Kerala

രാജ്യത്തെ മഹാവിപത്തായ ആര്‍എസ്എസ്സിനെതിരേ ജനകീയപ്രതിരോധം ഉയര്‍ന്നുവരണം: കെ എച്ച് നാസര്‍

ഇടത് പാര്‍ട്ടികള്‍ ഇരട്ടത്താപ്പ് സമീപനമാണ് സ്വീകരിക്കുന്നത്. അമിത് ഷാ എന്‍ആര്‍സി നടപ്പാക്കുമെന്ന് പറയുമ്പോള്‍ പിണറായി പറയുന്നത് നടപ്പാക്കില്ലെന്നാണ്. എന്നാല്‍, കേരളത്തില്‍ പൗരത്വപ്രക്ഷോഭകര്‍ക്കെതിരേ 504 ഓളം കേസുകളെടുത്തിരിക്കുകയാണ്. ഈ കേസുകള്‍ പിന്‍വലിക്കാന്‍ പിണറായി വിജയന്‍ തയ്യാറാവുമോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ മഹാവിപത്തായ ആര്‍എസ്എസ്സിനെതിരേ ജനകീയപ്രതിരോധം ഉയര്‍ന്നുവരണം: കെ എച്ച് നാസര്‍
X

തൂക്കുപാലം (ഇടുക്കി): രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ആര്‍എസ്എസ് എന്ന മഹാവിപത്തിനെതിരേ ശക്തമായ ജനകീയപ്രതിരോധത്തിന് തയ്യാറാവുന്നതിന് ദലിത്, പിന്നാക്ക ന്യൂനപക്ഷം അടക്കമുള്ള എല്ലാ ജനവിഭാഗങ്ങളും പോപുലര്‍ ഫ്രണ്ടിനൊപ്പം അണിചേരണമെന്ന് സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസര്‍. പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം' എന്ന മുദ്രാവാക്യത്തില്‍ ഇടുക്കി തൂക്കുപാലത്ത് സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത് ചരിത്രത്തില്‍ മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത കടുത്ത വെല്ലുവിളികളിലൂടെയും പ്രതിസന്ധികളിലൂടെയുമാണെന്നത് ബോധ്യമുള്ള കാര്യമാണ്. ജനാധിപത്യ ഇന്ത്യ അതിവേഗം ഒരു ഹിന്ദുരാഷ്ട്രത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണ്.

രാജ്യത്തിന്റെ യഥാര്‍ഥ ശത്രുവിനെ തിരിച്ചറിയുകയും അവരെ നേരിടാന്‍ പ്രതിജ്ഞയെടുത്ത പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്. ആര്‍എസ്എസ്സിന് മുമ്പും ശേഷവും ഉടലെടുത്ത ഒരു പ്രസ്ഥാനവും വെല്ലുവിളികളെയും അതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടില്ല. തൂക്കുമരങ്ങളും തടങ്കല്‍ പാളയങ്ങളും സൃഷ്ടിച്ചുകൊണ്ട് ഈ സംഘത്തെ നശിപ്പിക്കാന്‍ കഴിയുമെന്നത് സംഘപരിവാറിന്റെ ദിവാസ്വപ്‌നം മാത്രമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2025 ല്‍ ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാന്‍ ഗൂഢലക്ഷ്യവുമായി ആര്‍എസ്എസ്സും സംഘപരിവാര്‍ ഭരണവും മുന്നോട്ടുപോവുന്നു. ഇന്ത്യ ഔപചാരികമായി ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിലും അതിവേഗം ഹിന്ദുരാഷ്ട്രത്തിലേക്ക് നടന്നടുക്കുകയാണ്.

ഓരോ സംഭവവികാസവും ഇഴകീറി പരിശോധിക്കുമ്പോള്‍ ഇത് മനസ്സിലാവും. നീതിന്യായ വ്യവസ്ഥയില്‍ ലജ്ജാകരമായ വിധിയാണ് ബാബരി കേസിലുണ്ടായത്. ബാബരി തകര്‍ത്തത് അന്യായമായ ക്രിമിനല്‍ കുറ്റമാണെന്ന് കോടതി പറയുന്നു. അത് നിലനിന്ന ഭൂമി യഥാര്‍ഥ ഉടമകളായ മുസ്‌ലിംകള്‍ക്ക് വിട്ടുനല്‍കാതെ തകര്‍ത്ത ആളുകള്‍ക്കുതന്നെ വിട്ടുനല്‍കിയ വിചിത്രമായ വിധിയാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ജനങ്ങളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് കശ്മീരിന്റെ സ്വയംഭരണാധികാരം എടുത്തുകളഞ്ഞത്. വിവാഹമോചനം ക്രിമിനല്‍ കുറ്റമായി മാറ്റിയിരിക്കുന്നു. മനുസ്മൃതിയാണ് ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതെന്ന് സൂചന നല്‍കിക്കൊണ്ട് പഴയ യുഗത്തിലേക്ക് ഇന്ത്യയെ തിരിച്ചുനടത്തുന്നു. പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ച് ഉത്തരവിറക്കി.

പുതിയ ലൗ ജിഹാദ് നിയമങ്ങള്‍ യുപി പോലുള്ള സംസ്ഥാനങ്ങളില്‍ അതിവേഗത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് ജനിച്ചുവളര്‍ന്ന സ്വാതന്ത്ര്യത്തിനുവേണ്ടി ജീവനും രക്തവും നല്‍കിയ മുസ്‌ലിംകള്‍ക്ക് പൗരത്വം നിഷേധിക്കുന്ന നിയമം പാര്‍ലമെന്റിലൂടെ പാസാക്കിയെടുക്കാന്‍ കഴിഞ്ഞു. കൊവിഡ് വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ സിഎഎ നടപ്പാക്കുമെന്ന് അമിത് ഷാ പറയുന്നു. വര്‍ഗീയഫാഷിസത്തിനെതിരേ ഉയരുന്ന എല്ലാ എതിര്‍ശബ്ദങ്ങളെയും ഭരണകൂടത്തിന്റെ മിഷനറികളായ ഇഡി, സിബിഐ, എന്‍ഐഎ, യുപി പോലിസ് ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു. പുതിയൊരു വര്‍ഗീയ കലാപത്തിന് വളംനല്‍കുന്ന വിധത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരണവും രാജ്യത്തെ പല സ്ഥലങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. ഇതിനായി ലക്ഷങ്ങള്‍ സംഭാവന ചെയ്യുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെയും എംപിമാരെയും കാണാന്‍ കഴിയും. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മാറിയിരിക്കുന്നു.

ഇടത് പാര്‍ട്ടികള്‍ ഇരട്ടത്താപ്പ് സമീപനമാണ് സ്വീകരിക്കുന്നത്. അമിത് ഷാ എന്‍ആര്‍സി നടപ്പാക്കുമെന്ന് പറയുമ്പോള്‍ പിണറായി പറയുന്നത് നടപ്പാക്കില്ലെന്നാണ്. എന്നാല്‍, കേരളത്തില്‍ പൗരത്വപ്രക്ഷോഭകര്‍ക്കെതിരേ 504 ഓളം കേസുകളെടുത്തിരിക്കുകയാണ്. ഈ കേസുകള്‍ പിന്‍വലിക്കാന്‍ പിണറായി വിജയന്‍ തയ്യാറാവുമോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൂക്കുപാലം വിജയ മാതാ സ്‌കൂളിനു മുന്‍വശത്തുനിന്നും ആരംഭിച്ച യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും ശഹീദ് ആലി മുസ്‌ല്യാര്‍ നഗറില്‍ (ലൈബ്രറി മൈതാനം) സമാപിച്ചു.

സമ്മേളനത്തില്‍ പണ്ഡിതനും ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് സംസ്ഥാന സെക്രട്ടറിയുമായ വി എച്ച് അലിയാര്‍ ഖാസിമി മുഖ്യാതിഥിയായിരുന്നു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ടി എ നൗഷാദ് അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഈരാറ്റുപേട്ട നോര്‍ത്ത് ഡിവിഷന്‍ സെക്രട്ടറി കെ പി ഫൈസല്‍ സന്ദേശം നല്‍കി. റോയ് അറക്കല്‍ (എസ്ഡിപിഐ സംസ്ഥാന ജന: സെക്രട്ടറി), അബ്ദുല്‍ റസ്സാക്ക് മൗലവി കാഞ്ഞാര്‍ (ജില്ലാ പ്രസിഡന്റ്, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ഇടുക്കി), എ നസീമ ബീവി (എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ്), അല്‍ഹാഫിസ് യൂസുഫ് ഖാസിമി (ജംഇയ്യത്തുല്‍ ഉലമ താലൂക്ക് സെക്രട്ടറി), ഫൗസിയ നവാസ് (കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അന്‍വര്‍ ഹുസൈന്‍, പ്രോഗ്രാം കണ്‍വീനര്‍ എം കെ ബഷീര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it