Kerala

സിപിഎം സിബിഐ അന്വേഷണത്തെ എതിർക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ: ചെന്നിത്തല

വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി മുഴുവൻ മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടും കൂടി ഉണ്ടായിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഇത് ഒപ്പുവെച്ചത്.

സിപിഎം സിബിഐ അന്വേഷണത്തെ എതിർക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ: ചെന്നിത്തല
X

തിരുവനന്തപുരം: മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സിപിഎം സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയിലേക്ക് സിബിഐ അന്വേഷണം എത്തുന്നുവെന്ന് കണ്ടപ്പോൾ അദ്ദേഹത്തെ രക്ഷിക്കാനാണ് സിബിഐയെ വിലക്കാനുള്ള തീരുമാനമെന്ന് ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിന്റെ ആജ്ഞകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സിപിഐ അതിനെ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം വിമർശിച്ചു.

സിബിഐയെ വിലക്കണമെന്ന സംസ്ഥാന സർക്കാരിനോടുള്ള സിപിഎം ആവശ്യത്തിനെതിരെ രൂക്ഷവിമർശനമാണ് വാർത്താ സമ്മേളനത്തിൽ ചെന്നിത്തല നടത്തിയത്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി മുഴുവൻ മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടും കൂടി ഉണ്ടായിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഇത് ഒപ്പു വെച്ചത്. ആ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് കണ്ടപ്പോഴാണ് ഇപ്പോൾ ഇടതുമുന്നണി നേതാക്കന്മാരുടെ നെഞ്ചിടിപ്പ് വർധിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഇത് അഴിമതി മൂടിവെക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ്. മറ്റ് സംസ്ഥാനങ്ങളിൽ സിബിഐയെ വിലക്കിയിട്ടുണ്ടല്ലോ എന്നുള്ളതാണ് ചോദ്യം. രാഷ്ട്രീയ പകപോക്കലോടു കൂടി നടന്നിട്ടുള്ള കേസുകളെ സംബന്ധിച്ചാണ് അത്. കേരളത്തിലേത് അഴിമതിയുമായി ബന്ധപ്പെട്ട കേസാണ്. മാത്രമല്ല, കേരളത്തിലെ മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളെല്ലാം സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

സിബിഐ അന്വേഷണത്തെ വഴിമുടക്കാനായി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഫയലുകൾ രാത്രിയിൽ എടുത്തുകൊണ്ടുപോയി. സിബിഐയുടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത തരത്തിൽ നിരന്തരമായ തടസ്സം സൃഷ്ടിക്കലാണ് സർക്കാർ ചെയ്തത്. അപ്പോൾ എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കുന്ന ഈ സർക്കാരിന്റെ നടപടിയുടെ ഒരു ഭാഗമായി വേണം ഇന്നലെ സിപിഎം തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it