Kerala

പാലായില്‍ പിടിമുറുക്കി എന്‍സിപി; ശരദ്പവാര്‍ സിപിഎം കേന്ദ്രനേതൃത്വത്തെ കാണും

പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ച് വ്യക്തമാക്കുകയും സിപിഎം ഇതിനെ പിന്തുണയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എന്‍സിപി സമ്മര്‍ദതന്ത്രങ്ങള്‍ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തേടി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പന്‍ എംഎല്‍എയും മുംബൈയിലെത്തി ദേശീയ അധ്യക്ഷന്‍ ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തി.

പാലായില്‍ പിടിമുറുക്കി എന്‍സിപി; ശരദ്പവാര്‍ സിപിഎം കേന്ദ്രനേതൃത്വത്തെ കാണും
X

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തിയതിന് പിന്നാലെ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് എന്‍സിപി രംഗത്ത്. പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ച് വ്യക്തമാക്കുകയും സിപിഎം ഇതിനെ പിന്തുണയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എന്‍സിപി സമ്മര്‍ദതന്ത്രങ്ങള്‍ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തേടി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പന്‍ എംഎല്‍എയും മുംബൈയിലെത്തി ദേശീയ അധ്യക്ഷന്‍ ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തി. പാലാ സീറ്റില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് നേതാക്കള്‍ അദ്ദേഹത്തെ അറിയിച്ചു.

പാലാ കിട്ടിയില്ലെങ്കില്‍ മുന്നണി മാറ്റം വേണമെന്നതും ഇരുനേതാക്കളും ശരദ്പവാറിനെ അറിയിച്ചതായാണ് സൂചന. എന്നാല്‍, ശരദ്പവാര്‍ ഇതിനെ അനുകൂലിച്ചില്ല. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള കേന്ദ്ര നേതൃത്വവുമായി വിഷയം ചര്‍ച്ച ചെയ്ത് സമവായത്തിന് ശ്രമിക്കാമെന്ന് ശരദ്പവാര്‍ സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതായാണ് വിവരം. മുന്നണിയിലെത്തുന്നതിന് മുമ്പുതന്നെ പാലാ സീറ്റിന്റെ കാര്യത്തില്‍ സിപിഎം ജോസ് കെ മാണിക്ക് ഉറപ്പുനല്‍കിയതാണ്. ഇത് മുന്നില്‍ക്കണ്ട് പാലാ തന്റെ ചങ്കാണെന്നും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മാണി സി കാപ്പന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, സിപിഎം ഇത് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. പൂഞ്ഞാര്‍ സീറ്റ് നല്‍കി അനുനയിപ്പിക്കാനുള്ള സിപിഎമ്മിന്റെ ഫോര്‍മുല കാപ്പന്‍ തള്ളി. വിജയം ഉറപ്പുള്ള മറ്റൊരു സീറ്റ് നല്‍കാമെന്ന് എല്‍ഡിഎഫ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കാപ്പനും എന്‍സിപി നേതൃത്വവും വഴങ്ങുന്നില്ല. പരസ്യമായി ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമെന്ന സൂചനയാണ് എല്‍ഡിഎഫ് നേതാക്കള്‍ മാണി സി കാപ്പന് നല്‍കുന്നത്. പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതരത്തിലാണ് ഇപ്പോഴത്തെ എല്‍ഡിഎഫിലെ ചര്‍ച്ചകള്‍. ഇതോടെയാണ് എന്‍സിപി സംസ്ഥാന നേതൃത്വം കേന്ദ്രനേതാക്കളുടെ പിന്തുണ തേടിയത്.

Next Story

RELATED STORIES

Share it