Kerala

പൂപ്പത്തിയിലെ ചക്ക സംസ്കരണ യൂനിറ്റില്‍ കൃഷി വകുപ്പുമന്ത്രി സന്ദർശനം നടത്തി

ചക്ക കൂടാതെ മറ്റ് കാർഷിക ഉത്പ്പനങ്ങളായ പൈനാപ്പിള്‍, കശുമാങ്ങ, മാങ്ങ തുടങ്ങിയവയില്‍ നിന്നും മൂല്യവർധിത വസ്തുക്കൾ ഉത്പ്പാദിപ്പിക്കാനും അത് നാട്ടിലും മറുനാടുകളിലും വിതരണം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കും.

പൂപ്പത്തിയിലെ ചക്ക സംസ്കരണ യൂനിറ്റില്‍ കൃഷി വകുപ്പുമന്ത്രി സന്ദർശനം നടത്തി
X

തൃശൂർ: കേരള അഗ്രോ ഇന്റസ്ട്രീസ് കോർപറേഷന്റെ കീഴിലുള്ള പൂപ്പത്തിയിലെ ചക്ക സംസ്കരണ യൂനിറ്റില്‍ കൃഷി വകുപ്പുമന്ത്രി പി പ്രസാദ് സന്ദർശനം നടത്തി. ചക്ക ഫാക്ടറിയിലെ നടപടികൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വിഷയങ്ങൾ പഠിച്ച് വേണ്ട മാർഗ നിർദേശങ്ങൾ നൽകാൻ വിദഗ്ധരടങ്ങുന്ന ഒരു സംഘം ഒരു മാസത്തിനകം യൂനിറ്റ് സന്ദർശിക്കുമെന്ന് മന്ത്രി പറഞ്ഞു.

ചക്ക കൂടാതെ മറ്റ് കാർഷിക ഉത്പ്പനങ്ങളായ പൈനാപ്പിള്‍, കശുമാങ്ങ, മാങ്ങ തുടങ്ങിയവയില്‍ നിന്നും മൂല്യവർധിത വസ്തുക്കൾ ഉത്പ്പാദിപ്പിക്കാനും അത് നാട്ടിലും മറുനാടുകളിലും വിതരണം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനാവശ്യമായ സാമ്പത്തികം കണ്ടെത്താൻ ബാങ്കുകളുമായി ബന്ധപ്പെടും. വി ആർ സുനിൽകുമാർ എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് തുക ലഭ്യമാക്കാനും ആലോചന നടക്കുന്നുണ്ട്.

മന്ത്രിക്കൊപ്പം വി ആർ സുനിൽകുമാർ എംഎൽഎ, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ ഉണ്ടായിരുന്നു. ആഘോഷപൂര്‍വ്വമായ ഉദ്ഘാടനം കഴിഞ്ഞ് ആവശ്യമായ മുതല്‍ മുടക്കോ മെഷിനറികളോ ഇല്ലാതെ ഏതാനും കരാര്‍ തൊഴിലാളികളുമായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കയാണിപ്പോള്‍ ചക്ക ഫാക്ടറി.

Next Story

RELATED STORIES

Share it