Kerala

റഊഫ് ശരീഫിന്റെ അറസ്റ്റ്: എസ്ടിഎഫും ഇഡിയും ആര്‍എസ്എസ്സിന്റെ അജണ്ട നടപ്പിലാക്കുന്നു- കാംപസ് ഫ്രണ്ട്

മലയാളിയായ റഊഫ് ശരീഫ് എന്‍ആര്‍സി- സിഎഎ വിരുദ്ധ സമരങ്ങളില്‍ സജീവമായിരുന്നു. ഹാഥ്‌റസിലെ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോയ മലയാളിയായ മാധ്യമപ്രവര്‍ത്തകനെ അന്യായമായി അറസ്റ്റുചെയ്ത അതേ പോലിസാണ് റഊഫിനെയും അറസ്റ്റുചെയ്തിരിക്കുന്നത്. ആര്‍എസ്എസ്സിനെതിരേ ശബ്ദമുയര്‍ത്തുന്നവരെ പീഡിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിനെ ഫാഷിസ്റ്റ് തടവറയാക്കിമാറ്റിയിരിക്കുകയാണ്.

റഊഫ് ശരീഫിന്റെ അറസ്റ്റ്: എസ്ടിഎഫും ഇഡിയും ആര്‍എസ്എസ്സിന്റെ അജണ്ട നടപ്പിലാക്കുന്നു- കാംപസ് ഫ്രണ്ട്
X

കൊച്ചി: ഹാഥ്‌റസ് സംഭവവുമായി ബന്ധപ്പെട്ട് യുപി എസ്ടിഎഫ് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിനെ അറസ്റ്റുചെയ്തത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് കാംപസ് ഫ്രണ്ട് ഫ്രണ്ട് ഓഫ് ഇന്ത്യ. ഇഡി കേസില്‍ റഊഫിന് ജാമ്യം ലഭിച്ചതിനു പിന്നാലെയുള്ള യുപി പോലിസിന്റെ അറസ്റ്റ് കാംപസ് ഫ്രണ്ടിന്റെ മേല്‍ തീവ്രവാദപട്ടം ചാര്‍ത്താനും വിയോജിപ്പിന്റെ ശബ്ദങ്ങളെ അനിശ്ചിതമായി തടവിലാക്കുന്നതിനുമായി ആര്‍എസ്എസ് ആവിഷ്‌കരിച്ച തിരക്കഥയാണെന്ന് കാംപസ് ഫ്രണ്ട് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റൗഫിനെ അറസ്റ്റുചെയ്തിരുന്നു.

എന്നാല്‍, കോടതി നടപടികളുടെ ഒരുഘട്ടത്തിലും റഊഫിനെതിരേ ഒരു തെളിവുപോലും ഏജന്‍സിക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നതിന് ഇഡി സ്വീകരിച്ച നിയമവിരുദ്ധമായ വഴികള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും കോടതി ഏജന്‍സിയെ ശക്തമായി ശാസിക്കുകയും ചെയ്തിരുന്നു. റഊഫിനെതിരായ സാമ്പത്തിക കുറ്റകൃത്യത്തിന്റെ കേസ് കോടതിയില്‍ ദയനീയമായി പരാജയപ്പെടുമെന്ന് മനസ്സിലാക്കിയ എസ്ടിഎഫ് റഊഫിനെ വ്യാജകേസില്‍ ഉള്‍പ്പെടുത്തി. ഒക്ടോബറില്‍ ഹാഥ്‌റസില്‍ വര്‍ഗീയ അക്രമത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് കാംപസ് ഫ്രണ്ട് നേതാക്കളായ അതീഖ് റഹ്മാന്‍, മസൂദ് എന്നിവരെ അറസ്റ്റുചെയ്തു.

ബലാല്‍സംഗത്തിനിരയായ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്രചെയ്യുന്നതിനിടെ യുഎപിഎ, രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു. സന്ദര്‍ശനത്തിന് സാമ്പത്തിക സഹായം ചെയ്തുവെന്നാരോപിച്ച് റൗഫിനെതിരേ കേസെടുത്തു. എന്നാല്‍ 'ഇത് നിലനില്‍ക്കുന്നില്ല' എന്ന് നിരീക്ഷിച്ച് കോടതി ആരോപണം തള്ളി. ഇതെത്തുടര്‍ന്ന് യുപിയിലെ പിഎംഎല്‍എ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റണമെന്ന് ഇഡി അപ്പീല്‍ നല്‍കി. കോടതി ഇത് നിരസിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. റഊഫ് ജയിലില്‍നിന്ന് മോചിതനായ ദിവസം, എസ്ടിഎഫ് റഊഫിനെ അറസ്റ്റുചെയ്യുന്നതിനായി മഥുര കോടതിയില്‍നിന്ന് വാറണ്ട് സംഘടിപ്പിക്കുകയും റഊഫിനെ യുപിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇത് കൃത്യമായ തിരക്കഥയുടെ ഭാഗമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

മലയാളിയായ റഊഫ് ശരീഫ് എന്‍ആര്‍സി- സിഎഎ വിരുദ്ധ സമരങ്ങളില്‍ സജീവമായിരുന്നു. ഹാഥ്‌റസിലെ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോയ മലയാളിയായ മാധ്യമപ്രവര്‍ത്തകനെ അന്യായമായി അറസ്റ്റുചെയ്ത അതേ പോലിസാണ് റഊഫിനെയും അറസ്റ്റുചെയ്തിരിക്കുന്നത്. ആര്‍എസ്എസ്സിനെതിരേ ശബ്ദമുയര്‍ത്തുന്നവരെ പീഡിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിനെ ഫാഷിസ്റ്റ് തടവറയാക്കിമാറ്റിയിരിക്കുകയാണ്. നിരവധി യുവാക്കളെ മോദി സര്‍ക്കാര്‍ ഗുരുതരമായ കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് തടവിലാക്കിയിട്ടുണ്ട്. റഊഫിന്റെ കാര്യത്തിലെന്നപോലെ, തെറ്റായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കേസുകളുണ്ടാക്കി അവരുടെ മോചനം തടയുകയാണ്.

യുവാക്കളെ തടവിലാക്കുന്നതിലൂടെ ആര്‍എസ്എസ്-ബിജെപി നമ്മുടെ രാജ്യത്തിന്റെ ഭാവിയെ ഇല്ലായ്മ ചെയ്യുകയാണ്. എന്നിരുന്നാലും, ആര്‍എസ്എസ്സിന്റെ ഹിന്ദുത്വ രാഷ്ട്ര സങ്കല്‍പത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് നാം മുന്നോട്ടുവയ്ക്കുന്നത്. ഭരണകൂട വേട്ടയാടലിനെതിരേ പോരാടണമെന്ന് വിദ്യാര്‍ഥികളോടും യുവാക്കളോടും കാംപസ് ഫ്രണ്ട് ആവിശ്യപ്പെടുകയാണ്. ആര്‍എസ്എസ്സിന്റെ അജണ്ട പ്രകാരം തടവറകളിലാക്കിയ എല്ലാ പ്രവര്‍ത്തകരെയും വിദ്യാര്‍ഥി നേതാക്കളെയും മോചിപ്പിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി, സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍, സംസ്ഥാന സമിതി അംഗങ്ങളായ ആസിഫ് എം നാസര്‍, ഫൗസിയ നവാസ്, എറണാകുളം ജില്ലാ പ്രസിഡന്റ് സദ്ദാം വാലത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it