Kerala

നെടുങ്കണ്ടം കസ്റ്റഡിമരണം ആര്‍ക്കുവേണ്ടി; പണം കൊണ്ടുപോയ അജ്ഞാതനാര്?

രാജ്കുമാറിന്റെ മരണം ആസൂത്രിതമായിരുന്നോ എന്ന ചോദ്യമാണ് ഇനി ശേഷിക്കുന്നത്. അയാളുടെ ജീവിതവും കേസിനാസ്പദമായ വിവരങ്ങളും പരിശോധിക്കുമ്പോള്‍ ആര്‍ക്കും ഇത് തോന്നാം. കസ്റ്റഡിമരണം എന്നതില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല രാജ്കുമാറിന്റെ മരണം, അയാള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കാണാതായ കോടികളുടെ രൂപയും വെളിച്ചത്ത് കൊണ്ടുവരേണ്ടതാണ്.

നെടുങ്കണ്ടം കസ്റ്റഡിമരണം ആര്‍ക്കുവേണ്ടി; പണം കൊണ്ടുപോയ അജ്ഞാതനാര്?
X

തിരുവനന്തപുരം: ജോലി കൂലിപ്പണി, വിദ്യാഭ്യാസം വെറും ഒന്‍പതാം ക്ലാസ്, സ്മാര്‍ട്ട് ഫോണ്‍ പോലും ഉപയോഗിക്കാന്‍ അറിയാത്തയാള്‍, രണ്ടരമാസം കൊണ്ട് നാട്ടുകാരില്‍ നിന്ന് കോടികള്‍ പിരിച്ചെടുത്ത് ഹരിത പോലൊരു ഫിനാന്‍സ് സ്ഥാപനം തുടങ്ങി. നെടുങ്കണ്ടം പോലിസിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ വളര്‍ച്ച കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെയും നാട്ടുകാരെയും കുഴപ്പിക്കുന്ന പ്രശ്നമാണിത്. രാജ്കുമാറിന്റെ മരണം ആസൂത്രിതമായിരുന്നോ എന്ന ചോദ്യമാണ് ഇനി ശേഷിക്കുന്നത്. അയാളുടെ ജീവിതവും കേസിനാസ്പദമായ വിവരങ്ങളും പരിശോധിക്കുമ്പോള്‍ ആര്‍ക്കും ഇത് തോന്നാം. കസ്റ്റഡിമരണം എന്നതില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല രാജ്കുമാറിന്റെ മരണം, അയാള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കാണാതായ കോടികളുടെ രൂപയും വെളിച്ചത്ത് കൊണ്ടുവരേണ്ടതാണ്. കസ്റ്റഡിക്കൊല മാത്രമാക്കി ഇതിനെ ഒതുക്കുമ്പോള്‍ അന്വേഷണമെത്തുന്നത് പോലിസുകാരിലേക്ക് മാത്രമായിരിക്കും. എന്നാല്‍ കസ്റ്റഡിയില്‍ മര്‍ദ്ദനം നടന്നതെന്തിന് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ട്.

കാണാതായ കോടികള്‍ കണ്ടെത്താന്‍ കഴിയാത്തത് പിന്നില്‍ ഒന്നോ അതില്‍ അധികമോ ആസൂത്രിത സംഘം ഉണ്ടെന്ന സൂചനയാണ് നല്‍കുന്നത്. ചിട്ടി സ്ഥാപനം നടത്താനുള്ള രജിസ്‌ട്രേഷനും ലൈസന്‍സുമെല്ലാം രാജ്കുമാറിനുണ്ട്. ഒരു സുപ്രഭാതത്തില്‍ ഇതെല്ലാം ഒരുമിച്ച് അയാള്‍ക്ക് കിട്ടുമോ?. രാജ്കുമാറിന് മാത്രമേ പിരിച്ചെടുത്ത തുക എവിടെയെന്ന് അറിയാമായിരുന്നുള്ളൂ എന്നാണ് നിക്ഷേപകരുള്‍പ്പടെ പലരും ആരോപിക്കുന്നത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു കൊന്നതിലൂടെ ആ പണം എവിടെയെന്നത് ആര്‍ക്കുമറിയാതാവുകയാണ് ചെയ്തത്. ഇതും സംശയത്തിന് ഇടനല്‍കുന്ന വസ്തുതയാണ്. ഇവയെല്ലാം അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. രാജ്കുമാര്‍ കസ്റ്റഡി കൊലയുടെ ഇരയാകുമ്പോള്‍ തന്നെ കോടികള്‍ നഷ്ടപ്പെട്ട നാട്ടുകാരും ഇരകളാണ്. അവരുടെ പണം തിരികെ കിട്ടേണ്ടതുണ്ട്.

രാജ്കുമാര്‍ നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത കോടികളെവിടെ?

''സാര്‍, രക്ഷിക്കണം'' എന്ന് അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ തലേന്നു രാജ്കുമാര്‍ ആരോടോ ഫോണിലൂടെ കേണപേക്ഷിച്ചിരുന്നു. ഹരിതയിലെ ജീവനക്കാരുടെ മൊഴികളിലാണ് ഇക്കാര്യമുള്ളത്. പീരുമേട് കേന്ദ്രീകരിച്ചുള്ള ഉന്നതനാണ് രാജ്കുമാറിനെ മറയാക്കി ഹരിത ഫിനാന്‍സ് തട്ടിപ്പിനു കളമൊരുക്കിയതെന്ന നിഗമനത്തെ ശരിവയ്ക്കുന്ന മൊഴികളിലൊന്നാണിത്. ഒറ്റിക്കൊടുക്കാന്‍ കൂട്ടാക്കാതെ അവസാന നിമിഷം വരെ അജ്ഞാതനായ ആ വ്യക്തി തന്നെ രക്ഷിക്കാനെത്തുമെന്ന രാജ്കുമാര്‍ വിശ്വസിച്ചിരുന്നിട്ടുണ്ടാവാം. അതിനാല്‍ തന്നെ കൈമറിഞ്ഞുപോയ പണം എവിടെയെന്ന ചോദ്യമാകും രാജ്കുമാറിന്റെ മരണത്തിനും കാരണമായത്. അതല്ലെങ്കില്‍ പണം കൊണ്ടുപോയ ആള്‍ ആസൂത്രിതമായി വരുത്തിതീര്‍ത്ത കൊലയാവാനും സാധ്യത ബാക്കിനില്‍ക്കുന്നു.

രാജ്കുമാര്‍ നിരപരാധിയാണെന്നും പിന്നില്‍ മറ്റാരോ ഉണ്ടെന്നും ജീവനക്കാരും രാജ്കുമാറിനൊപ്പം അറസ്റ്റിലായ ശാലിനി, മഞ്ജു എന്നിവരും സൂചന നല്‍കിയിട്ടുണ്ട്. എല്ലാ വൈകുന്നേരങ്ങളിലും പണം കുമളിയിലേക്കു കൊടുത്തയ്ക്കുമായിരുന്നു എന്നതിനപ്പുറം, ആരാണു പണം സ്വീകരിച്ചിരുന്നതെന്ന് ജീവനക്കാര്‍ക്ക് അറിയില്ല. ഒരുപക്ഷേ, രാജ്കുമാറിനു മാത്രം അറിയാവുന്ന ഇക്കാര്യം തട്ടിപ്പിനിരയായവര്‍ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും ചോദിച്ചിട്ടും രാജ്കുമാര്‍ വെളിപ്പെടുത്തിയിരുന്നില്ല. ഈ ഉന്നതന്‍ രക്ഷയ്ക്കെത്തുമെന്നു മരണമെത്തുവോളം വിശ്വസിച്ചിരുന്നിരിക്കാം. രാജ്കുമാറിനെയും കൊണ്ട് പലയിടത്തും പോലിസ് പോയെങ്കിലും പണം കണ്ടെത്താനായില്ല. പല ബാങ്കുകളിലായി പണം നിക്ഷേപിച്ചെന്നായിരുന്നു പോലിസിനോട് പറഞ്ഞത്. ഇതനുസരിച്ച് കുട്ടിക്കാനം ഐസിഡിബി പോലെയുള്ള ബാങ്കുകളില്‍ പോലിസ് പരിശോധന നടത്തി. എന്നാല്‍ രാജ്കുമാറിന്റെയും കുടുംബത്തിന്റെയും പേരിലുള്ള അക്കൗണ്ടുകളില്‍ രണ്ടായിരത്തോളം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

രാജ്കുമാര്‍ എന്ന വ്യക്തി

തോട്ടം തൊഴിലാളികളായ പരേതനായ കുമരേശന്റെയും കസ്തൂരിയുടെയും മകനായ രാജ്കുമാറും ഭാര്യ എം വിജയയും കോലാഹലമേട് എസ്റ്റേറ്റ് ലയത്തില്‍ 10 വര്‍ഷം മുമ്പാണ് താമസം തുടങ്ങിയത്. സാമ്പത്തിക തട്ടിപ്പ് ആരോപിക്കപ്പെട്ട രാജ്കുമാര്‍ ഫിനാൻസ് മേഖലയിലേക്ക് കടക്കുന്നതിന്റെ രണ്ടരമാസം മുമ്പുവരെ കൂലിപ്പണി ചെയ്തിരുന്നയാളാണ്. സ്മാര്‍ട്ട് ഫോണ്‍ പോലും ഉപയോഗിക്കാന്‍ അറിയാത്തയാള്‍ ഹരിത പോലൊരു ഫിനാന്‍സ് സ്ഥാപനം തുടങ്ങി കോടികളുടെ തട്ടിപ്പുനടത്തുമെന്നു കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ പോലും കരുതുന്നില്ല .

പണമില്ലാത്തതിനാല്‍ ഒമ്പതാം ക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടി വന്നയാളാണ് രാജ്കുമാര്‍. പിന്നീട് ഫാക്ടറിയില്‍ പണിക്കു കയറി. അവിടെ ജോലി പോയപ്പോഴാണ് കൂലിപ്പണി ചെയ്ത് ജീവിതം പുലര്‍ത്തിയത്. എസ്റ്റേറ്റിലെ ഫാക്ടറി അടച്ചുപൂട്ടിയതോടെയാണ് രാജ്കുമാര്‍ കൂലിപ്പണിക്ക് പോകാന്‍ തുടങ്ങിയത്. ജില്ലയ്ക്കകത്തും പുറത്തും കൂലിപ്പണിക്കു പോയി. 2000ല്‍ ജോലി ചെയ്യുന്നതിനിടെ മറ്റൊരാള്‍ ഉപയോഗിച്ച മണ്‍വെട്ടി കാലില്‍ തട്ടി കാല്‍ ഞരമ്പു മുറിഞ്ഞു. ഇതിന് പിന്നാലെ സ്വന്തമായി ഓട്ടോ വാങ്ങിയെങ്കിലും പുറത്ത് കൂലിക്ക് ഓട്ടത്തിന് നല്‍കി. 2009ല്‍ ഓട്ടോ അപകടത്തില്‍ ഇടതുകാലിനു ഗുരുതര പരുക്കേറ്റു സ്റ്റീല്‍ കമ്പിയിടേണ്ടി വന്നു. തുടര്‍ന്ന് ഓട്ടോ വില്‍ക്കേണ്ടി വന്നതോടെ കുടുംബം പട്ടിണിയിലായി. കുടുംബം പുലര്‍ത്താന്‍ വീണ്ടും കൂലിപ്പണിക്ക് പോയി. പിന്നാടാണ് ഫൈനാന്‍സ് ബിസിനസിലേക്ക് തിരിഞ്ഞത്.

നെടുങ്കണ്ടം തൂക്കുപാലം കേന്ദ്രീകരിച്ച് ഹരിത ഫിനാന്‍സിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് രണ്ടുമാസം മുമ്പ് വരെ പോലും രാജ്കുമാര്‍ കൂലിപ്പണി എടുത്തിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനിടയില്‍ വായ്പത്തട്ടിപ്പു കേസിലെ പ്രതിയായ ശാലിനിയുമൊത്ത് താമസം തുടങ്ങിയതിനാല്‍ ഭാര്യ വിജയ അകന്നു. പിന്നീട് രാജ്കുമാറും ശാലിനിയും തൂക്കുപാലത്തിനു സമീപത്ത് ഒരു വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി.

ഹരിത ഫൈനാന്‍സ് കേസ്

ഈ വര്‍ഷം മെയ് 14നാണ് ഹരിത ഫൈനാന്‍സ് ചിട്ടി തട്ടിപ്പ് പരാതി പുറത്ത് വരുന്നത്. 'ഹരിത' ചിട്ടിക്കമ്പനി കുടുംബശ്രീ പോലെയുള്ള സ്വയം സഹായ സഹകരണ സംഘങ്ങളിലെ അംഗങ്ങളില്‍ നിന്ന് ആയിരം രൂപ മെമ്പര്‍ഷിപ്പ് എടുത്ത് ചിട്ടിയില്‍ ചേര്‍ത്തു. ആയിരം രൂപ എടുത്തവര്‍ക്ക് ഒരു ലക്ഷം വരെ വായ്പ കിട്ടും. രണ്ടായിരം രൂപയെടുത്താല്‍ രണ്ട് ലക്ഷം വരെ വായ്പയെടുക്കാം. മൂവായിരം രൂപയാണെങ്കില്‍ മൂന്ന് ലക്ഷം. അങ്ങനെ പത്തിന്റെ ഗുണിതങ്ങളായി പതിനായിരം രൂപ വരെയാണ് ഒറ്റത്തവണ മെമ്പര്‍ഷിപ്പ്. പതിനായിരം രൂപ അടച്ചാല്‍ പത്ത് ലക്ഷം രൂപ വരെ കിട്ടും.

ചിട്ടി സ്ഥാപനം നടത്താനുള്ള രജിസ്‌ട്രേഷനും ലൈസന്‍സുമെല്ലാം രാജ്കുമാറിനുണ്ട്. ഇടുക്കി നെടുങ്കണ്ടത്തായിരുന്നു 'ഹരിത' ഫൈനാന്‍സിന്റെ ഓഫീസ്. സ്ത്രീ ജീവനക്കാരായിരുന്നു രാജ്കുമാറിന്റെ ഓഫീസിലുണ്ടായിരുന്നത്. വ്യക്തികളേക്കാള്‍ കൂടുതല്‍ സ്വയം സഹായ സഹകരണ സംഘങ്ങളെയാണ് ഇവര്‍ ലക്ഷ്യമിട്ടത്. അതായത് ഒറ്റത്തവണ ഒരുപാട് പേരുടെ തുക കിട്ടും. സ്ത്രീ ജീവനക്കാരാണ് വരുന്നത് എന്നതിനാല്‍ നിക്ഷേപകര്‍ക്ക് വലിയ സംശയം തോന്നുകയുമില്ല. ജനുവരിയിലാണ് ഹരിത ഫൈനാന്‍സ് വഴി ഇത്തരമൊരു പണപ്പിരിവ് തുടങ്ങിയത്. എന്നാല്‍ പണം നല്‍കിയ ആര്‍ക്കും വായ്പത്തുക കിട്ടിയില്ല. തുടര്‍ന്ന് പിരിച്ച പണം തിരികെ വേണമെന്നാവശ്യപ്പെട്ടാണ് ഇടുക്കി നെടുങ്കണ്ടം പോലിസ് സ്റ്റേഷനില്‍ ഒരു സംഘം നിക്ഷേപകര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് രാജ്കുമാറിനെ പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. പത്ത് ദിവസത്തിനകം പണം നല്‍കാമെന്ന വ്യവസ്ഥയില്‍ അന്ന് നിക്ഷേപകരുമായി ഒത്തുതീര്‍പ്പാക്കി വിട്ടു. എന്നാല്‍ നിക്ഷേപകരില്‍ ആര്‍ക്കും പണം കിട്ടിയില്ല. പണം വേണമെന്നാവശ്യപ്പെട്ട് ജൂണ്‍ 12ന് നാട്ടുകാര്‍ കോലാഹലമേട്ടിലെ രാജ്കുമാറിന്റെ വീട് ഉപരോധിച്ചു. തടഞ്ഞു വച്ചു. തുടര്‍ന്ന് പോലിസെത്തി രാജ്കുമാറിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. തുടര്‍ന്നാണ് കസ്റ്റഡി മരണം നടക്കുന്നത്.

Next Story

RELATED STORIES

Share it