Kerala

റിയാസ് മൗലവി വധം; കോടതി വിധി ആര്‍ എസ് എസുമായി നടത്തിയ ഒത്തുകളിയുടെ ബാക്കിപത്രം: വെല്‍ഫെയര്‍ പാര്‍ട്ടി

റിയാസ് മൗലവി വധം; കോടതി വിധി ആര്‍ എസ് എസുമായി നടത്തിയ ഒത്തുകളിയുടെ ബാക്കിപത്രം: വെല്‍ഫെയര്‍ പാര്‍ട്ടി
X

കാസര്‍ഗോഡ്: റിയാസ് മൗലവി വധത്തില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട കോടതി വിധി ആര്‍ എസ് എസുമായി നടത്തിയ ഒത്തുകളിയുടെ പരിണിത ഫലമാണെന്നും ഈ വിധിക്കെതിരെ സര്‍ക്കാര്‍ തന്നെ അപ്പീല്‍ നല്‍കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കൊല നടത്തിയവരും ഗൂഢാലോചകരും നിയമപരമായി നിരപരാധികളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍, വിശിഷ്യാ കാസര്‍ഗോഡ് ആര്‍ എസ് എസു കാര്‍ പ്രതികളായ കേസുകളില്‍ പ്രതികള്‍ ശിക്ഷക്കപ്പെടാതെ പോകുന്നത് ആദ്യമായിട്ടല്ല. ചൂരി മദ്‌റസയിലെ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയിട്ടും സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നും മദ്യലഹരിയില്‍ പ്രതികള്‍ ചെയ്തു പോയതാണെന്നും സ്ഥാപിക്കാന്‍ അന്ന് തന്നെ അന്വേഷണ സംഘം ശ്രമിച്ചിരുന്നു. പ്രതികള്‍ക്കനുകൂലമായ വിധി ഉണ്ടാകുന്നതിന് ഇത് പ്രധാന കാരണമായിട്ടുണ്ട്.

ഹിന്ദുത്വ തീവ്രവാദം കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കേസ് ആയിരുന്നിട്ടു പോലും കൃത്യം ചെയ്ത മൂന്നു പേരില്‍ മാത്രം കേന്ദ്രീകരിച്ച് കേസിനെ ദുര്‍ബലമാക്കുകയാണ് അന്വേഷണ സംഘം ചെയ്തത്.അതിന്റെ സ്വാഭാവിക പരിണിതിയാണ് വിചാരണയില്‍ കണ്ടത്. സാക്ഷികളാരും കൂറുമാറാതിരുന്നിട്ടും എന്തു കൊണ്ടാണ് ഇത്തരത്തില്‍ ഒരു വിധിയുണ്ടായത് എന്നതിന് പ്രോസിക്യൂഷന്‍ ഉത്തരം പറയണം. കേരളത്തിലെ ആഭ്യന്തര വകുപ്പും ഇടത് സര്‍ക്കാരും ഇങ്ങനെ ഒരു വിധി ഉണ്ടായതിന് ഉത്തരവാദികളാണ്.

ആര്‍ എസ് എസ്സുകാര്‍ പ്രതികളാകുന്ന കുറ്റകൃത്യങ്ങളില്‍ കോടതികളില്‍ നിന്ന് അവര്‍ക്കനുകൂലമായ വിധികള്‍ വരുന്നത് സ്വാഭാവികമാണെന്ന് കരുതാനാവില്ല. സാധാരണ കൊലപാതക കേസുകളില്‍ കീഴ്‌ക്കോടതികള്‍ കടുത്ത ശിക്ഷ വിധിക്കുന്നതാണ് നമ്മുടെ നീതിന്യായ സംവിധാനത്തിലെ പതിവ്. പിന്നീട് മേല്‍ക്കോടതികള്‍ ശിക്ഷകള്‍ ലഘൂകരിക്കുകയാണ് ചെയ്യുക. ആലപ്പുഴയിലെ കേസില്‍ കൂട്ട വധശിക്ഷ വിധിച്ച അസ്വാഭാവിക ഉത്തരവ് ഈ അടുത്താണ് വന്നത്. എന്നാല്‍ ആര്‍ എസ് എസ് ക്രിമിനലുകള്‍ പ്രതികളായി വരുന്ന കേസുകളില്‍ കീഴ്‌ക്കോടതികള്‍ പ്രതികളെ വെറുതെ വിടുകയോ ലഘുവായ ശിക്ഷ പുറപ്പെടുവിക്കുകയോ ആണ് ചെയ്യുന്നത്. ഇത് കോടതികളുടെ വിശ്വാസ്യതയെ തന്നെയാണ് ബാധിക്കുന്നത്.

റിയാസ് മൗലവി വധം കേവലം ഒരു കൊലപാതക കേസ് എന്നതിലുപരി സമൂഹത്തില്‍ വംശീയ കലാപം ആളിക്കത്തിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത കൊലപാതകമാണ്. കോടതികള്‍ നീതിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമാവാഴ്ചയുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിനും പകരം വംശീയ തീവ്രവാദികള്‍ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കുന്ന പ്രവണത സമൂഹത്തിന്റെ കേട്ടുറപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയാസ് മൗലവിയുടെ കുടുംബത്തോടൊപ്പം വെല്‍ഫെയര്‍ പാര്‍ട്ടി അടിയുറച്ച് നില്‍ക്കുന്നുവെന്നും നിയമപോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയുടെ മുഴുവന്‍ പിന്തുണയും തുടര്‍ന്നും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസ് വംശീയ- ഉന്മൂലന രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി, മറകളില്ലാതെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it