Kerala

പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കും; ജൂലൈ 15വരെ സംസ്ഥാനത്ത് നിയന്ത്രണമുണ്ടാവില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ജൂണ്‍ കഴിഞ്ഞിട്ടും കാലവര്‍ഷം ശക്തിപ്രാപിക്കാത്ത സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം. പരമാവധി വൈദ്യുതി പുറത്തുനിന്ന് എത്തിച്ച് നിയന്ത്രണം ഒഴിവാക്കാമെന്നാണ് ഉദ്ദേശിക്കുന്നത്.

പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കും; ജൂലൈ 15വരെ സംസ്ഥാനത്ത് നിയന്ത്രണമുണ്ടാവില്ലെന്ന് കെഎസ്ഇബി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഈമാസം 15വരെ വൈദ്യുതി നിയന്ത്രണമുണ്ടാവില്ലെന്നും നിലവിലെ സ്ഥിതി തുടരുമെന്നും കെഎസ്ഇബി. സംസ്ഥാനത്ത് ജൂണ്‍ കഴിഞ്ഞിട്ടും കാലവര്‍ഷം ശക്തിപ്രാപിക്കാത്ത സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം. പരമാവധി വൈദ്യുതി പുറത്തുനിന്ന് എത്തിച്ച് നിയന്ത്രണം ഒഴിവാക്കാമെന്നാണ് ഉദ്ദേശിക്കുന്നത്. ജൂലൈ 15ന് വീണ്ടും ബോര്‍ഡ് യോഗം ചേര്‍ന്ന് വൈദ്യുതിയുടെ ഉപഭോഗവും ലഭ്യതയും പുനരവലോകനം ചെയ്യുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള അറിയിച്ചു.

വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ അപ്പോള്‍ തീരുമാനമെടുക്കും. എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളോട് ജൂലൈ 15ന് ശേഷം ഉപഭോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യപ്പെടും. സംസ്ഥാന ദുരന്തനിവാരണ സമിതി ജൂലൈ 15ന് സംസ്ഥാനത്തെ കാലവര്‍ഷവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ എടുക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തോതിലാണ്. സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണമുണ്ടായി. എന്നാല്‍, ലോഡ്‌ഷെഡിങ് ആയിരുന്നില്ല. നാഷനല്‍ ഗ്രിഡില്‍ 500 മെഗാവാട്ട് കൂടി കൊണ്ടുവരാന്‍ അനുമതി വേണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.

യൂനിറ്റിന് 60 മുതല്‍ 70 പൈസ വരെ ചാര്‍ജ് വര്‍ധന വേണമെന്ന് റെഗുലേറ്ററി കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ജൂലൈ 15ന് അടുപ്പിച്ച് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നതായി ബോര്‍ഡ് യോഗം വിലയിരുത്തി. ജുലൈയില്‍ പ്രതീക്ഷിക്കുന്ന ശരാശരി നീരൊഴുക്ക് 1,523 ദശലക്ഷം യൂനിറ്റാണ് ഇതിന്റെ 25 ശതമാനംവരെ ലഭിക്കുകയാണെങ്കില്‍പോലും ആഗസ്ത് ആദ്യവാരം 390 ദശലക്ഷം യൂനിറ്റിന് മുകളില്‍ സംഭരണശേഷി നിലനിര്‍ത്താന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ജൂലൈ നാലിലെ കണക്കുകള്‍പ്രകാരം സംസ്ഥാനത്തെ ഡാമുകളിലെ മൊത്തം സംഭരണശേഷി 432 ദശലക്ഷം യൂനിറ്റാണ്.

ഇന്നത്തെ നിലയില്‍ ജലവൈദ്യുതി ഉപഭോഗം 12 ദശലക്ഷം യൂനിറ്റില്‍ തുടരുകയും നിലവിലെ ശരാശരിയേക്കാള്‍ നീരൊഴുക്കും ലഭിക്കുകയാണെങ്കില്‍ ആദ്യത്തെ അലര്‍ട്ട് ലെവല്‍ എത്തുന്നതിനായി ഇനിയും 9 മുതല്‍ 10 ദിവസംവരെ സമയമുണ്ട്. നിലവില്‍ ലഭ്യമായ പ്രസരണ ഇടനാഴി വഴി കൊണ്ടുവരാന്‍ കഴിയുന്ന പരമാവധി വൈദ്യുതി, ലഭ്യമായ എല്ലാ സ്രോതസ്സുകളില്‍നിന്നും കൊണ്ടുവരാനും യോഗം തീരുമാനിച്ചു. ഇടമണ്‍- കൊച്ചി 400 കെവി ലൈന്‍ എത്രയുംപെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ തുടര്‍നിയമനടപടികള്‍ ത്വരിതപ്പെടുത്താന്‍ പവര്‍ഗ്രിഡിനോട് ആവശ്യപ്പെടും. പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ഊര്‍ജസംരക്ഷണ ബോധവല്‍ക്കരണം നടത്തും. ജലവൈദ്യുതി ഉപഭോഗം നിലവിലെ ശരാശരിയേക്കാള്‍ കുറയ്ക്കുന്ന സാഹചര്യത്തില്‍ ഉപഭോഗം ക്രമീകരിക്കുന്നതിനാവശ്യമായ വിശദമായ പ്ലാന്‍ തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങളെ യോഗം ചുമതലപ്പെടുത്തി.

Next Story

RELATED STORIES

Share it