Kerala

ജോസ് കെ മാണിക്ക് തിരിച്ചടി; 'രണ്ടില' ചിഹ്‌നം പി ജെ ജോസഫിന്

കോട്ടയം അകലക്കുന്നം ഗ്രാമപ്പഞ്ചായത്തിലെ പൂവത്തിളപ്പ് വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലാണ് ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്‌നം അനുവദിക്കാന്‍ തീരുമാനിച്ചത്. പി ജെ ജോസഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്‌നം അനുവദിക്കാമെന്ന് വരണാധികാരിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ജോസ് കെ മാണിക്ക് തിരിച്ചടി; രണ്ടില ചിഹ്‌നം പി ജെ ജോസഫിന്
X

കോട്ടയം: കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്‌നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോട്ടയം അകലക്കുന്നം ഗ്രാമപ്പഞ്ചായത്തിലെ പൂവത്തിളപ്പ് വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലാണ് ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്‌നം അനുവദിക്കാന്‍ തീരുമാനിച്ചത്. പി ജെ ജോസഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്‌നം അനുവദിക്കാമെന്ന് വരണാധികാരിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രണ്ടില ചിഹ്‌നം ലഭിക്കുന്നത് സംബന്ധിച്ച് കേരള കോണ്‍ഗ്രസിലെ പി ജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമുണ്ടായിരിക്കുന്നത്.

ചിഹ്‌നം അനുവദിക്കുന്നത് സംബന്ധിച്ച് പി ജെ ജോസഫ് നല്‍കിയ കത്ത് പരിഗണിച്ചാണ് കമ്മീഷന്റെ നടപടി. ഉപതിതരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ഥിയായി ജോര്‍ജും ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായി ബിപിന്‍ തോമസും പത്രിക നല്‍കിയിരുന്നു. ഇവിടെയാണ് ബിപിന്‍ തോമസിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്‌നം അനുവദിച്ചത്. പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് തിരഞ്ഞെടുപ്പില്‍ രണ്ടില അനുവദിക്കുന്നത്. കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായ പി ജെ ജോസഫിനാണ് ചിഹ്‌നം സംബന്ധിച്ച് അധികാരമുള്ളതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജോസ് കെ മാണിയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.

ബളാല്‍ പഞ്ചായത്തിലെ വള്ളിക്കടവ് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്‌നം അനുവദിക്കണമെന്ന ആവശ്യമാണ് കമ്മീഷന്‍ തള്ളിയിരുന്നത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ ചിഹ്‌നം സംബന്ധിച്ച് ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മില്‍ കടുത്ത തര്‍ക്കം ഉടലെടുത്തിരുന്നു.നിലവില്‍ ചിഹ്‌നം സംബന്ധിച്ച തര്‍ക്കം കേന്ദ്ര തിരഞ്ഞെടുപ്പുകമ്മീഷന്റെ പരിഗണനയിലാണുള്ളത്. അതേസമയം, രണ്ടില ചിഹ്നത്തില്‍ അന്തിമതീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപോര്‍ട്ട് സംസ്ഥാന ഇലക്ഷന്‍ കമ്മീഷനും ബാധകമാണ്.

ഇതുസംബന്ധിച്ച് കേന്ദ്ര ഇലക്ഷന്‍ കമ്മീഷനില്‍ ഹിയറിങ് നടന്നുകൊണ്ടിരിക്കുകയാണ്. ജനപ്രതിനിധികളിലെയും പാര്‍ട്ടിഘടകങ്ങളിലെയും ഭൂരിപക്ഷം പരിഗണിച്ചുകൊണ്ടാണ് തീരുമാനമെടുക്കുക. കഴിഞ്ഞ 26ന് പി ജെ ജോസഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ പലരും പാര്‍ട്ടി പ്രാഥമിക അംഗത്വം പോലുമില്ലാത്ത വ്യാജന്‍മാരാണ്. ഇക്കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കുശേഷം ഉടന്‍ തന്നെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കും. യഥാര്‍ഥ വസ്തുത ഇതായിരിക്കെ രണ്ടില ചിഹ്‌നം അനുവദിച്ചുകിട്ടിയെന്ന മട്ടില്‍ പതിവുപോലെ പി ജെ ജോസഫ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.


Next Story

RELATED STORIES

Share it