Kerala

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ ഉത്തരവ്

കോട്ടയം വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ അതോറിറ്റിയുടേതാണ് ഉത്തരവ്. സുരക്ഷയൊരുക്കുന്നതിനായി മൂവാറ്റുപുഴ ഡിവൈഎസ്പിക്കാണ് നിര്‍ദേശം നല്‍കിയത്. വിചാരണ ആരംഭിക്കുമ്പോള്‍ കോട്ടയത്തെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുന്നതിനായി ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ ഉത്തരവ്
X

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലെ പ്രധാന സാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ ഉത്തരവ്. കോട്ടയം വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ അതോറിറ്റിയുടേതാണ് ഉത്തരവ്. സുരക്ഷയൊരുക്കുന്നതിനായി മൂവാറ്റുപുഴ ഡിവൈഎസ്പിക്കാണ് നിര്‍ദേശം നല്‍കിയത്. വിചാരണ ആരംഭിക്കുമ്പോള്‍ കോട്ടയത്തെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുന്നതിനായി ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ജഡ്ജി, ജില്ലാ പോലിസ് മേധാവി, പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരടങ്ങിയതാണ് അതോറിറ്റി. കോട്ടയം ആര്‍പ്പൂക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനത്തില്‍ ലിസിയെ പാര്‍പ്പിക്കാനാണ് അതോറിറ്റിയുടെ നിര്‍ദേശം.

2018 ഡിസംബര്‍ അഞ്ചിന് സുപ്രിംകോടതി പുറപ്പെടുവിച്ച വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം ഇന്ത്യയിലുണ്ടാവുന്ന ആദ്യത്തെ ഉത്തരവാണ് ലിസിയുടെ കാര്യത്തില്‍ നല്‍കിയിരിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയശേഷം ലിസിയെ പുതിയ താമസസ്ഥലത്തേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. അപായസാധ്യത നിലനില്‍ക്കുന്നതും കരുതല്‍ വേണ്ടതുമായ ഗ്രൂപ്പിലാണ് ലിസി വടക്കേലിനെ പരിഗണിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ജ്യോതി ഭവനിലാണ് സിസ്റ്റര്‍ ലിസി ഇപ്പോള്‍ താമസിക്കുന്നത്. ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം പാലാ കോടതിയില്‍ കഴിഞ്ഞ ദിവസം അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു.

കന്യാസ്ത്രീ പീഡനക്കേസിലെ നിര്‍ണായകസാക്ഷിയാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) അംഗമായ സിസ്റ്റര്‍ ലിസി വടക്കേല്‍. ബിഷപ്പിനെതിരേ മൊഴി നല്‍കിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ ഇവരെ എഫ്‌സിസിയുടെ വിജയവാഡ പ്രോവിന്‍സിലേക്ക് സ്ഥലം മാറ്റിയിരുന്നു. അവിടെവച്ച് തനിക്ക് മാനസികവും വൈകാരികവുമായ പീഡനമാണ് ഏറ്റുവാങ്ങേണ്ടിവന്നതെന്നും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നും ജീവന്‍തന്നെ അപകടത്തിലാവുമെന്ന ഘട്ടത്തില്‍ രക്ഷപ്പെട്ട് കേരളത്തിലേക്ക് പോരുകയാണുണ്ടായതെന്നും ലിസി വെളിപ്പെടുത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച സഹചര്യത്തില്‍ സാക്ഷികള്‍ക്ക് കൂടുതല്‍ സംരക്ഷണം വേണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് അതോറിറ്റിയുടെ നടപടി.

Next Story

RELATED STORIES

Share it