Kerala

ലക്ഷദ്വീപ് നിവാസികളുടെ യാത്രാ ക്ലേശം അടിയന്തരമായി പരിഹരിക്കണം: എസ്ഡിപിഐ

ലക്ഷദ്വീപ് നിവാസികളുടെ യാത്രാ ക്ലേശം അടിയന്തരമായി പരിഹരിക്കണം: എസ്ഡിപിഐ
X

കൊച്ചി: കപ്പല്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ച് ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു. കൊച്ചി- ലക്ഷദ്വീപ്, ബേപ്പൂര്‍- ലക്ഷദ്വീപ് റൂട്ടില്‍ മുമ്പ് ഏഴ് കപ്പലുകള്‍ സര്‍വീസ് നടത്തിയിരുന്നു. അവയുടെ എണ്ണം പിന്നീട് മൂന്നായി ചുരുക്കി. തുടര്‍ന്ന് ബേപ്പൂരുമായുള്ള യാത്രാബന്ധം അവസാനിപ്പിക്കുകയായിരുന്നു. സാങ്കേതിക പ്രശ്നം ഉന്നയിച്ച് കൊച്ചിയില്‍ നിന്നുള്ള സര്‍വീസ് നിലവില്‍ ഒന്നിലേക്ക് പരിമിതപ്പെടുത്തുകയാണ്. ഇത് ലക്ഷദ്വീപ് നിവാസികളോടുള്ള വെല്ലുവിളിയാണ്.

ക്രിസ്മസ്- പുതുവത്സര അവധിക്കാലമെത്തിയതോടെ വിദ്യാര്‍ഥികളും ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് മറുകരയെ ആശ്രയിക്കുന്ന രോഗികളുമാണ് കപ്പല്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. നിലവില്‍ സര്‍വീസ് നടത്തുന്ന എം വി ലഗൂണില്‍ 400 പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. 700 പേര്‍ക്ക് കയറാവുന്ന എം വി കവരത്തി, 400 സീറ്റുകള്‍ വീതമുള്ള എം വി, കോറല്‍ എന്നീ കപ്പലുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി മുംബൈ ഡോക്കിലാണുള്ളത്. അവയുടെ അറ്റകുറ്റപ്പണികള്‍ എന്നു തീരുമെന്നു പോലും അധികൃതര്‍ക്ക് വ്യക്തതയില്ല. യാത്രാ ദുരിതത്തിന് പരിഹാരമായി കൊച്ചി, മംഗലാപുരം പോര്‍ട്ടുകളെ കേന്ദീകരിച്ച് മൂന്ന് ഹൈസ്പീഡ് ക്രാഫ്റ്റ് (എച്ച് എസ് സി) ഷട്ടില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് അധികൃതരുടെ നീക്കം.

എച്ച് എസ് സി പരലി, വലിയപാനി, ചെറിയപാനി എന്നീ വെസ്സലുകളില്‍ 150 പേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാനാകുന്നത്. ഇതിലാവട്ടെ ഓണ്‍ലൈന്‍ ടിക്കറ്റുകളും അഡ്മിനിസ്ട്രേഷന്‍, പോര്‍ട്ട്, മെഡിക്കല്‍ ക്വാട്ടയും വിനോദ സഞ്ചാരികള്‍ക്കുള്ള വകയും കഴിഞ്ഞാല്‍ അവശേഷിക്കുന്ന നാമമാത്രമായ ടിക്കറ്റുകളെ വിദ്യാര്‍ഥികളും അധ്യാപകരും ജോലിക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി കരയിലെത്തുന്നവരുമായ ലക്ഷദ്വീപുകാര്‍ക്ക് ലഭിക്കൂ. കൂടാതെ നിര്‍ത്തലാക്കിയ ബേപ്പൂര്‍ കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നതില്‍ നിഷേധാല്‍മക നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. അധികൃതരുടെ ദുഷ്ടലാക്ക് മൂലം ദ്വീപ് നിവാസികള്‍ ചെകുത്താനും കടലിനും നടുക്ക് എന്ന അവസ്ഥയിലാണ്. അവരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സത്വരവും സമഗ്രവുമായ നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.



സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി ആര്‍ സിയാദ്, പി പി റഫീഖ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, പി കെ ഉസ്മാന്‍, സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജോണ്‍സണ്‍ കണ്ടച്ചിറ, പി ജമീല, മഞ്ജുഷ മാവിലാടം, എം എം താഹിര്‍, ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, സെക്രട്ടറിയേറ്റംഗങ്ങള്‍, പ്രവര്‍ത്തക സമിതിയംഗങ്ങള്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it