Kerala

എസ്ബിഐ ബ്രാഞ്ച് ആക്രമണം: എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ റിമാന്റില്‍

ഇവര്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ നോട്ടീസ് നല്‍കിയും വീടുകളില്‍ തിരച്ചില്‍ നടത്തിയും പോലിസ് സമ്മര്‍ദം ശക്തമാക്കുകയും ഒത്തുതീര്‍പ്പിന് ബാങ്ക് വഴങ്ങാതിരിക്കുകയും ചെയ്തതോടെയാണ് കീഴടങ്ങല്‍.

എസ്ബിഐ ബ്രാഞ്ച് ആക്രമണം: എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ റിമാന്റില്‍
X

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാംദിവസം സെക്രട്ടേറിയറ്റിനു മുന്നിലുള്ള എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസില്‍ കഴിഞ്ഞരാത്രി കീഴടങ്ങിയ ആറു എന്‍ജിഒ യൂനിയന്‍ നേതാക്കളെ കോടതി റിമാന്റ് ചെയ്തു. കേസിലെ മുഖ്യപ്രതികളായ യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു(ജിഎസ്ടി), തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ (സിവില്‍ സപ്ലൈസ്), നേതാക്കളായ ശ്രീവല്‍സന്‍ (ട്രഷറി ഡയറക്ടറേറ്റ്), ബിജുരാജ് (ആരോഗ്യ വകുപ്പ്), വിനുകുമാര്‍, സുരേഷ് എന്നിവരാണ് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

തിരുവനന്തപുരം ജൂഡീഷ്യല്‍ ഫസ്റ്റക്ലാസ് മജിസ്‌ട്രേറ്റാണ് ഇവരെ റിമാന്റ് ചെയ്തത്. പണിമുടക്ക് ദിവസം തുറന്ന് പ്രവര്‍ത്തിച്ച എസ്ബിഐ ട്രഷറി ബ്രാഞ്ചില്‍ എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ അതിക്രമിച്ച് കയറി അടിച്ച് തകര്‍ത്തത്. സിപിഎമ്മുമായി അടുത്ത് ബന്ധം പുലര്‍ത്തിയിരുന്ന നേതാക്കള്‍ അന്നുമുതല്‍ ഒളിവില്‍ പോയിരുന്നു. പാര്‍ട്ടിയാണ് സംരക്ഷണം ഒരുക്കുന്നതന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇവര്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ നോട്ടീസ് നല്‍കിയും വീടുകളില്‍ തിരച്ചില്‍ നടത്തിയും പോലിസ് സമ്മര്‍ദം ശക്തമാക്കുകയും ഒത്തുതീര്‍പ്പിന് ബാങ്ക് വഴങ്ങാതിരിക്കുകയും ചെയ്തതോടെയാണ് കീഴടങ്ങല്‍.

നേരത്തെ രണ്ട് പേര്‍ പിടിയിലായതോടെ ആകെയുള്ള 9 പ്രതികളില്‍ 8 പേരും പിടിയിലായി. അവശേഷിക്കുന്ന സെയില്‍ ടാക്‌സ് ജീവനക്കാരന്‍ അജയകുമാറിന് അക്രമണത്തില്‍ പങ്കില്ലെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്. ആക്രമണ ദൃശ്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യം ഉറപ്പ് വരുത്തുമെന്ന് പോലിസ് അറിയിച്ചു. കന്റോണ്‍മെന്റ് സിഐ അനില്‍ കുമാര്‍, എസ്‌ഐ ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഈ കേസില്‍ നേരത്തെ രണ്ടുനേതാക്കള്‍ കീഴടങ്ങിയിരുന്നു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റും എന്‍ജിഒ യൂനിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകനും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്ററും യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാലാലുമാണ് ആദ്യം കീഴടങ്ങിയത്. ബാങ്ക് ശാഖയിലുണ്ടായ അക്രമത്തില്‍ ഒരലക്ഷം രൂപയുടെ നഷ്ടമുണ്ട്.


Next Story

RELATED STORIES

Share it