Kerala

പോലിസില്‍ ആര്‍എസ്എസ് സ്വാധീനമുണ്ട്; നിലപാട് ആവര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍

പോലിസില്‍ ആര്‍എസ്എസ് സ്വാധീനമുണ്ട്; നിലപാട് ആവര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍
X

തിരുവനന്തപുരം: കേരളാ പോലിസില്‍ ആര്‍എസ്എസ് സ്വാധീനമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ടെന്നും പോലിസിലെ പ്രശ്‌നങ്ങള്‍ എല്ലാ കാലത്തുമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിടക്കം പോലിസിനെതിരേ രൂക്ഷമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം. പോലിസില്‍ ആര്‍എസ്എസ് അനുകൂലികളുടെ സാന്നിധ്യമുണ്ടെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും കോടിയേരി തുറന്നുസമ്മതിച്ചിരുന്നു. സ്‌റ്റേഷന്‍ ജോലികള്‍ ചെയ്യുന്നവരില്‍ ആര്‍എസ്എസ് അനുകൂലികളുണ്ട്.

ഇടത് അനുകൂല പോലിസുകാര്‍ ജോലിഭാരം കുറവുള്ള തസ്തികള്‍ തേടിപ്പോവുകയാണ്. ഗണ്‍മാനാവാനും സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ കയറാനും തിരക്കുകൂട്ടുന്നു. അവര്‍ പോവുമ്പോള്‍ ആ ഒഴിവില്‍ ആര്‍എസ്എസ് അനുകൂലികള്‍ കയറിക്കൂടുകയാണെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. അതേസമയം, രണ്ടാം പിണറായി സര്‍ക്കാരിനെതിരേ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെ കോടിയേരി പ്രതിരോധിച്ചു. അഞ്ച് കൊല്ലം പിന്നിട്ട സര്‍ക്കാരിനോടാണ് ഒമ്പത് മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നത്. സര്‍ക്കാരിന് സാവകാശം നല്‍കണം. വിമര്‍ശനം വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാര്‍ കൊള്ളാം. എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാര്‍ പോര. ആഭ്യന്തരവകുപ്പില്‍ പിടി അയയുന്നു തുടങ്ങി സര്‍ക്കാരിനെതിരേ നിരവധി വിമര്‍ശനങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. മന്ത്രി ഓഫിസുകള്‍ക്ക് വേഗത പോരെന്നായിരുന്നു പാളയം ഏരിയാ കമ്മിറ്റിക്ക് വേണ്ടി വി കെ പ്രശാന്ത് പറഞ്ഞത്. ആരോഗ്യ, വ്യവസായ മന്ത്രിമാര്‍ക്കെതിരേ വളരെ ഗൗരവതരമായ വിമര്‍ശനവും കോവളം ഏരിയാ കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫിസില്‍ പാവങ്ങള്‍ക്ക് കയറാന്‍ കഴിയുന്നില്ലെന്നായിരുന്നു വിമര്‍ശനം. സാധാരണ കുടുംബങ്ങളില്‍നിന്ന് എത്തുന്ന വനിതാ സഖാക്കള്‍ക്കെതിരേ അപവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കിളിമാനൂര്‍ ഏരിയാ കമ്മിറ്റിയുടെ പരാതി. വ്യവസായ വകുപ്പിനെതിരെയും തദ്ദേശ വകുപ്പിനെതിരെയും ആക്ഷേപങ്ങളുയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it