Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്ലേറ്റ്‌ലെറ്റ് ഫെറെസിസ് സംവിധാനം

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് പിന്നാലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ സംവിധാനം സജ്ജമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്ലേറ്റ്‌ലെറ്റ് ഫെറെസിസ് സംവിധാനം
X

തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തില്‍ അഫെറെസിസ് ടെക്‌നോളജി മുഖേന ആവശ്യമായ രക്തഘടകം മാത്രം വേര്‍തിരിച്ചെടുക്കുവാനുള്ള പ്ലേറ്റ്‌ലെറ്റ് ഫെറെസിസ് സംവിധാനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 20 ലക്ഷത്തോളം വില വരുന്ന ഫ്രസിനിയസ് കോംറ്റെക് മെഷീന്‍ ആണ് ഈ സംവിധാനത്തിനായി ലഭ്യമാക്കിയിട്ടുള്ളത്. നിശ്ചിത രക്ത ഘടകം മാത്രം ശേഖരിച്ച് ശേഷിച്ച ഘടകങ്ങള്‍ ദാതാവിന്റെ ശരീരത്തിലേക്ക് തിരികെ കയറ്റാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിലൂടെ സമയം വൈകാതെ പ്ലേറ്റ്‌ലെറ്റുകള്‍ ശേഖരിക്കാനാകും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് പിന്നാലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ സംവിധാനം സജ്ജമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തുടര്‍ച്ചയായി പ്ലേറ്റ്‌ലെറ്റ് കയറ്റേണ്ടി വരുന്ന രക്താര്‍ബുദം, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്ന മറ്റ് അസുഖങ്ങള്‍, ഡെങ്കിപ്പനി മുതലായവക്ക് ഇത് ഉപയോഗിക്കാം. മജ്ജ മാറ്റിവക്കല്‍, അവയവം മാറ്റിവക്കല്‍ എന്നീ ചികിത്സകളില്‍ അല്ലോഇമ്മ്യൂണൈസേഷന്‍ തടയുന്നതിനായും ഉപയോഗിക്കുന്നു. അപൂര്‍വമായ രക്ത ഗ്രൂപ്പുകള്‍ക്ക് രക്ത ദാതാക്കള്‍ വിരളമായ സന്ദര്‍ഭങ്ങളില്‍ അഫെറെസിസ് വഴി പ്ലേറ്റ്‌ലേറ്റ് ശേഖരിച്ചും രോഗിക്ക് നല്‍കാവുന്നതാണ്.

രക്ത ദാതാവില്‍ നിന്ന് കുറഞ്ഞ അളവിലുള്ള രക്തം തുടര്‍ച്ചയായി മെഷീനിലൂടെ കടത്തി വിട്ട് സെന്‍ട്രിഫ്യൂഗേഷന്‍ പ്രക്രിയ വഴിയാണ് രക്ത ഘടകങ്ങള്‍ വേര്‍തിരിക്കുന്നത്. ഉയര്‍ന്ന ഗുണമേന്മയുള്ള രക്ത ഘടകമാണ് ഈ പ്രക്രിയ വഴി ലഭിക്കുന്നത്. മൂന്ന് മുതല്‍ ആറ് വരെ രക്ത ദാതാക്കളില്‍ നിന്നും രക്തം ശേഖരിച്ച് ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിന് തുല്യമാണ് അഫെറെസിസ് വഴി ശേഖരിക്കുന്ന ഒരു യൂണിറ്റ് പ്ലേറ്റലെറ്റ്. തന്മൂലം ഏറെ രക്ത ദാതാക്കളില്‍ നിന്നുള്ള രക്തം രോഗിക്ക് സ്വീകരിക്കേണ്ടി വരുന്നില്ല.

വര്‍ഷത്തില്‍ പല തവണ ഒരു രക്ത ദാതാവില്‍ നിന്ന് അഫെറെസിസ് വഴി പ്ലേറ്റ്‌ലറ്റ് മാത്രമായി വേര്‍തിരിച്ചെടുക്കാവുന്നതാണ്. രക്തദാതാവിന്റെ മെഡിക്കല്‍ പരിശോധനയും ടെസ്റ്റുകളും നടത്തി മാത്രമേ അഫെറെസിസ് പ്രക്രിയ നടത്താനാകുകയുള്ളൂ. ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെയാണ് അഫെറെസിസ് പ്രക്രിയ ചെയ്യാനെടുക്കുന്ന സമയം. ഒരു ദാതാവില്‍ നിന്ന് ഒരു തവണ അഫെറെസിസ് വഴി പ്ലേറ്റലെറ്റ് വേര്‍തിരിക്കുന്നതിന് 7,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ചെലവ് വരുന്നത്.

Next Story

RELATED STORIES

Share it