Kerala

ഭാര്യ കൊലപ്പെടുത്തിയെന്ന് പറഞ്ഞ നൗഷാദിനെ ജീവനോടെ കണ്ടെത്തി

ഭാര്യ കൊലപ്പെടുത്തിയെന്ന് പറഞ്ഞ നൗഷാദിനെ ജീവനോടെ കണ്ടെത്തി
X
ഇടുക്കി: പത്തനംതിട്ടയിലെ യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. പൊലീസും നാട്ടുകാരും മരിച്ചെന്ന് കരുതിയ നൗഷാദിനെ ജീവനോടെ കണ്ടെത്തിയതാണ് പുതിയ വിവരം. തൊടുപുഴയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. വിവരം ലഭിച്ചതോടെ തൊടുപുഴയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഉടന്‍ ഇയാളെ കസ്റ്റഡിയിലെടുക്കും. ഇതോടെ നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഭാര്യ നല്‍കിയ മൊഴികളെല്ലാം കളവായിരുന്നുവെന്ന് പൊലീസിന് ബോധ്യമായി. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഭാര്യയുമായി പിണങ്ങിയ നൗഷാദ് തൊടുപുഴയില്‍ തോട്ടം തൊഴിലാളിയായി കഴിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ തോട്ടം തൊഴിലാളികളിലൊരാളാണ് പൊലീസില്‍ വിവരം അറിയിച്ചത്.

നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി നേരത്തേ പൊലീസ് അറിയിച്ചിരുന്നു. നൗഷാദിന്റേത് എന്ന് സംശയിക്കുന്ന രക്തക്കറ പുരണ്ട ഷര്‍ട്ടിന്റെ ഭാഗങ്ങളാണ് കത്തിച്ച നിലയില്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒന്നരവര്‍ഷം മുമ്പാണ് നൗഷാദും ഭാര്യ അഫ്‌സാനയും അടൂരിലെ വാടക വീട്ടില്‍ താമസിക്കാനെത്തിയത്. പിന്നീട് നൗഷാദിനെ കാണാതാവുകയായിരുന്നു. മകനെ കാണാനില്ലെന്ന് യുവാവിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് നൗഷാദിനെ കണ്ടതായ വിവരം ഭാര്യ അഫ്‌സാന പൊലീസുമായി പങ്കുവെച്ചിരുന്നു. തുടര്‍ന്ന് അവരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച അഫ്‌സാന അടിക്കടി മൊഴിമാറ്റിപ്പറഞ്ഞത് പൊലീസിനെ വലച്ചിരുന്നു. തുടര്‍ന്ന് ഇവരെ നുണ പരിശോധനക്ക് വിധേയമാക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ പരുത്തിപ്പാറയിലെ ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നുവെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. വീടിനു സമീപത്തെ സെമിത്തേരിയിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

കൊലപാതകത്തില്‍ സുഹൃത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും അഫ്‌സാന വെളിപ്പെടുത്തിയിരുന്നു. മൃതദേഹം സുഹൃത്തിന്റെ പെട്ടി ഓട്ടോയിലാണ് കൊണ്ടുപോയതെന്നും അഫ്‌സാന പറഞ്ഞു. ഇയാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

നൗഷാദിന് വാടകവീട് ശരിയാക്കി കൊടുത്ത ?ബ്രോക്കറെയും പൊലീസ് ചോദ്യം ചെയ്തു. നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഫ്‌സാന റിമാന്‍ഡിലാണ്. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് തിങ്കളാഴ്ച കോടതിയില്‍ ?അപേക്ഷ നല്‍കും. 2021 നവംബര്‍ അഞ്ച് മുതല്‍ നൗഷാദിനെ കാണാനില്ലെന്ന് കാണിച്ചാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. നൗഷാദ് സ്ഥിരമായി മദ്യപിച്ച് വന്ന് അഫ്‌സാനയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞിരുന്നു.


Next Story

RELATED STORIES

Share it