Kerala

നവോത്ഥാനസമിതിയില്‍ പോയത് കമ്മ്യൂണിസ്റ്റുകാരില്‍ ഹിന്ദുത്വം പ്രചരിപ്പിക്കാന്‍; വെളിപ്പെടുത്തലുമായി സി പി സുഗതന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭത്തിനിറങ്ങുന്ന രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് സുഗതന്റെ വെളിപ്പെടുത്തല്‍. പോസ്റ്റിനടിയിലെ ചര്‍ച്ചയിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നവോത്ഥാന സമിതിയില്‍ പങ്കാളിയായതിന്റെ പിന്നിലുള്ള ലക്ഷ്യത്തെക്കുറിച്ച് സുഗതന്‍ വിശദീകരിക്കുന്നത്.

നവോത്ഥാനസമിതിയില്‍ പോയത് കമ്മ്യൂണിസ്റ്റുകാരില്‍ ഹിന്ദുത്വം പ്രചരിപ്പിക്കാന്‍; വെളിപ്പെടുത്തലുമായി സി പി സുഗതന്‍
X

കോഴിക്കോട്: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച നവോത്ഥാനസമിതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പങ്കാളികളായത് അത് പൊളിക്കാനും കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഹിന്ദുത്വപ്രത്യയശാസ്ത്രം പ്രരിപ്പിക്കാനുമാണെന്ന് സമിതി മുന്‍ ജോയിന്റ് കണ്‍വീനര്‍ സി പി സുഗതന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭത്തിനിറങ്ങുന്ന രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് സുഗതന്റെ വെളിപ്പെടുത്തല്‍. പോസ്റ്റിനടിയിലെ ചര്‍ച്ചയിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നവോത്ഥാന സമിതിയില്‍ പങ്കാളിയായതിന്റെ പിന്നിലുള്ള ലക്ഷ്യത്തെക്കുറിച്ച് സുഗതന്‍ വിശദീകരിക്കുന്നത്.

ചര്‍ച്ചയ്ക്കിടെ സംഘപരിവാറിനെക്കുറിച്ച് ഹരി പ്രഭാസ് എന്നയാള്‍ ഉന്നയിച്ച ചോദ്യത്തിന് ഫെയ്‌സ്ബുക്കില്‍ സി പി സുഗതന്‍ നല്‍കുന്ന മറുപടിയുടെ പൂര്‍ണരൂപം: എന്റെ മദര്‍ ഓര്‍ഗനൈസേഷന്‍ സംഘം (ആര്‍എസ്എസ്) ആവുന്നു. ഞാന്‍ ബിജെപിക്കാരെയും അവരുടെ ആള്‍ക്കാരെയും പരട്ടതെറി വിളിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും. മോദിയുടെ ഒന്നാം ഭരണത്തിലെ ചില നയങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ, എവിടെയെങ്കിലും സംഘത്തിനെ വിമര്‍ശിച്ച് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ല. അതാണ് സ്വയംസേവകര്‍. രാജ്യത്തോടും സംഘത്തോടും എന്നും LOYAL ആയിരിക്കും. പ്രൊ ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ വളര്‍ത്താന്‍ പറ്റുമോ എന്ന് പരീക്ഷിക്കാനാണ് പിണറായിയുടെ നവോത്ഥാനത്തില്‍ പോയി പിന്നീട് അത് പൊളിച്ചുകളഞ്ഞത്'- ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.


ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരേ സംഘരിവാറിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതാണ് നവോത്ഥാനസമിതി. ആര്‍എസ്എസ്സിന്റെ സജീവപ്രവര്‍ത്തകനും ഹിന്ദു പാര്‍ലമെന്റ് നേതാവുമായ സി പി സുഗതനായിരുന്നു സമിതി ജോയിന്റ് കണ്‍വീനര്‍. സമിതിയില്‍ ഇടത് സംഘടനകളടക്കം പങ്കാളികളായി. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ കൂട്ടായ്മ എന്ന പേരില്‍ രൂപീകരിച്ച സമിതി വനിതാമതില്‍ അടക്കം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. അടുത്തിടെ സമിതിയില്‍ പിളര്‍പ്പുണ്ടാവുകയും പി സി സുഗതന്‍ അടക്കം 50 ഓളം സംഘടനകള്‍ വിട്ടുപോവുകയും ചെയ്തു.

സമിതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വിശാല ഹിന്ദു ഐക്യത്തിന് തടസ്സമായതിനാലാണ് പിന്‍മാറുന്നതെന്നായിരുന്നു സി പി സുഗതന്റെ പ്രതികരണം. ഹാദിയ വിഷയത്തിലടക്കം ഫെയ്‌സ്ബുക്കില്‍ മതവിദ്വേഷം പടര്‍ത്തുന്ന തരത്തില്‍ പോസ്റ്റുകളിട്ട ആര്‍എസ്എസ് നേതാവായ സി പി സുഗതനെ ഇടതുസര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വനോത്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരേയും വനിതാ മതിലിന്റെ സംഘാടകനാക്കിയതിനെതിരേയും രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആസൂത്രിതമായി കടന്നുകയറി നവോത്ഥാന സമിതി പൊളിക്കുകയായിരുന്നുവെന്നാണ് സുഗതന്‍ വെളിപ്പെടുത്തിയതോടെ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും വെട്ടിലായിരിക്കുകയാണ്.

Next Story

RELATED STORIES

Share it