Kerala

പാലക്കാട് കസ്റ്റഡി പീഡനം: കാംപസ് ഫ്രണ്ട് സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലിസ് അതിക്രമം; ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു

പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ ശ്രമിച്ചതോടെ പോലിസ് ജലപീരങ്കിയും തുടർന്ന് കണ്ണിൽ വാതകവും പ്രയോഗിക്കുകയായിരുന്നു. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

പാലക്കാട് കസ്റ്റഡി പീഡനം: കാംപസ് ഫ്രണ്ട് സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലിസ് അതിക്രമം; ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു
X

തിരുവനന്തപുരം: പാലക്കാട് കസ്റ്റഡി പീഡനക്കേസിൽ കുറ്റക്കാരായ എസ്ഐക്കും പോലിസുകാർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലിസ് അതിക്രമം. പ്രവർത്തകർക്ക് നേരെ പോലിസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പാളയത്ത് നിന്ന് ആരംഭിച്ച മാർച്ച് സമാധാനപരമായാണ് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. തുടർന്ന് നടന്ന പ്രതിഷേധം കാംപസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സി പി അജ്മൽ ഉദ്ഘാടനം ചെയ്തു.


കാംപസ് ഫ്രണ്ട് ഏരിയ ഭാരവാഹികളായ ബിലാൽ, അബ്ദുറഹ്മാൻ എന്നിവർക്കെതിരെ മൂന്നാം മുറയും മുസ്ലിം വിരുദ്ധ പരാമർശവും നടത്തിയ പാലക്കാട് നോർത്ത് എസ്ഐ സുധീഷ് കുമാറിനും മറ്റു പോലിസുകാർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് അജ്മൽ ആവശ്യപ്പെട്ടു. സർക്കാർ സർവീസിലിരുന്ന് അദ്ദേഹം ആർഎസ്എസിന് വിടുപണി ചെയ്യുകയാണ്. ആർഎസ്എസിൻ്റെ നിർദേശപ്രകാരമാണ് സുധീഷ് കുമാർ വിദ്യാർഥികൾക്കു നേരെ മൂന്നാംമുറ നടപ്പിലാക്കിയത്. സംസ്ഥാനത്ത് ആർഎസ്എസും പോലിസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് ആഭ്യന്തര വകുപ്പ് ഒത്താശ ചെയ്തു കൊടുക്കുകയാണ്. ആർഎസ്എസ് മനോഭാവമുള്ളവരെ പിണറായി സർക്കാർ പോലിസ് സേനയിൽ പൂവിട്ട് വാഴിക്കുകയാണ്. പാലത്തായി, പാലക്കാട്, വയനാട് സംഭവങ്ങൾ ഉൾപ്പടെ അടുത്തിടെ നടന്ന പോലിസ് അതിക്രമങ്ങൾ ഇതിന് തെളിവാണ്.


പാലക്കാട് രണ്ട് വിദ്യാർത്ഥികളെ മറ്റൊരു കേസിൽ ചോദ്യം ചെയ്യാനെന്ന പേരിലാണ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി അതിക്രൂരമായ മൂന്നാംമുറയ്ക്ക് വിധേയമാക്കിയത്. കാൽപാദം തല്ലിച്ചതയ്ക്കുക, ലിംഗത്തിൽ മുളക്പൊടി സ്പ്രേ ചെയ്യുക, സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുക തുടങ്ങി അതിക്രൂരമായ അക്രമമാണ് ആർഎസ്എസിനെ തൃപ്തിപ്പെടുത്താൻ എസ്‌ഐയും സംഘവും ചെയ്തത്. പ്രദേശത്ത് ആർഎസ്എസിന്റെ അക്രമം കണ്ടില്ലെന്നു നടിച്ചാണ് നിരപരാധികളായ വിദ്യാർത്ഥികളെ പോലിസ് കസ്റ്റഡിയിൽ എടുത്തത്. ക്രൂരമായ ശാരീരിക പീഡനവും വർഗീയ പരാമര്ശവും അഴിച്ചുവിട്ട എസ്‌ഐ സുധീഷ് കുമാറിനെതിരെ വകുപ്പുതല നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും അജ്മൽ പറഞ്ഞു.


സംസ്ഥാന സെക്രട്ടറി മുസമ്മിൽ അധ്യക്ഷത വഹിച്ചു. സജീർ കല്ലമ്പലം, അംജദ് കണിയാപുരം നേതൃത്വം നൽകി. തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ ശ്രമിച്ചതോടെ പോലിസ് ജലപീരങ്കിയും തുടർന്ന് കണ്ണീർ വാതകവും പ്രയോഗിക്കുകയായിരുന്നു. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും തുടർന്ന് പേരൂർക്കട സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it