Kerala

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ എസ്എഫ്ഐ- കെ എസ് യു സംഘർഷം(വീഡിയോ)

കല്ലേറിൽ കെ എസ് യു സംസ്ഥാന പ്രസിഡൻറ് അഭിജിത്തിന് പരിക്കേറ്റു. കെ.എസ്.യു പ്രവർത്തകന് നേരെ എസ്എഫ്ഐ ആക്രമണം നടന്നതാണ് നിലവിലെ സംഘർഷത്തിന് കാരണം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ എസ്എഫ്ഐ- കെ എസ് യു  സംഘർഷം(വീഡിയോ)
X



തിരുവനന്തപുരം:
യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും സംഘർഷം. എസ്എഫ്ഐ- കെ എസ് യു പ്രവർത്തകർ പരസ്പരം കല്ലേറ് നടത്തി. പോലിസ് കാഴ്ചക്കാരായതോടെ ഇരുവിഭാഗവും റോഡ് ഉപരോധിക്കുകയാണ്. കല്ലേറിൽ കെ എസ് യു സംസ്ഥാന പ്രസിഡൻറ് അഭിജിത്തിന് പരിക്കേറ്റു. കെ.എസ്.യു പ്രവർത്തകന് നേരെ ഇന്നു വീണ്ടും എസ്എഫ്ഐ ആക്രമണം നടത്തിയതാണ് നിലവിലെ സംഘർഷത്തിന് കാരണം.

കഴിഞ്ഞ ദിവസം യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ കെ എസ് യു പ്രവർത്തകനെ എസ് എഫ് ഐ നേതാവ് മർദ്ദിച്ചിരുന്നു. ഇതിന് തുടർച്ചയായി ഇന്നും മർദ്ദനം തുടർന്നതോടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലിനെ കാണാനെത്തി. എന്നാൽ എസ്എഫ്ഐക്കാർ കോളജിനകത്ത് സംഘടിച്ചതോടെ ഗേറ്റിന് പുറത്ത് കെ എസ് യു നേതാക്കളെ പോലിസ് തടഞ്ഞു. ഇതോടെ കെ എസ് യു പ്രവർത്തകർ ഗേറ്റ് ഉപരോധിച്ചു. ഇതിന് പിന്നാലെ ഇരു വിഭാഗവും വാക്കേറ്റം നടത്തുകയും പോലിസ് നോക്കിനിൽക്കെ എസ്എഫ്ഐക്കാർ കല്ലേറ് നടത്തുകയുമായിരുന്നു. സംഘർഷം വ്യാപിച്ചതോടെ ഇരുവിഭാഗവും കല്ലേറ് നടത്തി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലത്തെത്തി. വൻ പോലിസ് സന്നാഹവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. പരിക്കേറ്റ അഭിജിത് ആശുപത്രിയിലേക്ക് പോവാതെ ചോരയൊലിപ്പിച്ച് റോഡിൽ കുത്തിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും ഉപരോധത്തിൽ പങ്കെടുക്കുന്നു. അക്രമികളെ അറസ്റ്റ് ചെയ്യാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നാണ് ഇവരുടെ നിലപാട്. മറുവശത്ത് എസ്എഫ്ഐ പ്രവർത്തകരും റോഡ് ഉപരോധിക്കുന്നു. ഇരുവിഭാഗത്തിനും ഇടയിൽ പോലിസും നിലയുറപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it