Kerala

ഈമാസം നിയന്ത്രണമില്ല; പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് കെഎസ്ഇബി

ആഗസ്ത് ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പും അടക്കമുള്ള സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തും. ഈമാസം 18 മുതല്‍ ഒരാഴ്ചത്തേയ്ക്ക് മഴ ശക്തമാവുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന തീരുമാനത്തില്‍ യോഗമെത്തിയത്.

ഈമാസം നിയന്ത്രണമില്ല; പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് കെഎസ്ഇബി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് കെഎസ്ഇബി. ഈമാസം അവസാനംവരെ നിലവിലെ സ്ഥിതി തുടരാന്‍ കെഎസ്ഇബി ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ആഗസ്ത് ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പും അടക്കമുള്ള സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തും. ഈമാസം 18 മുതല്‍ ഒരാഴ്ചത്തേയ്ക്ക് മഴ ശക്തമാവുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന തീരുമാനത്തില്‍ യോഗമെത്തിയത്.

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 12 ശതമാനം വെള്ളം മാത്രമേ ബാക്കിയുള്ളൂ. ഇന്നത്തെ കണക്കുകള്‍പ്രകാരം 507 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം ലഭ്യമാണ്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് ജലവൈദ്യുതി പദ്ധതികളില്‍നിന്ന് ഉല്‍പാദിപ്പിക്കുന്നത്. ഈമാസം 30 വരെ ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കാമെന്നാണ് കെഎസ്ഇബിയുടെ കണക്കൂട്ടല്‍. അതിനുള്ളില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. അതേസമയം, പുറത്തുനിന്ന് ലഭിക്കേണ്ട 2,710 മെഗാവാട്ട് വൈദ്യുതിയില്‍ 550 മെഗാവാട്ട് മുതല്‍ 690 മെഗാവാട്ട് വരെ കുറവ് അനുഭവപ്പെടുന്നുണ്ട്.

കേന്ദ്രവൈദ്യുതി നിലയങ്ങളില്‍നിന്നുള്ള വൈദ്യുതിയുടെ കുറവുമൂലം ഇതിനകം ചില സ്ഥലങ്ങളില്‍ നിയന്ത്രണം നിലവിലുണ്ട്. എന്നാല്‍, പൂര്‍ണമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ 30ന് ശേഷം തീരുമാനമെടുക്കും. വൈദ്യുതി ലഭ്യതയുടെ കുറവ് നികത്തുന്നതിന് പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് വൈദ്യുതി പരമാവധി വാങ്ങാമെന്ന് യോഗം തീരുമാനിച്ചു. അടുത്ത ദിവസങ്ങളില്‍ ലഭ്യമായ വൈദ്യുതിയുടെ പീക്‌സമയങ്ങളിലെ നിരക്ക് ക്രമാതീതമായി ഉയരുമെന്നും വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടാവുമെന്നും യോഗം വിലയിരുത്തി. പരമാവധി വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം നടത്തി പ്രതിസന്ധി പരിഹരിക്കാനാണ് ധാരണ.

Next Story

RELATED STORIES

Share it