Kerala

മഹേശന്റെ ആത്മഹത്യ ; വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് ശ്രീനാരായണ സേവാസംഘം ; വെള്ളാപ്പള്ളി നടേശന്റെ വസതിയിലേക്ക് നാളെ മാര്‍ച്ച്

മഹേശന്‍ എഴുതിയ കത്തിലൂടെ മരണത്തിനുത്തരവാദി വെള്ളാപ്പള്ളി നടേശനാണെന്ന് വ്യക്തമാണ്. അതുകൊണ്ടു തന്നെ എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും കാര്യദര്‍ശി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ മാറ്റി നിര്‍ത്തിയാവണം അന്വേഷണമെന്ന് ശ്രീനാരായണ സേവാസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു

മഹേശന്റെ ആത്മഹത്യ ; വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് ശ്രീനാരായണ സേവാസംഘം ; വെള്ളാപ്പള്ളി നടേശന്റെ വസതിയിലേക്ക് നാളെ മാര്‍ച്ച്
X

കൊച്ചി: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യോഗം യൂനിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ മരണം വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് ശ്രീനാരായണ സേവാസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഹേശന്‍ എഴുതിയ കത്തിലൂടെ മരണത്തിനുത്തരവാദി വെള്ളാപ്പള്ളി നടേശനാണെന്ന് വ്യക്തമാണ്. അതുകൊണ്ടു തന്നെ എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും കാര്യദര്‍ശി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ മാറ്റി നിര്‍ത്തിയാവണം അന്വേഷണമെന്നും അവര്‍ ആവശ്യപ്പെട്ടു.വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനും സന്തത സഹചാരിയുമായിരുന്നു കെ കെ മഹേശന്‍. അദ്ദേഹം മരിക്കുന്നതിന് മുമ്പ് എഴുതിയ കത്തുകള്‍ നടേശന്റെ ഭീകര രൂപം വെളിപ്പെടുത്തുന്നവയാണ്.

ചതി,അഴിമതി, ധനാപഹരണം,മാഫിയാ പ്രവര്‍ത്തനം അടക്കം പാതകങ്ങളുടെ നീണ്ട നിര തന്നെ വെളിവാക്കുന്നതാണ്.വെള്ളാപ്പള്ളി നടേശന്റെ ക്രൂരമായ ചെയ്തികളുടെ അവസാനത്തെ ഇരയാണ് മഹേശനെന്നും ഇവര്‍ പറഞ്ഞു.മഹേശന്റെ മരണത്തിനുത്തരവാദി വെള്ളാപ്പള്ളി നടേശനാണ്. യോഗം ജനറല്‍ സെക്രട്ടറി ആകുമ്പോള്‍ 40 ലക്ഷം രൂപയുടെ മാത്രം ആസ്തിയുണ്ടായിരുന്ന നടേശന്‍ ഇപ്പോള്‍ 2000ത്തിലധികം കോടിയുടെ ആസ്തിക്കുടമയായിത്തീര്‍ന്നിരിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി.പ്രഫ. എം കെ സാനു, ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എന്‍ ഡി പ്രേമചന്ദ്രന്‍, പി പി രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കണിച്ചുകുളങ്ങര ദേവസ്വംബോര്‍ഡ് ഖജാന്‍ജിയായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ വെള്ളാപ്പള്ളി നടേശനെയും കെ എല്‍ അശോകനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണിച്ചുകുളങ്ങര ദേവസ്വം ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തില്‍ നാളെ ഇരുവരുടെയും വസതികളിലേയ്ക്ക് കൊലക്കയര്‍ ശവമഞ്ച യാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം അഞ്ചിന് ദേവീക്ഷേത്ര തെക്കേനടയില്‍ നിന്നാണ് ഇരുവരുടെയും വസതികളിലേയ്ക്ക് മാര്‍ച്ച് നടത്തുന്നത്. ആത്മഹത്യയ്ക്ക് മുമ്പ് മഹേശന്‍ എഴുതിയ 32 പേജുള്ള കത്തില്‍ കണച്ചുകുളങ്ങര ദേവസ്വത്തില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ കോടികണക്കിന് രൂപയുടെ അഴിമതികള്‍ തുറന്ന് കാണിക്കുന്നതാണെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു.

ഭാര്യയ്ക്ക് എഴുതിയ കത്തില്‍ മരണത്തിന് ഉത്തരവാദികള്‍ വെള്ളാപ്പള്ളി നടേശനും കെഎല്‍ അശോകനുമാണെന്ന് അടിവരയിടുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തിരമായി പോലിസ് വെള്ളാപ്പള്ളി നടേശനെയും അശോകനെയും അറസ്റ്റ് ചെയ്യുവാന്‍ തയാറാകണം. ഇവര്‍ നടത്തിയ കോടികളുടെ തട്ടിപ്പ് നിയമത്തിന് മുന്നില്‍ കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഭാരിവാഹികള്‍ ആവശ്യപ്പെട്ടു. ജനാധിപത്യവേദി ജനറല്‍ സെക്രട്ടറി സിഎസ് ഋഷി, , രക്ഷാധികാരി എം കരുണാകരന്‍, എജി ഗുപ്തന്‍, ഷാജി വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it