Kerala

വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം: പിഡിപി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം: പിഡിപി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി
X

കോഴിക്കോട്: വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ നിലവിലുള്ള അവസ്ഥ അതീവ ഗൗരവമായി പരിഗണിക്കപ്പെണമെന്ന് ആവശ്യപ്പെട്ട് പിഡിപി കേന്ദ്രകമ്മിറ്റി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും നിവേദനം നല്‍കി. പല രാജ്യങ്ങളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ തൊഴിലില്ലാതെയും മതിയായ ഭക്ഷണം ലഭ്യമാകാതെ മാനസികപ്രയാസത്തിലും തൊഴിലിടങ്ങളില്‍ മതിയായ താമസ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന വിദേശഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര ഇടപെടല്‍ വേണം. സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ നൂറുകണക്കിന് പേര്‍ ഒരേമുറിയില്‍ ഒരുമിച്ച് കഴിയേണ്ടി വരുന്ന സാഹചര്യം രോഗം അതിവേഗം പടരുമെന്ന ഭീതിയിലാണുള്ളത്. കൊവിഡ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് വിദേശ വിമാനക്കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങിവരാന്‍ സന്നദ്ധരായവരെ നാട്ടില്‍ എത്തിക്കുന്നതിന് വിദേശ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കണം.

വിമാനത്താവളങ്ങളില്‍ വിദഗ്ധ പരിശോധന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും രോഗലക്ഷണങ്ങളുള്ളവരെ വിദഗ്ധ പരിചരണത്തിനായി ആശുപത്രികളിലേക്കും , രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ വിമാനത്താവളങ്ങളില്‍ നിന്ന് നിരീക്ഷണ സംവിധാനങ്ങളിലേക്കും മാറ്റാനുള്ള ക്രമീകരണങ്ങള്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കുകയാണെങ്കില്‍ പ്രവാസികളുടെ മടങ്ങി വരവിന്റെ പേരില്‍ രോഗവ്യാപനം ഒഴിവാക്കാനാവും. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ മതിയായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി വിദേശ മലയാളികള്‍ക്ക് നാട്ടിലെത്താനുള്ള അവസരം ഒരുക്കിക്കൊടുക്കാര്‍ അടിയന്തിരമായ ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണം. അതോടൊപ്പം പ്രയാസപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്കായി അടിയന്തിര സഹായധനം പ്രഖ്യാപിക്കണം. കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസി സഹോദരങ്ങളുടെ നിരീക്ഷണ കാലയളവിലെ പരിചരണത്തിനായി സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവരെ കൂടാതെ ആയിരം വോളന്റിയര്‍മാരെ കൂടി വിട്ടുനല്‍കാന്‍ പിഡിപി സന്നദ്ധമാണെന്നും കേന്ദ്രകമ്മിറ്റി അറിയിച്ചു. ഇന്നലെ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം സമര്‍പ്പിച്ചിരുന്നു.


Next Story

RELATED STORIES

Share it