Kerala

പോലിസ് യൂനിറ്റുകള്‍ പലതും സ്ഥാപിത താല്‍പര്യക്കാരുടെ നിയന്ത്രണത്തില്‍: ഡോ. അലക്‌സാണ്ടര്‍ ജേക്കബ്

കേരള പോലിസില്‍ െ്രെകം റെക്കോഡുകള്‍ സൂക്ഷിക്കുന്നതിലും വലിയ വീഴചകളാണ് സംഭവിച്ചിട്ടുള്ളത്

പോലിസ് യൂനിറ്റുകള്‍ പലതും സ്ഥാപിത താല്‍പര്യക്കാരുടെ നിയന്ത്രണത്തില്‍: ഡോ. അലക്‌സാണ്ടര്‍ ജേക്കബ്
X

ദമ്മാം: പോലിസ് യൂനിറ്റുകള്‍ പലതും ചില സ്ഥാപിത താല്‍പര്യക്കാരുടെ നിയന്ത്രണത്തിലാണെന്നും അത്തരം യൂനിറ്റുകള്‍ മോചിപ്പിക്കപ്പെടേണ്ടതുണ്ടെന്നും മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്. ദമ്മാമില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പോലിസ് സേനയില്‍ നവീകരണം വളരെ അനിവാര്യമാണ്. കേരള പോലിസിന്റെ നവീകരണത്തിനായി ആറോളം റിപോര്‍ട്ടുകള്‍ ഇതുവരെ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ആദ്യ മന്ത്രിസഭയായ ഇഎംഎസിന്റെ കാലത്ത് 1959ല്‍ നിയമിക്കപ്പെട്ട എന്‍ സി ചാറ്റര്‍ജ്ജി കമ്മിറ്റിയുടെ റിപോര്‍ട്ടാണു ആദ്യത്തേത്. 1962ല്‍ പി ടി ചാക്കോ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഒരു കമ്മീഷനെ നിശ്ചയിച്ചെങ്കിലും റിപോര്‍ട്ട് വരുന്നതിനു മുമ്പ് അദ്ദേഹം സ്ഥാനത്ത് നിന്നൊഴിഞ്ഞതിനാല്‍ നടപ്പാക്കാനായില്ല. ശ്രദ്ധേയമായ മറ്റൊരു റിപോര്‍ട്ടായിരുന്നു ടി എ എസ് അയ്യര്‍ റിപോര്‍ട്ട്. 1990ല്‍ എം കെ ജോസഫ് കമ്മിറ്റി റിപോര്‍ട്ട് വരുന്ന അതേസമയം തന്നെയാണ് ധര്‍മ്മവീര ചെയര്‍മാനായ 8 വാല്യങ്ങളുള്ള കേന്ദ്ര റിപോര്‍ട്ട് വരുന്നത്. പിന്നീട് കേരള പോലിസ് 2000 എന്ന പേരില്‍ എന്റെ ചുമതലയില്‍ മറ്റൊരു റിപോര്‍ട്ട് തയ്യാറായി. 2004ല്‍ സുപ്രിം കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് എം കെ തോമസിന്റെ നേതൃത്വത്തില്‍ സമഗ്രമായ മറ്റൊരു റിപോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍ ഈ റിപോര്‍ട്ടുകളൊന്നും നടപ്പാക്കാന്‍ കാലാകാലങ്ങളായി വന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഒന്നാമത്തെ കേരള മന്ത്രിസഭയുടെ കാലത്ത് 8500 കുറ്റകൃത്യങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2018ല്‍ അത് 8 ലക്ഷമായി ഉയര്‍ന്നു. പോലിസിനെ സംബന്ധിച്ചിടത്തോളം ഇത് ചാര്‍ജ്ജ് ചെയ്യലും അന്വേഷിക്കലും തുടര്‍ നടപടികള്‍ സ്വീകരിക്കലും ബൃഹത്തായ ജോലിയാണ്. കേരളത്തില്‍ ഒരാണ്ടില്‍ 44000 റോഡപകടങ്ങള്‍ സംഭവിക്കുന്നു. അതില്‍ 4200 പേര്‍ മരിക്കുന്നുവെന്നാണ് കണക്ക്. ഇതൊക്കെ പരിഹരിക്കപ്പെടണമെങ്കില്‍ പോലിസില്‍ ആവശ്യമായ മനുഷ്യ വിഭവവും സാങ്കേതിക വിദ്യയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള പോലിസില്‍ െ്രെകം റെക്കോഡുകള്‍ സൂക്ഷിക്കുന്നതിലും വലിയ വീഴചകളാണ് സംഭവിച്ചിട്ടുള്ളത്. കേസ് ഡയറികള്‍ പലപ്പോഴും അപ്രത്യക്ഷമായ സാഹചര്യവും ഉണ്ടായിട്ടുണ്ട്. പാളിയ റെക്കോഡിങ് സംവിധാനമാണ് പലപ്പോഴും ഉണ്ടായിട്ടുള്ളത്. ഈ പ്രശ്‌നങ്ങളെല്ലാം സേനയുടെ നവീകരണത്തിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it