്രതാപനു പകരം കെ മുരളീധരനെയും വടകരയില്‍ ഷാഫി പറമ്പിലിനെയും ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെയും പരിഗണിക്കുന്നു. വേണുഗോപാല്‍ ഇല്ലെങ്കില്‍ ആലപ്പുഴയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയാകും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിങ് എംപിമാരെ നിലനിര്‍ത്തും.

സ്ഥാനാര്‍ഥിപ്പട്ടിക ഇന്നു പ്രഖ്യാപിക്കുമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. അപ്രതീക്ഷിത പേരുകള്‍ പട്ടികയിലുണ്ടാകുമെന്ന് കെ സുധാകരന്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടിക സംബന്ധിച്ചു ചര്‍ച്ച നടത്തി. ബിജെപിയുടെ താര സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരില്‍ ഏറ്റവും കരുത്തുറ്റ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് കെ മുരളീധരനെ രംഗത്തിറക്കാനുള്ള തീരുമാനം.

പാലക്കാട്ട് വി കെ ശ്രീകണ്ഠനു പകരം ഷാഫി പറമ്പിലിനെ മത്സരിപ്പിക്കുന്നതു പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി. വടകരയില്‍ ഷാഫി വരുന്നതു വഴി പട്ടികയില്‍ മുസ്ലിം പ്രാതിനിധ്യം ഉറപ്പായി. ആലപ്പുഴ തിരിച്ചുപിടിക്കാന്‍ വേണുഗോപാല്‍ തന്നെ ഇറങ്ങണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. സംഘടനാ ചുമതലയുടെ തിരക്കുകള്‍ മൂലം അദ്ദേഹം ഒഴിഞ്ഞാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കും.

വയനാടിനു പുറമെ രാഹുല്‍ ഗാന്ധി യുപിയിലെ അമേഠിയിലും മത്സരിച്ചേക്കും. യുപി സ്ഥാനാര്‍ഥികളെ വരും ദിവസങ്ങളില്‍ തീരുമാനിക്കും. മത്സരിക്കാന്‍ തയാറാണെന്ന് സുധാകരന്‍ അറിയിച്ചതോടെയാണ് കണ്ണൂരിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം ഒഴിവായത്.





Next Story

RELATED STORIES

Share it