Kerala

പമ്പ ത്രിവേണിയിലെ മണല്‍ കടത്ത് അനുവദിക്കില്ലെന്ന് മന്ത്രി

മണല്‍ പുറത്തേക്ക് കൊണ്ടുപോകരുതെന്ന് വനംവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയതിനെ തുടര്‍ന്ന് നിലവില്‍ മണലെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് നിയന്ത്രണത്തില്‍ ശേഖരിച്ച മണല്‍ മാത്രമേ നീക്കം ചെയ്യാന്‍ അനുമതി ഉള്ളൂ.

പമ്പ ത്രിവേണിയിലെ മണല്‍ കടത്ത് അനുവദിക്കില്ലെന്ന് മന്ത്രി
X

പത്തനംതിട്ട: പമ്പ ത്രിവേണിയിലെ മണല്‍ കടത്ത് അനുവദിക്കില്ലെന്ന് വനം മന്ത്രി കെ രാജു. വനത്തിലെ മണലെടുപ്പിന് വനം വകുപ്പ് അനുമതി വേണം. ദുരന്ത നിവാരണ ഉത്തരവ് പ്രകാരം പമ്പയിലെ ചെളിയും മണ്ണും നീക്കാമെന്നും വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കെ രാജു പറഞ്ഞു. മണല്‍ പുറത്തേക്ക് കൊണ്ടുപോകരുതെന്ന് വനംവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയതിനെ തുടര്‍ന്ന് നിലവില്‍ മണലെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് നിയന്ത്രണത്തില്‍ ശേഖരിച്ച മണല്‍ മാത്രമേ നീക്കം ചെയ്യാന്‍ അനുമതി ഉള്ളൂ. വില പിന്നീട് നിശ്ചയിക്കുമെന്നാണ് വനം സെക്രട്ടറി ആശാ തോമസിന്റെ ഉത്തരവില്‍ പറയുന്നത്.

ഇതിന് പിന്നാലെ വനംവകുപ്പ് പറയും പോലെ മണല്‍ നീക്കാനാകില്ലെന്നും നീക്കം ചെയ്ത മണല്‍ വില്‍ക്കാനായില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്മാറുമെന്നും ക്ലേ ആന്റ് സെറാമിക്‌സ് എംഡി ടി കെ ഗോവിന്ദന്‍ നിലപാടെടുത്തിരുന്നു. കളക്ടര്‍ ഉത്തരവ് നല്‍കിയതിനാല്‍ മണലെടുപ്പ് വനംവകുപ്പ് അറിയേണ്ടതില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. പമ്പയിലെ പ്രളയാവശിഷ്ടം നീക്കാന്‍ അനുമതി നല്‍കിയ നടപടികളില്‍ ദുരൂഹതകള്‍ ഏറെയാണ്. ആദ്യ ഘട്ടത്തില്‍ മണല്‍നീക്കം തടഞ്ഞ വനംവകുപ്പ് ചീഫ് സെക്രട്ടറി ആയിരുന്ന ടോം ജോസ് നേരിട്ട് ഇടപെട്ടതോടെ മൗനത്തിലായി. മണല്‍ നീക്കാന്‍ ഉത്തരവിടാന്‍ ദേവസ്വം സെക്രട്ടറിക്ക് അധികാരമുണ്ടോ എന്ന നിയമപ്രശ്‌നവും ഉയരുകയാണ്.

2018 ലെ പ്രളയത്തെ തുടര്‍ന്ന് പമ്പയില്‍ അടിഞ്ഞ് കൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ കേരളാ ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് കമ്പനിയെ ചുമതലപ്പെടുത്തി ദേവസ്വം സെക്രട്ടറിയാണ് ഉത്തരവിറക്കിയത് എന്നാല്‍ ദേവസ്വത്തിന്റെ പരിധിയില്‍ വരുന്നതല്ല പമ്പയില്‍ മണല്‍ അടിഞ്ഞുകൂടിയ ഭൂരിഭാഗം തീരവും. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ ഉള്‍പ്പെടുന്ന വനഭൂമിയില്‍ നിന്ന് ഇവ നീക്കം ചെയ്യാന്‍ ദേവസ്വത്തിന് അധികാരമില്ലെന്നിരിക്കെ പ്രത്യേക ഉത്തരവ് ഇറക്കിയത് ദുരൂഹമാണ്.

ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടര്‍ പിന്നീട് ഇറക്കിയ ഉത്തരവില്‍ അവശിഷ്ടങ്ങള്‍ പമ്പാതടത്തില്‍ നിന്ന് നീക്കണമെന്ന് മാത്രമാണുള്ളത്. നിലക്കലിലേക്കോ, സമീപസ്ഥലങ്ങളിലേക്കോ അവശിഷ്ടം മാറ്റാമെന്നിരിക്കെ മണല്‍ നീക്കുന്നത് കോട്ടയം ജില്ലയിലെ എരുമേലിയിലേക്കാണ്. മണല്‍ നീക്കുന്ന കേരളാ ക്ലേയ്‌സിന് ആകട്ടെ ഈ രംഗത്ത് മുന്‍ പരിചയവുമില്ല. അവശിഷ്ടം നീക്കുന്നതിന്റെ മറവില്‍ പമ്പയിലെ കോടികള്‍ വിലമതിക്കുന്ന മണല്‍ ശേഖരം രണ്ട് സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കടത്താന്‍ സൗകര്യം ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്.

ചീഫ് സെക്രട്ടറി സ്ഥാനം ഒഴിയും മുന്‍പ് ടോം ജോസ് ഹെലികോപ്റ്ററില്‍ എത്തി ഈ വിഷയത്തില്‍ യോഗം വിളിച്ചതും വിവാദമാവുകയാണ്. വനംവകുപ്പിന്റെ കീഴില്‍ വരുന്ന വിഷയമായിട്ടും ജില്ലയില്‍ നടത്തിയ യോഗം മന്ത്രി കെ രാജു അറിഞ്ഞില്ല. സര്‍ക്കാര്‍ ഉത്തരവില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it